Latest News

മാല കവര്‍ന്ന യുവാക്കളെ സിനിമാ സ്‌റ്റൈലില്‍ പിടികൂടി

ഹരിപ്പാട്: [www.malabarflash.com] കടയില്‍ സാധനം വാങ്ങാനെന്ന വ്യാജേന എത്തി കച്ചവടക്കാരിയായ വയോധികയുടെ ഒന്നര പവന്റെ സ്വര്‍ണമാല പൊട്ടിച്ച് ബൈക്കില്‍ കടന്നു കളഞ്ഞ യുവാക്കളെ പോലീസും നാട്ടുകാരും ചേര്‍ന്ന് സാഹസികമായി പിടികൂടി. ഒന്നര മണിക്കൂര്‍ തൃക്കുന്നപ്പുഴ ഗ്രാമത്തെ മുള്‍മുനയില്‍ മോഷ്ടാക്കള്‍ എസ്‌ഐ കെ.ടി. സന്ദീപിന്റെ നേതൃത്വത്തില്‍ പോലീസും നാട്ടുകാരും ചേര്‍ന്നു നടത്തിയ നീക്കത്തിലാണ് പിടിയിലായത്. കായംകുളം പത്തിയൂര്‍ സ്വദേശികളായ പാലറക്കല്‍വീട്ടില്‍ അജയ്(18) വെളുത്തറ വടക്കതില്‍ ലക്ഷംവീട്ടില്‍ നാദിര്‍ഷ(20) എന്നിവരാണ് പോലീസ് പിടിയിലായത്.

വ്യാഴാഴ്ച ഉച്ചകഴിഞ്ഞു ത്രിക്കുന്നപ്പുഴ പപ്പന്‍മുക്കിലായിരുന്നു സംഭവം. പള്‍സര്‍ ബൈക്കില്‍ എത്തിയ രണ്ടു യുവാക്കള്‍ ഇവിടെ കട നടത്തുന്ന പള്ളിപ്പാട്ടുമുറി തെക്കേപ്പറമ്പില്‍ കൈരളിയുടെ (70) കടയിലെത്തി സിഗററ്റ് ആവശ്യപ്പെടുകയും സാധനം എടുക്കുന്നതിനിടെ വൃദ്ധയുടെ കഴുത്തില്‍ കിടന്ന ഒന്നരപവന്റെ സ്വര്‍ണമാല പൊട്ടിച്ച് കടന്നുകളയുകയുമായിരുന്നു. കൈരളി നിലവിളിച്ചപ്പോഴേക്കും അതിവേഗത്തില്‍ മോഷ്ടാക്കള്‍ കടന്നിരുന്നു. ഓടിയെത്തിയ നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചു.പോലീസ് സ്റ്റേഷനില്‍ നിന്ന് ആലപ്പുഴയ്ക്കുള്ള യാത്രയിലായിരുന്നു എസ്‌ഐ. വിവരം അറിഞ്ഞ് ജീപ്പ് തിരിച്ചു. മോഷ്ടാക്കളുടെ അടയാളം എസ്‌ഐയെ ധരിപ്പിച്ചിരുന്നു.

തോട്ടപ്പള്ളി ഭാഗത്തേക്ക് വേഗത്തില്‍ പോകുന്ന ബൈക്ക് കണ്ട പോലീസ് വാഹനം പിന്തുടര്‍ന്നു. വാഹനക്കുരുക്കിലെത്തിയപ്പോള്‍ മോഷ്ടക്കള്‍ വേഗം കൂട്ടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതിനിടെ മറ്റൊരുവാഹനത്തെ വെട്ടിച്ച ജീപ്പ് മതിലിലിടിച്ച് എസ്‌ഐക്കും ഡ്രൈവര്‍ക്കും പരിക്കേറ്റു.

തകര്‍ന്ന വാഹനത്തില്‍ തന്നെ മോഷ്ടാക്കളെ പിന്തുടര്‍ന്നപ്പോള്‍ റോഡില്‍ ബൈക്ക് ഉപേക്ഷിച്ച നിലയില്‍ കണ്ടു.തുടര്‍ന്ന് നാട്ടുകാരുമായി നടത്തിയ പരിശോധനയിലാണ് വെള്ളക്കെട്ടില്‍ ഒളിച്ച പ്രതികളെ പിടികൂടിയത്.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.