Latest News

വിദ്യാര്‍ഥിനിയെ മയക്കുമരുന്നു കുത്തിവച്ചു വാട്ടര്‍ടാങ്കില്‍ തള്ളി

മൂവാറ്റുപുഴ:[www.malabarflash.com] മോഷ്ടിക്കാനെത്തിയതെന്നു സംശയിക്കുന്നയാള്‍ സിറിഞ്ചില്‍ കരുതിയിരുന്ന ദ്രാവകം പെണ്‍കുട്ടിയുടെ കയ്യില്‍ കുത്തിവച്ചു ബോധം കെടുത്തിയ ശേഷം വീട്ടിലെ വാട്ടര്‍ ടാങ്കിലേക്കു തള്ളിയിട്ടതായി പരാതി. രണ്ടാര്‍ തണ്ണിക്കോട്ട് ജോര്‍ജിന്റെ മകള്‍ അന്ന (15) ആണ് ആക്രമണത്തിനിരയായത്. ടാങ്കിനു മുകളില്‍ വിദ്യാര്‍ഥിനിയുടെ കൈ കണ്ട ഇരട്ടസഹോദരി ബഹളം വച്ചതിനെ തുടര്‍ന്നു നാട്ടുകാരെത്തി അന്നയെ രക്ഷിച്ചു. മോഷ്ടാവ് രക്ഷപ്പെട്ടു. കടുത്ത പനിയും വിറയലും ബാധിച്ച അന്നയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കയ്യില്‍ മുറിവുകളുമുണ്ട്.

സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നത്: ആവോലി പഞ്ചായത്തിലെ ജീവനക്കാരനായ ജോര്‍ജിന്റെയും മൂവാറ്റുപുഴ മര്‍ച്ചന്റ് അസോസിയേഷന്‍ സഹകരണ സംഘത്തിലെ ജീവനക്കാരിയായ ഭാര്യ മേരിയുടെയും ഇരട്ടമക്കളായ അന്നയും ബ്രിജിത്തും മാത്രമാണു വീട്ടിലുണ്ടായിരുന്നത്. നിര്‍മല പബ്ലിക് സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനികളായ ഇവര്‍ പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഉച്ചയ്ക്കു രണ്ടരയോടെ കോളിങ് ബെല്‍ കേട്ടാണ് അന്ന വാതില്‍ തുറന്നത്.

പുറത്ത് ആരെയും കണ്ടില്ല. തിരിച്ചുകയറുന്നതിനിടെ കസേരയുടെ മറവില്‍ ഒളിച്ചിരുന്ന മോഷ്ടാവിനെ കണ്ട് അന്ന ബഹളം വച്ചു. ഇതോടെ ഇയാള്‍ അന്നയെ കയറിപ്പിടിച്ചു വായ്‌പൊത്തി. തുടര്‍ന്നു സിറിഞ്ച് ഉപയോഗിച്ചു കയ്യില്‍ കുത്തി. ഇതോടെ ബോധം നഷ്ടപ്പെട്ട അന്നയുടെ കൈകള്‍ പ്ലാസ്റ്റര്‍ കൊണ്ടു കൂട്ടിക്കെട്ടി സമീപത്തുള്ള വാട്ടര്‍ ടാങ്കിലേക്കിടുകയായിരുന്നു. ശബ്ദം കേട്ട് ബ്രിജിത് ഓടിയെത്തിയപ്പോഴേക്കും മോഷ്ടാവ് സ്ഥലം വിട്ടു.

അന്നയെ അന്വേഷിച്ചുനടന്ന ബ്രിജിത് കുറേ കഴിഞ്ഞാണു വാട്ടര്‍ ടാങ്കിന്റെ മുകളിലേക്ക് അന്നയുടെ കൈ ഉയര്‍ന്നുനില്‍ക്കുന്നതു കണ്ടത്. ബ്രിജിത്തിന്റെ നിലവിളി കേട്ടു നാട്ടുകാര്‍ ഓടിയെത്തി അന്നയെ ടാങ്കില്‍ നിന്നു പുറത്തെടുത്തു. മണിക്കൂറുകളോളം അന്ന അബോധാവസ്ഥയിലായിരുന്നു. അക്രമി ഹിന്ദിയിലാണു സംസാരിച്ചതെന്ന് അന്ന പൊലീസിനോടു പറഞ്ഞു. രക്തപരിശോധനാ റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ കയ്യില്‍ എന്തു മരുന്നാണു കുത്തിവച്ചതെന്നു പറയാന്‍ കഴിയൂ എന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.




Keywords: Kottayam News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.