Latest News

വൈദ്യുതി മുടങ്ങി, ജീവനക്കാര്‍ പണിമുടക്കില്‍;നാട്ടുകാര്‍ കെഎസ്ഇബി ഓഫീസ് പൂട്ടി

ഉരുവച്ചാല്‍(കണ്ണൂര്‍): പഴശി സബ്‌സ്റ്റേഷനില്‍ വൈദ്യുതി നിലച്ചത് ആയിരക്കണക്കിന് ഉപഭോക്താക്കളെ ദുരിതത്തിലാക്കി. ചൊവ്വാഴ്ച അര്‍ധരാത്രിയോടെയാണ് പഴശി സബ്‌സ്റ്റേഷനിലെ വൈദ്യുതി നിലച്ചത്.

കാഞ്ഞിരോട് നിന്ന് പഴശി സബ് സ്റ്റേഷനിലേക്കുള്ള 110 കെവി ലൈനില്‍ കൂടാളി കുംഭത്ത് തെങ്ങ് കടപുഴകി വൈദ്യുതി ലൈനില്‍ വീണതിനെത്തുടര്‍ന്നാണ് വൈദ്യുതി നിലയ്ക്കാന്‍ കാരണമെന്നു പറയുന്നു.

പഴശി സബ്‌സ്റ്റേഷനു കീഴില്‍ വരുന്ന ഉരുവച്ചാല്‍, പഴശി, കയനി, കരേറ്റ, മാലൂര്‍ പഞ്ചായത്ത് മുഴുവന്‍ പ്രദേശങ്ങളിലും നടുവനാട്, കോളാരി, 21-ാം മൈല്‍ എന്നിവടങ്ങളിലുമാണ് വൈദ്യുതി നിലച്ചത്.

പൊതുപണിമുടക്ക് കാരണം ശിവപുരം കെഎസ്ഇബി ഓഫീസില്‍ ജീവനക്കാര്‍ എത്താത്തതിനാല്‍ ബുധനാഴ്ച ഓഫീസ് തുറന്നു പ്രവര്‍ത്തിച്ചില്ല. പണിമുടക്ക് അവസാനിച്ചതിനുശേഷമേ തകരാര്‍ പരിഹരിച്ച് വൈദ്യുതി പുനഃസ്ഥാപിക്കൂ എന്നായിരുന്നു അധികൃതരുടെ ഭാഗത്തുനിന്നു കിട്ടിയ അറിയിപ്പ്. വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാത്ത നടപടിയില്‍ പ്രതിഷേധിച്ച് ശിവപുരം കെഎസ്ഇബി ഓഫീസിനടുത്തും ടൗണിലും നാട്ടുകാര്‍ പ്രതിഷേധപ്രകടനം നടത്തി. കെഎസ്ഇബി ഓഫീസിനു പൂട്ടിടുകയുംചെയ്തു.

മാലൂര്‍ എസ്‌ഐ യു.പി. വിപിന്‍ കെഎസ്ഇബി അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ ജീവനക്കാര്‍ സമരത്തിലാമെന്നായിരുന്നു മറുപടി. മാലൂര്‍ എസ്‌ഐയുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹം ശിവപുരത്ത് നിലയുറിപ്പിച്ചിട്ടുണ്ട്. ശിവപുരത്ത് കെഎസ്ഇബി ജീവനക്കാരുടെ നടപടിയില്‍ ശിവപുരം കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റി പ്രതിഷേധിച്ചു.




 
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.