Latest News

സ്വര്‍ണക്കടത്ത് വിവരം നല്‍കിയാല്‍ ഒന്നരലക്ഷം കിട്ടും

തിരുവനന്തപുരം: [www.malabarflash.com] സ്വര്‍ണക്കടത്തിനെക്കുറിച്ചുള്ള വിവരം നല്‍കിയാല്‍ കിലോയ്ക്ക് ഒന്നരലക്ഷം രൂപ പ്രതിഫലവുമായി കേന്ദ്ര ഏജന്‍സികള്‍. വര്‍ദ്ധിച്ച് വരുന്ന സ്വര്‍ണക്കടത്ത് തടയുന്നതിനാണ് മൂന്നിരട്ടി പ്രതിഫലം നല്‍കുന്നത്.

കേന്ദ്ര ഏജന്‍സികളായ കസ്റ്റംസ്, റവന്യൂ ഇന്റലിജന്‍സ് എന്നീ ഏജന്‍സികളാണ് രഹസ്യവിവരം നല്‍കുന്നയാള്‍ക്ക് കനത്ത പ്രതിഫലം നല്‍കുന്നത്. ഇത് സംബന്ധിച്ച് കേന്ദ്രഏജന്‍സികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. 

സംസ്ഥാനത്തെ മൂന്ന് വിമാനത്താവളങ്ങള്‍ വഴിയും കടല്‍മാര്‍ഗ്ഗവും വന്‍ സ്വര്‍ണക്കടത്താണ് നടക്കുന്നത്. ഇവരില്‍ മിക്കവരെയും പിടിക്കപ്പെടാറില്ല. രഹസ്യസന്ദേശത്തെ തുടര്‍ന്നാണ് ഇവര്‍ പിടിയിലാകുന്നത്. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ പ്രതിഫലതുക മൂന്നിരട്ടിയാക്കിയത്. കഴിഞ്ഞവര്‍ഷം അന്‍പതിനായിരമാണ് ഒരു കിലോ സ്വര്‍ണത്തിന് പ്രതിഫലമായി നല്‍കിയിരുന്നത്.

കേന്ദ്ര ഏജന്‍സിയായ റവന്യൂ ഇന്റലിജന്‍സ് കഴിഞ്ഞ ദിവസം ദുബായില്‍ നിന്നെത്തിയ ഇന്‍ഡിഗോ വിമാനത്തിന്റെ ടോയ്‌ലറ്റില്‍ ഒളിപ്പിച്ചനിലയില്‍ രണ്ടേകാല്‍ കോടിയുടെ സ്വര്‍ണക്കട്ടികള്‍ പിടിച്ചെടുത്തിരുന്നു. രഹസ്യസന്ദേശത്തെ തുടര്‍ന്നാണ് റവന്യൂ ഇന്റലിജന്‍സിന്റെ തിരുവനന്തപുരം യൂണിറ്റ് ഉടമസ്ഥനില്ലാത്ത എട്ട് സ്വര്‍ണക്കട്ടികള്‍ കണ്ടെടുത്തത്. ആദ്യമായാണ് തിരുവനന്തപുരത്ത് നിന്ന് ഡി.ആര്‍.ഐ. സംഘം ഇത്രയധികം സ്വര്‍ണം പിടികൂടുന്നത്. ഇതേക്കുറിച്ച് അന്വേഷണം നടത്തിവരുന്നുണ്ട്.

മൂന്ന് മാസം മുന്‍പ് ശ്രീലങ്കയില്‍ നിന്നെത്തിയ കുടുംബം അരകോടിയോളം രൂപയുടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ചിരുന്നു. മൂന്ന് വയസ്സും പത്ത് വയസ്സുമുള്ള പെണ്‍കുട്ടികളുടെ ശരീരത്തില്‍ 100 ഗ്രാമിന്റെ ബിസ്‌ക്കറ്റുകള്‍ ശരീരത്തോട് ചേര്‍ത്ത് ഒട്ടിച്ചാണ് കടത്താന്‍ ശ്രമിച്ചത്. തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസ് കഴിഞ്ഞ എട്ട് മാസത്തിനിടെ ഇത്തരത്തില്‍ അഞ്ച് കിലോ സ്വര്‍ണമാണ് പിടിച്ചെടുത്തത്. കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റ് നാല് കിലോയുമാണ് പിടികൂടിയത്.

വിദേശത്ത് ആറുമാസം തങ്ങുന്ന ഒരാള്‍ ഒരു കിലോ സ്വര്‍ണം കൊണ്ടുവന്നാല്‍ ഇയാളില്‍നിന്ന് പത്ത് ശതമാനം നികുതിയാണ് ഈടാക്കുക. ആറുമാസം പൂര്‍ത്തിയാകാതെ എത്തുന്നവര്‍ 36 ശതമാനം നികുതി നല്‍കേണ്ടിവരും.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.