Latest News

കാസര്‍കോട്ടെ പ്രേതം ഇപ്പോള്‍ രാമനാട്ടുകരയിലാണ്

കോഴിക്കോട്: [www.malabarflash.com] പരിഷ്‌കൃതലോകത്തിന്റെ വാര്‍ത്താ വിനിമയോപാധികളാണു സാമൂഹിക മാധ്യമങ്ങള്‍. പക്ഷേ, അവയില്‍ പ്രചരിക്കുന്നതാകട്ടെ ആളെപ്പേടിപ്പിക്കുന്ന അറുപഴഞ്ചന്‍ അന്ധവിശ്വാസങ്ങളും. കൊല്ലത്തെയും കോട്ടയത്തെയും കരിമനുഷ്യന്‍ (ബ്ലാക്മാന്‍) മുതല്‍ കോഴിക്കോട് രാമനാട്ടുകരയില്‍ റോഡിലിറങ്ങി നടക്കുന്ന പ്രേതം വരെ എത്തിനില്‍ക്കുകയാണു കുബുദ്ധികളുടെ പ്രചാരവേലകള്‍.

രാമനാട്ടുകരയിലെ പ്രേതമാണു കുറച്ചുദിവസങ്ങളായി വാട്‌സ്ആപ്പിലെ താരം. ദേശീയപാതയില്‍ വിലസുന്ന പ്രേതത്തിന്റെ വിവിധ പോസിലുള്ള നാലുചിത്രങ്ങളാണു വാട്‌സ്ആപ്പില്‍ വൈറലാകുന്നത്. ബസിനു മുകളിലും കാറിനു മുന്നിലും ഓരോന്ന്, നടുറോഡില്‍ വേറൊരെണ്ണം, ...ന്റമ്മോ, റോഡരികില്‍ വിശ്വരൂപം കാട്ടിയതാ മറ്റൊന്ന്.


തൊണ്ടയാട്രാമനാട്ടുകര ബൈപാസില്‍ അഴിഞ്ഞിലം ജംഗ്ഷനു സമീപമാണത്രേ പ്രേതത്തിന്റെ വിഹാരരംഗം. ഇതേ സ്ഥലത്ത് ദിവസങ്ങള്‍ക്കു മുമ്പ് അയ്പ്പയഭക്തര്‍ സഞ്ചരിച്ചിരുന്ന സ്വിഫ്റ്റ് കാറും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ചു മൂന്നുപേര്‍ മരിച്ചതിനേത്തുടര്‍ന്നാണു ചിലര്‍ പ്രേതപ്പേടി പരത്താനാരംഭിച്ചത്.

അപകടമേഖലയായ ഇവിടെ അതിനുശേഷം ചെറുതും വലുതുമായി സംഭവിച്ച അപകടങ്ങളെല്ലാം പ്രേതത്തിന്റെ അക്കൗണ്ടിലായി. ഇപ്പോള്‍ വാട്‌സ്ആപ്പില്‍ പ്രചരിക്കുന്ന ചിത്രം കഴിഞ്ഞവര്‍ഷം ഫേസ് ബുക്കില്‍ ആരോ ചേര്‍ത്തതാണെന്നു ചില ഡിറ്റക്ടീവുകള്‍ കണ്ടെത്തിയിട്ടുണ്ട്.

അന്നു കര്‍ണാടകയിലെ ദേശീയപാതയായിരുന്നത്രേ പ്രേതഭൂമി. അതിന് ശേഷം കാസര്‍കോട്ടും പ്രേതമെത്തിയതായി ചിലര്‍ വാട്‌സ്ആപ്പില്‍ പ്രചരിപ്പിച്ചെങ്കിലും അത് ചില വാട്സ് രോഗികളുടെ തെമ്മാടിത്തരമെന്ന് മുദ്രകുത്തി തളളിക്കളഞ്ഞിരുന്നു. കാസര്‍കോട് നിന്നും പുറന്തളളിയതോടെയാണ് പ്രേതം രാമനാട്ടുകരിയിലെത്തിയത്.

ചിത്രത്തില്‍ കാണുന്ന പാതയോരം അഴിഞ്ഞിലം ജംഗ്ഷനോടു സാമ്യമുള്ളതാണ്. ദീര്‍ഘദൂര ബസ് യാത്രക്കാരാണ് ആദ്യം പ്രേതവാര്‍ത്ത പുറത്തുവിട്ടതെന്നു പ്രദേശവാസികള്‍ ആരോപിക്കുന്നു. പ്രേതം നടുറോഡില്‍ നില്‍ക്കുകയായിരുന്നെന്നും ഡ്രൈവര്‍ ബ്രേക്കിട്ടപ്പോള്‍ മറഞ്ഞെന്നുമായിരുന്നു അവകാശവാദം. 

ഏതായാലും പ്രേതത്തെ വാട്‌സ്ആപ്പിലെടുത്തതോടെ ദുര്‍ബലമനസ്‌കരായ ചില പ്രദേശവാസികള്‍ രാത്രി വീടിനു വെളിയില്‍ ഇറങ്ങുന്നില്ലെന്നാണു വിവരം. ഇതുവഴി ചീറിപ്പാഞ്ഞിരുന്നവര്‍ ഡ്രൈവിങ്ങില്‍ അല്‍പം ജാഗ്രത പുലര്‍ത്തുന്നതു മാത്രമാണു പ്രേതത്തെക്കൊണ്ടുണ്ടായ ഒരേയൊരു ഗുണം.




Keywords:Kerla News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.