Latest News

കൊല്‍ക്കത്തയിലെ ചുവന്ന തെരുവായ സോനാഗാച്ചിയുടെ ഞെട്ടിക്കുന്ന കാഴ്ചകള്‍…!

ഏഷ്യയിലെ രണ്ടാമത്തെ വലിയ ചുവന്ന തെരുവായ കൊല്‍ക്കത്തയിലെ സോനാഗാച്ചിയുടെ ഞെട്ടിക്കുന്ന കാഴ്ചകള്‍ പുറത്തുവന്നു. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ മള്‍ട്ടിമീഡിയാ ജേണലിസ്റ്റ് സൗവിദ്‌ ദത്തയാണ് സോനാഗാച്ചിയിലെ അമ്പരപ്പിക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്. [www.malabarflash.com]


13000 ത്തോളം സ്ത്രീകള്‍ കുടുങ്ങിക്കിടക്കുന്ന വലിയ അധോലോകമാണ് സോനാഗാച്ചിയിലേത്. 14 വയസ്സുമുതലുള്ള പെണ്‍കുട്ടികള്‍ ഇവിടേക്ക് കച്ചവടം ചെയ്യപ്പെട്ടും ചതിക്കപ്പെട്ടും എത്തുന്നുണ്ട്. ദിനം പ്രതി ചെറിയ തുകയ്ക്ക് ഇവര്‍ ഓരോരുത്തരും ബലാല്‍സംഗം ചെയ്യപ്പെടുന്നു. ഗുണ്ടാ സംഘങ്ങളാലും ക്രിമിനല്‍ ഗ്യാങ്ങുകളാലും വലയം ചെയ്യപ്പെട്ട സോനാഗാച്ചിയില്‍ എല്ലാ നിയമങ്ങളും പാഴ്വാക്കാണ്.  [www.malabarflash.com]

പൊലീസിനും രാഷ്ട്രീയക്കാര്‍ക്കും കൈക്കൂലി നല്‍കിയാണ് ഈ ലൈംഗിക പീഡന കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. മുഖ്യധാരാ ജീവിതത്തിന് പുറത്ത്, ഓരങ്ങളില്‍, നിരന്തര പീഡനങ്ങള്‍ക്ക് വിധേയമാവുന്ന ഇവിടത്തെ സ്ത്രീകളെ രക്ഷിക്കാനോ ഈ നിയമവിരുദ്ധത അവസാനിപ്പിക്കാനോ ബംഗാള്‍ ഭരിച്ച ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഇന്നേ വരെ തയ്യാറായിട്ടുമില്ല.


അതിര്‍ത്തി സംസ്ഥാനങ്ങളില്‍ സ്കൂളിലേക്കു പോവുന്ന വഴിക്ക് തട്ടിക്കൊണ്ടുപോവപ്പെട്ട് ഇവിടെ എത്തിയ 14 വയസ്സുകാരികള്‍ ഉള്‍പ്പടെ അനേകം സ്ത്രീകളെ നേരില്‍ കണ്ട് സംസാരിച്ചാണ് സൌവിദ് ഈ ഞെട്ടിക്കുന്ന കാഴ്ചകള്‍ ക്യാമറയില്‍ പകര്‍ത്തിയത്. രാത്രി കാലങ്ങളില്‍ ഇരുണ്ട വേശ്യാലയ മുറികളില്‍നിന്ന് ഇവരുടെ നിര്‍ത്താത്ത നിലവിളികള്‍ കേള്‍ക്കാറുള്ളതായി സൗവിദ്‌ എഴുതുന്നു. ഇന്നേരങ്ങളില്‍ സ്ഥലത്തെ പൊലീസ് ക്രിമിനല്‍ നേതാക്കന്‍മാരുടെ ആതിഥ്യം സ്വീകരിച്ച് ഈ ക്രൂരതയില്‍ തങ്ങളുടേതായ വിഹിതവും നല്‍കുന്നതായി സൗവിദിന്റെ കുറിപ്പില്‍ പറയുന്നു. 


സോനാഗാച്ചിയിലെ ചോര ഇന്ത്യയെ കാണിക്കാനാണ് ഈ ശ്രമമെന്ന് സൗവിദ് പറയുന്നു. ശരിയാണ്, പെണ്ണുടലുകളെ ഇറച്ചി മാത്രമായി കാണുന്നവര്‍ക്കു പോലും ഞെട്ടലുണ്ടാക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍, യാതൊരു അലങ്കാരങ്ങളുമില്ലാതെ പച്ചയ്ക്കു പകര്‍ത്തുകയാണ് സൗവിദിന്റെ ക്യാമറ. ഒളിച്ചു നോട്ടക്കാരന്റെ വഷളന്‍ നോട്ടമല്ല, വേദനയും രോഷവും സഹതാപവും കരുണയും പുകയുന്ന കണ്ണുകളാണ് ഈ ക്യാമറയ്ക്കു പിന്നിലെന്ന് ഈ ചിത്രങ്ങള്‍ സാക്ഷ്യം വഹിക്കുന്നു. ഇനിയെങ്കിലും ഈ ക്രൂരതയ്ക്കെതിരെ നമ്മുടെ മനസ്സ് ഉണരണമെന്നു ഉറപ്പിച്ചു പറയുന്നതാണ് സൗവിദിന്റെ ചിത്രങ്ങള്‍. ഏറെ കാലം നമ്മെ വേട്ടയാടുന്നതാണ് പച്ചയായ ആ കാഴ്ചകള്‍.


1990ല്‍ മുംബൈയില്‍ ജനിച്ച് കൊല്‍ക്കത്തയിലും ലണ്ടനിലുമായി വളര്‍ന്ന സൗവിദ് ദത്ത 2013 മുതല്‍ മള്‍ട്ടി മീഡിയാ ജേണലിസ്റ്റായി പ്രവര്‍ത്തിക്കുകയാണ്. ലോകമെങ്ങുമുള്ള വാര്‍ത്താ ഇടങ്ങളില്‍ ക്യാമറയുമായി ചെല്ലുന്ന സൗവിദ് സാഹസികമായാണ് സോനാഗാച്ചിയില്‍ കടന്ന് ചിത്രങ്ങള്‍ പകര്‍ത്തിയത്. മാധ്യമ പ്രവര്‍ത്തകര്‍ക്കും പുറത്തുള്ളവര്‍ക്കും കടന്നു ചെല്ലാന്‍ കഴിയാത്ത സോനാഗാച്ചിയില്‍ പലനിലയ്ക്ക് എത്തിപ്പെടുന്ന പല പ്രായത്തിലുള്ള സ്ത്രീകള്‍ അനുഭവിക്കുന്ന നിസ്സഹായമായ വിങ്ങലുകളാണ് സൗവിദ് പകര്‍ത്തിയത്.
സൗവിദ് പകര്‍ത്തിയ സോനാഗാച്ചി കാഴ്ചകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക







Keywords:NAtional News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.