Latest News

വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്താല്‍ ഇനി പണി കിട്ടും

ദില്ലി[www.malabarflash.com]:വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ വായിച്ചശേഷം ആരും കാണാതിരിക്കാന്‍ ഡിലീറ്റ് ചെയ്യാം എന്ന് കരുതുന്നവര്‍ക്ക് ഒരു തിരുത്ത്. നിങ്ങളുടെ വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ 90ദിവസം വരെ സൂക്ഷിക്കണം. പൊലീസോ സര്‍ക്കാരോ സന്ദേശം കാണിക്കണമെന്ന് ആവശ്യപ്പെട്ടാല്‍ നല്‍കാന്‍ ഉപയോക്താക്കള്‍ ബാധ്യസ്ഥരാകും. ഇല്ലെങ്കില്‍ അത് നിയമവിരുദ്ധമാകും. കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി വകുപ്പ് പുറത്തിറക്കിയ കരട് നയത്തിലാണ് നിര്‍ദ്ദേശം.

വാട്‌സ് ആപ്പ് മാത്രമല്ല, ഇന്റര്‍നെറ്റ് വഴി അയക്കുന്ന എല്ലാ സന്ദേശങ്ങളും ഇത്തരം പരിശോധനയ്ക്ക് വിധേയമാണ്. വിദേശ കമ്പനികള്‍ അവരുടെ സേവനം രാജ്യത്ത് തുടങ്ങുവാന്‍ തീരുമാനിച്ചാല്‍ കേന്ദ്രസര്‍ക്കാരില്‍ നിന്ന് അനുമതി വാങ്ങണം. വിവരങ്ങളും അനുബന്ധ സാങ്കേതിക വിദ്യയുടെ പകര്‍പ്പും കൈമാറാമെന്ന ഉടമ്പടിയില്‍ ഒപ്പുവെയ്ക്കുന്നവര്‍ക്ക് മാത്രമാണ് രാജ്യത്ത് പ്രവര്‍ത്തനാനുമതി നല്‍കുക.

കരട് എന്‍ക്രിപ്ഷന്‍ നയം അനുസരിച്ച് കമ്പനികള്‍ അനുബന്ധ എന്‍ക്രിപ്ഷന്‍ സോഫ്റ്റ്‌വെയര്‍ അല്ലെങ്കില്‍ ഹാര്‍ഡ്‌വെയര്‍ സര്‍ക്കാര്‍ നിയമിക്കുന്ന ഏജന്‍സിയ്ക്ക് നല്‍കണം. കര്‍ശന പരിശോധനകള്‍ക്ക് ശേഷം മാത്രമാകും പ്രവര്‍ത്തനാനുമതി. ഇതിനായി സര്‍ക്കാര്‍ ആവശ്യപ്പെടുന്ന സേവനം കമ്പനികള്‍ നല്‍കേണ്ടിവരും. കമ്പനികള്‍ സര്‍ക്കാരിന് നല്‍കുന്ന സോഫ്റ്റ്‌വെയര്‍ ഉള്‍പ്പടെയുള്ള രേഖകള്‍ രഹസ്യമായി സൂക്ഷിക്കും. പ്രത്യേക സാഹചര്യമുണ്ടെങ്കിലും കാലാകാലങ്ങളിലും നയം സര്‍ക്കാര്‍ പരിശോധിക്കും. 

കമ്പനികളുടെ പ്രവര്‍ത്തനം പരിശോധിക്കാന്‍ സാങ്കേതിക ഉപദേശക സമിതിയെ നിയമിക്കുമെന്നും കരട് നയത്തിലുണ്ട്. 200ലെ ഐടി നിയമത്തിലെ 84എ വകുപ്പിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ കരട് നയം രൂപീകരിച്ചത്. 

വ്യക്തികള്‍, ബിസിനസ് സ്ഥാപനങ്ങള്‍ തുടങ്ങിയവ നയത്തിന്റെ പരിധിയില്‍ വരും. എന്നാല്‍ ഉന്നത സര്‍ക്കാര്‍ സംവിധാനങ്ങള്‍, പ്രതിരോധ സംവിധാനം എന്നിവ നയത്തിന്റെ പരിധിയില്‍ വരില്ല. വ്യക്തികളും ബിസിനസ് സ്ഥാപനങ്ങളും ഇന്റര്‍നെറ്റ് അധിഷ്ഠിതമായി നടത്തുന്ന ഇടപാടുകള്‍ സുരക്ഷിതമാക്കുന്നതിനാണ് കരട് നയം രൂപീകരിച്ചത് എന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം.

കരട് നയത്തിനെതിരെ ഐടി രംഗത്തെ വിദഗ്ധര്‍ നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു. കരട് നയം പ്രാവര്‍ത്തികമാക്കുന്നതിന്റെ പ്രായോഗികതയെ സംബന്ധിച്ചും വിമര്‍ശമുണ്ട്. സ്‌നാപ്ചാറ്റ് ഉള്‍പ്പടെയുള്ള ചില ആപ്ലിക്കേഷനുകള്‍ സന്ദേശങ്ങള്‍ വായിച്ചുകഴിഞ്ഞാല്‍ സ്വമേധയാ ഡിലീറ്റ് ചെയ്യപ്പെടുന്ന പ്രകാരമാണ് നിര്‍മ്മിച്ചത്. ഇത്തരം ആപ്ലിക്കേഷനുകളിന്മേല്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് എന്താണെന്നും വിദഗ്ധര്‍ ചോദിക്കുന്നു. 

നിലവില്‍ എന്‍ഡ് ടു എന്‍ഡ് രീതിയിലാണ് വാട്‌സ് ആപ്പിന്റെ പ്രവര്‍ത്തനം. അതായത് സന്ദേശം അയയ്ക്കുന്ന ആളിനും സ്വീകരിക്കുന്ന ആളിനും മാത്രം കാണാവുന്ന രീതി. ഇതില്‍ മാറ്റം വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ വാട്‌സ്ആപ്പിനോട് നിര്‍ദ്ദേശിച്ചാല്‍ ഇത്തരം കമ്പനികള്‍ രാജ്യത്തെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തും.

വാട്‌സ്ആപ്പ് ഉള്‍പ്പടെയുള്ള ആപ്ലിക്കേഷനുകള്‍ രാജ്യസുരക്ഷയെ ബാധിക്കുമെന്ന ആശങ്കയാണ് സര്‍ക്കാര്‍ നീക്കത്തിന് പിന്നില്‍. ബ്ലാക്‌ബെറി മെസേജിംഗ് സംവിധാനം രാജ്യത്ത് നിരോധിച്ചേക്കും എന്ന സൂചനയുണ്ട്. ബിബിഎമ്മിന്റെ പ്രവര്‍ത്തനം നിരീക്ഷണത്തിലാണ്. ജിമെയില്‍ രാജ്യ സുരക്ഷയെ ബാധിക്കുന്നുണ്ടെന്ന വിലയിരുത്തല്‍ കേന്ദ്രത്തിന് നേരത്തെയുണ്ട്. നയത്തിന്മേലുള്ള അഭിപ്രായങ്ങള്‍ ഒക്ടോബര്‍ 16 വരെ കേന്ദ്ര ഐടി വകുപ്പിനെ akrishnan@deity.gov.in എന്ന ഇ മെയില്‍ വിലാസത്തില്‍ അറിയിക്കാം.




Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.