Latest News

ഗിന്നസ് ബുക്ക് വേള്‍ഡ് റെക്കോര്‍ഡിനായി ഗ്രീന്‍വുഡ്‌സില്‍ 500 കുട്ടികളുടെ ജംബോ ഒപ്പന ഒരുങ്ങുന്നു

ഉദുമ[www.malabarflash.com]: 2015-16-ല്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പത്താം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ഗ്രീന്‍വുഡ്‌സിലെ അഞ്ഞൂറോളം വിദ്യാര്‍ത്ഥിനികള്‍ ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ് ലക്ഷ്യമിട്ടും നിലവിലെ ലിംകാ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ് ഭേദിക്കാനുമായി ഒപ്പന പരിശീലിക്കുന്നു.

ഒക്‌ടോബര്‍ 9 ന് ഗ്രീന്‍വുഡ്‌സ് പബ്ലിക് സ്‌കൂള്‍ ആഥിഥേയത്വം വഹിക്കുന്ന മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന ഐ.സി.എസ്.ഇ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ദേശീയ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങിലാണ് 500 വിദ്യാര്‍ത്ഥിനികള്‍ മലബാറിന്റെ തനത് കലാരൂപവും മാപ്പിള കലകളില്‍ ജനപ്രീയവുമായ ഒപ്പന ഇന്ത്യയുടെ മുമ്പാകെ അവതരിപ്പിക്കാനുദ്ദേശിക്കുന്നത്.
രണ്ട് മാസങ്ങളായി തുടര്‍ന്ന് വരുന്ന വിപുലമായ പരിശീലന പരിപാടിക്ക് ആശയ ആവിഷ്‌കാരം നല്‍കുന്നത് പ്രശസ്ത ഒപ്പന പരിശീലകനായ ജുനൈദ് മെട്ടമ്മല്‍ ആണ്.

ഉദിനൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ 121 കുട്ടികള്‍ പങ്കെടുപ്പിച്ച് മെഗാ ഒപ്പന നടത്തി ശ്രദ്ധേയനായ കലാകാരനാണ് ജുനൈദ്. ഈ ഒപ്പനയ്ക്ക് ലിംകാ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ സ്ഥാനം നേടാന്‍ കഴിഞ്ഞു. തന്റെ നിലവിലുളള റെക്കോര്‍ഡിനെ മറികടന്ന് ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡില്‍ പ്രവേശിക്കാന്‍ ഗ്രീന്‍വുഡ്‌സിലെ വിദ്യാര്‍ത്ഥിനികളെ ഒരുക്കുന്ന തിരക്കിലാണ് ജുനൈദ്.

കേരള ഫോക്‌ലോര്‍ അക്കാദമി യുവ പ്രതിഭ പുരസ്‌കാരം ഇശല്‍മാല പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ഇതിനോടകം ജുനൈദ് നേടിയിട്ടുണ്ട്. 20 വര്‍ഷമായി മാപ്പിള കലാരംഗത്ത് പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം കോരള മാപ്പിള കലാ അധ്യാപക ചാരിറ്റബിള്‍ സൊസൈറ്റിയുടെ സ്റ്റേറ്റ് സെക്രട്ടറിയാണ്.


മുഹമ്മദ് നബിയുടെയും ഖദീജ ബീവിയുടെയും കല്ല്യാണത്തെ ഇതിവൃത്തമാക്കി ഒപ്പനയ്ക്ക് സംഗീത രചന നിര്‍വ്വഹിച്ചിരിക്കുന്നത് മൊയ്തു വാണിമേല്‍ ആണ്. ഗ്രീന്‍വുഡ്‌സിലെ സംഗീത അധ്യാപകരായ റസാക് കരിവെളളൂരും, ബല്‍ക്കീസ് റഷീദും ചേര്‍ന്ന് സംഗീതം നല്‍കി വിദ്യാലയത്തിലെ 25 കുട്ടികളാണ് ഗാനാലാപനം നടത്തുന്നത്.

ഗ്രീന്‍വുഡ്‌സ് അതിന്റെ പത്താം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ഇന്ത്യയിലെ കലാസ്‌നേഹികള്‍ക്ക് നല്‍കാന്‍ കഴിയുന്ന ഒരു മികച്ച ഉപഹാരമായിരിക്കും ഈ മെഗാ ഒപ്പനയെന്ന് പ്രിന്‍സിപ്പാള്‍ എം. രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പരിസ്ഥിതി ദിനത്തില്‍ പതിനായിരം വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ച് ഗ്രീന്‍വുഡ്‌സിലെ വിദ്യാര്‍ഥികള്‍ മാതൃകയായി.


നവംബര്‍ പതിനാല് ശിശുദിനത്തില്‍ സംസ്ഥാനതല കിന്റര്‍ ഫെസ്റ്റ്, ജനുവരി മാസത്തില്‍ സംസ്ഥാനതല ഇംഗ്ലീഷ് ഫെസ്റ്റ്, ഒക്‌ടോബര്‍ മാസത്തില്‍ ഡോ.ബി.ആര്‍ .അംബേദ്കറിന്റെ 125ാം ജന്മവാര്‍ഷികത്തിന്റെ ഭാഗമായി കാസര്‍കോട് ജില്ലയിലെ ഹയര്‍ സെക്കണ്ടറി വിഭാഗം വിദ്യാര്‍ഥികള്‍ക്കായി വധശിക്ഷ നിര്‍ത്തലാക്കേണ്ടതോ” എന്ന വിഷയം ഉള്‍പ്പെടുത്തി മോക്ക് പാര്‍ലമെന്റ് തുടങ്ങി നിരവധി പരിപാടികള്‍ ഈ വര്‍ഷം നടത്തുവാന്‍ ഉദ്ദേശിക്കുന്നു.

ഐ.സി.എസ്.ഇ സിലബസില്‍ പ്രവര്‍ത്തിക്കുന്ന കാസര്‍കോട് ജില്ലയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ സ്ഥാപനമായ ഗ്രീന്‍വുഡ്‌സില്‍ ICSE, ISC വിഭാഗങ്ങളിലായി 2500 വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. ICSE സിലബസില്‍ പ്രവര്‍ത്തിക്കുന്ന കാസര്‍കോട് ജില്ലയിലെ സ്ഥാപനങ്ങളില്‍ ISC (+2) വിഭാഗം ഉളള ഏക വിദ്യാലയമാണ് ഗ്രീന്‍വുഡ്‌സ്. തുടര്‍ച്ചയായി 5 തവണയും 100 ശതമാനം വിജയം നേടി മുന്നേറുന്ന വിദ്യാലയം പത്താം വാര്‍ഷികത്തിന്റെ ആവേശത്തിലാണ്.


പത്രസമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ എം. രാമചന്ദ്രന്‍, പി.ടി.എ. പ്രസിഡണ്ട് ഫാറൂഖ് കാസ്മി, ജൂനൈദ് മട്ടമ്മല്‍, മുജീബ് മാങ്ങാട് തുടങ്ങിയവര്‍ പങ്കെടുത്തു.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.