Latest News

പ്രതിസന്ധിയ്ക്ക് ഉടന്‍ പരിഹാരം കാണുമെന്ന് അറ്റ് ലസ് രാമചന്ദ്രന്‍

ദുബൈ: [www.malabarflash.com] തന്റെ സ്ഥാപനത്തിലെ ഒരു ജീവനകാരന് പോലും തൊഴില്‍ പ്രതിസന്ധിയോ സാമ്പത്തിക നഷ്ടമോ ഉണ്ടാകാത്ത തരത്തില്‍ അറ്റ് ലസ് ഗ്രൂപ്പ് ഇപ്പോള്‍ നേരിടുന്ന താല്‍ക്കാലിക പ്രതിസന്ധിയ്ക്ക് ഉടന്‍ പരിഹാരം കാണുമെന്ന് ഗ്രൂപ്പ് മേധാവി അറ്റ് ലസ് രാമചന്ദ്രന്‍ അറിയിച്ചു. പ്രതിസന്ധി തരണം ചെയ്യുന്നതിനുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്നും ഇതില്‍ ഏറ്റവും പ്രധാനം ജീവനക്കാരുടെ സുരക്ഷിതത്വത്തിന് തന്നെയായിരിക്കുമെന്നും രാമചന്ദ്രന്‍ വ്യക്തമാക്കി .

ദുബായിലെ വസതിയില്‍ ഒരു ഓണ്‍ലൈന്‍ ന്യൂസിന്റെ പ്രതിനിധിയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം . തനിക്ക് നഷ്ടമുണ്ടായാലും തന്റെ വളര്‍ച്ചയിലും പ്രതിസന്ധി ഘട്ടത്തിലും ഒപ്പം നില്‍ക്കുന്ന ജീവനക്കാര്‍ക്കോ തന്റെ ഇടപാടുകാര്‍ക്കോ കഷ്ടമോ നഷ്ടമോ ഉണ്ടാകാന്‍ അനുവധിക്കില്ലെന്ന് രാമചന്ദ്രന്‍ വ്യക്തമാക്കി .

പ്രശ്നപരിഹാരത്തിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ രാമചന്ദ്രനുമായി നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ബാങ്കുകാര്‍ക്ക് ഏതൊക്കെ രീതിയില്‍ അദ്ദേഹവുമായി സഹകരിക്കാന്‍ കഴിയുമെന്ന് ആലോചിക്കാന്‍ ഇതിനിടെ അനൗദ്യോഗികമായി രൂപീകരിച്ച ദുബായിലെ 15 ബാങ്കുകളുടെയും കണ്‍സോര്‍ഷ്യം ബുധനാഴ്ച കൂടിയാലോചന നടത്തുന്നുണ്ട് . ബാങ്കുകാരുടെ തീരുമാനം കൂടി വന്ന ശേഷമായിരിക്കും രാമചന്ദ്രന്റെ ഭാഗത്തുനിന്നുമുള്ള കൂടുതല്‍ നടപടികള്‍ ഉണ്ടാകുക .

രാമചന്ദ്രനും മകളും ദുബായില്‍ പോലീസ് അറസ്റ്റിലായെന്നും മററും കഴിഞ്ഞ ദിവസം വാര്‍ത്ത വന്നിരുന്നു. എന്നാല്‍ അദ്ദേഹം അറസ്റ്റിലല്ലെന്നും ദുബൈയിലെ അദ്ദേഹത്തിന്റെ വസതിയില്‍ ഉളളതായും കഴിഞ്ഞ ദിവസം മലബാര്‍ ഫ്‌ളാഷ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

നിലവില്‍ അനാരോഗ്യവും അതിനിടെയില്‍ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ചര്‍ച്ചകളുമായി തിരക്കില്‍ കഴിയുന്ന രാമചന്ദ്രന്‍ ദിവസങ്ങള്‍ക്കുള്ളില്‍ ദുബായില്‍ മാധ്യമങ്ങളെ കാണും .

എന്നാല്‍ അറ്റ് ലസ് ഗ്രൂപ്പ് നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മുതലെടുത്ത്‌ ഗ്രൂപ്പിന്‍റെ കീഴിലെ സ്ഥാപനങ്ങള്‍ നിസാര വിലയ്ക്ക് കൈക്കലാക്കാന്‍ മലയാളി വ്യവസായികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഗൂഡ നീക്കങ്ങള്‍ നടത്തുന്നുവെന്ന ഖേദകരമായ വാര്‍ത്തകളും പുറത്ത് വരുന്നുണ്ട് . പ്രധാനമായും അറ്റ് ലസ് സ്ഥാപനങ്ങളില്‍ ഏറ്റവും വലിയ ആസ്തികളില്‍ ഒന്നായ ഒമാനിലെ ആശുപത്രിയിലാണ് ഇവരുടെ കണ്ണ് .

നിലവിലെ സാഹചര്യത്തില്‍ അഞ്ഞൂറ് കോടിയ്ക്ക് മുകളില്‍ വിലവരുന്ന ഈ ആശുപത്രി സ്വന്തമാക്കാന്‍ 200 കോടി മുതല്‍ 75 കോടി വരെ പോലും വിലപറഞ്ഞ മലയാളി വിരുതന്മാര്‍ ഉണ്ടത്രേ . നിരവധി മലയാളികള്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ക്ക് ഒരു രൂപ പ്രതിഫലം വാങ്ങാതെ ഈ ആശുപത്രിയില്‍ നിന്നും നല്‍കിയ സൗജന്യ ചികിത്സയുടെയും പരിചരണത്തിന്‍റെയും പേരില്‍ ഗള്‍ഫിലെ പ്രവാസി സമൂഹം നെഞ്ചേറ്റിയ ഈ സ്ഥാപനം രാമചന്ദ്രന്റെ കീഴില്‍ തന്നെ തുടരണം എന്നാഗ്രഹിക്കുന്നവരാണ് ഗള്‍ഫിലെ പ്രവാസി സമൂഹം .

ഗള്‍ഫ് മണ്ണില്‍ ബിസിനസ് നടത്തുന്ന ഇന്ത്യന്‍ വ്യവസായികളില്‍ വിശ്വസ്തതയുടെ കാര്യത്തില്‍ ഒന്നാം സ്ഥാനത്താണ് അറ്റ് ലസ് ഗ്രൂപ്പിന്‍റെ സ്ഥാനം എന്നതാണ് മറ്റ് വ്യവസായികളെ ഈ സ്ഥാപനങ്ങളില്‍ കണ്ണ്‍ വയ്ക്കാന്‍ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം . സ്ഥാപനം സാമ്പത്തിക പ്രതിസന്ധിയില്‍ ആണെന്നറിഞ്ഞിട്ടും ഗള്‍ഫ് സമൂഹം ഒന്നാകെ രാമചന്ദ്രന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചത് ഗള്‍ഫ് വ്യവസായികളെ അമ്പരപ്പിച്ചു കളഞ്ഞു എന്നതാണ് സത്യം .

ഇതൊക്കെയാണെങ്കിലും വര്‍ഷങ്ങളായി രാമചന്ദ്രനുമായി സൌഹൃദമുള്ളവരില്‍ പോലും വലിയൊരു വിഭാഗം പ്രതിസന്ധി ഘട്ടത്തില്‍ ഒന്ന് ഫോണ്‍ ചെയ്യാന്‍ പോലും തയ്യാറാകാതെ അദ്ദേഹവുമായി അകലം പാലിക്കുന്നു എന്നതാണ് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പങ്കുവെച്ച മറ്റൊരു വസ്തുത .

നിലവില്‍ അടുത്ത ചില സുഹൃത്തുക്കളും വിശ്വസ്തരായ ചില മാധ്യമ സുഹൃത്തുക്കളുമാണ് രാമചന്ദ്രനൊപ്പം പ്രശ്നപരിഹാര ശ്രമങ്ങള്‍ക്ക് രംഗത്തുള്ളത് . ഇതിനിടെയില്‍ ആരോഗ്യ പ്രശ്നങ്ങള്‍ അദ്ദേഹത്തെ അലട്ടുന്നു എന്നതും മറ്റൊരു പ്രതിസന്ധിയാണ് .

അനാരോഗ്യവും വ്യക്തിപരമായ ചില പ്രശ്നങ്ങളും സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്ന പ്രശ്നങ്ങളും മൂലം ഏറെ സമ്മര്‍ദ്ധത്തിലാണെങ്കിലും അതി ശക്തമായ തിരിച്ചുവരവ് ഉടന്‍ ഉണ്ടാകും എന്ന രാമചന്ദ്രന്‍റെ അടിയുറച്ച ആത്മവിശ്വാസമാണ് പ്രതിസന്ധികള്‍ എത്രയും പെട്ടെന്ന് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ക്ക് താങ്ങാകുന്നത് . 

ഇതിനിടെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഉന്നതതല ഇടപെടലിന് ഒരുങ്ങുകയാണ് രാമചന്ദ്രനുമായി ബന്ധപെട്ട മാധ്യമ സുഹൃത്തുക്കള്‍ . ഈ ദിവസങ്ങളില്‍ തന്നെ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകും .
(കടപ്പാട്: സത്യം ഓണ്‍ലൈന്‍)






Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.