Latest News

മിനാ ദുരന്തം; 717 മരണം; മരിച്ചവരില്‍ ഒരു മലയാളിയും

മക്ക[www.malabarflash.com]: ബലി പെരുനാള്‍ ദിനത്തില്‍ ഹജ് കര്‍മത്തിനിടെ മിനായില്‍ തിക്കിലും തിരക്കിലും പെട്ടു മരിച്ചവരില്‍ മലയാളിയും. മലപ്പുറം ചേലേമ്പ്ര ചക്കുവളവ് ആശാരിത്തൊടി അബ്ദുറഹ്മാന്‍ (51) മരിച്ചതായും ഭാര്യ സുലൈഖ പരുക്കുകളോടെ ആശുപത്രിയിലാണെന്നും ബന്ധുക്കള്‍ക്കു വിവരം ലഭിച്ചു. റിയാദില്‍ നിന്നാണ് ഇദ്ദേഹം ഹജ് കര്‍മ്മത്തിനായി പോയത്. കോട്ടയം സ്വദേശിയായ സക്കീബിന് പരുക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.

അപകടത്തില്‍ മരിച്ചവരുടെ എണ്ണം 717 ആയി. വിശുദ്ധ നഗരമായ മക്കയ്ക്കു പുറത്ത് മിനായില്‍ കല്ലേറു കര്‍മത്തിനിടെയാണ് അപകടം. സംഭവത്തില്‍ 805പേര്‍ക്കു പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. സംഭവം സൗദി ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണു സൂചന.
അതേസമയം, ഹജ് കര്‍മത്തിനിടെ മക്കയില്‍ വച്ച് രണ്ട് മലയാളികള്‍ മരിച്ചു. പെരിങ്ങത്തൂര്‍ ഒലിപ്പില്‍ പീടികയില്‍ കണിയാങ്കണ്ടി അബൂബക്കര്‍ (72), ചേരാപുരം കാക്കുനിയിലെ പുല്ലറോട്ട് കുഞ്ഞബ്ദുല്ല (78) എന്നിവരാണ് മരിച്ചത്. 

സംസ്ഥാന ഹജ് കമ്മിറ്റി മുഖേന നെടുമ്പാശേരി ഹജ് ക്യാംപില്‍ നിന്നു ഹജിനു പുറപ്പെട്ട തീര്‍ഥാടകനാണ് അബൂബക്കര്‍. ഭാര്യ താഹിറയോടൊപ്പം 17നാണ് ഇദ്ദേഹം യാത്രതിരിച്ചത്. പുല്ലറോട്ട്് കുഞ്ഞബ്ദുല്ല ഭാര്യയ്ക്കും മകനുമൊപ്പം ഹജ് കര്‍മത്തിനു പോയ ആളാണ്.പെട്ടെന്നുണ്ടായ അസുഖത്തെ തുടര്‍ന്നു മരിച്ചത്.
രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി 220 ആംബുലന്‍സുകളും 4,000ല്‍ അധികം രക്ഷാപ്രവര്‍ത്തകരെയും നിയോഗിച്ചിട്ടുണ്ട്. മക്കയ്ക്കു പുറത്ത് മിനായില്‍ തീര്‍ഥാടക ക്യാംപുകളെ വേര്‍തിരിക്കുന്ന വഴിയിലാണ് അപകടം. ഹജ് തീര്‍ഥാടകര്‍ക്കു പരമ്പരാഗതമായി താല്‍ക്കാലിക വാസസ്ഥലമൊരുക്കുന്നത് മിനായിലാണ്. അറബ്, ആഫ്രിക്കന്‍ തീര്‍ഥാടകര്‍ താമസിക്കുന്ന ജദീദ് തെരുവിലാണ് അപകടമുണ്ടായത്. ഇന്ത്യക്കാരുടെ താമസം സൂഖ് അല്‍ അറബ, ജവഹാര തെരുവുകള്‍ക്ക് സമീപമാണ്. അതേസമയം, ഹജ് കര്‍മങ്ങള്‍ തടസം കൂടാതെ തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കിടെ ഹജ് കര്‍മത്തോട് അനുബന്ധിച്ചുണ്ടാകുന്ന രണ്ടാമത്തെ വലിയ അപകടമാണിത്. കഴിഞ്ഞയാഴ്ച മക്കയില്‍ ക്രെയിന്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ 107ല്‍ അധികം പേര്‍ മരിച്ചിരുന്നു. വിവരങ്ങളറിയുന്നതിന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ഹെല്‍പ്‌ലൈന്‍ നമ്പര്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. വിവരങ്ങള്‍ക്ക് വിളിക്കാനുള്ള നമ്പര്‍: 00966125458000, 00966125496000

സംഭവത്തേക്കുറിച്ച് ഉന്നതതല അന്വേഷണത്തിന് സൗദി കിരീടാവകാശിയും ആഭ്യന്തരമന്ത്രിയുമായ മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരന്‍ ഉത്തരവിട്ടു. സൗദി പ്രസ് ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ദുരന്തത്തെക്കുറിച്ചുള്ള കണ്ടെത്തലുകളും മറ്റും തിരുഗേഹങ്ങളുടെ കാവല്‍ക്കാരന്‍ സല്‍മാന്‍ രാജാവിന് കൈമാറുമെന്ന് താന്‍ അധ്യക്ഷനായ ഹജ് ഹൈയര്‍ കമ്മിറ്റി യോഗത്തില്‍ മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരന്‍ പറഞ്ഞു. 

നേരത്തെ സൗദി ആരോഗ്യമന്ത്രി ഖാലിദ് അല്‍ ഫലഹ് സംഭവത്തെക്കുറിച്ച് ഊര്‍ജിതമായ അന്വേഷണം നടത്തുമെന്ന് അറിയിച്ചിരുന്നു. സുരക്ഷാ ക്രമീകരണങ്ങള്‍ തീര്‍ഥാടകര്‍ പാലിക്കാത്തതാണ് അപകട കാരണമെന്ന് അദ്ദേഹം പറഞ്ഞു.




Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.