Latest News

ഹജ്ജ് കര്‍മ്മത്തിനിടെ മിനായില്‍ തിരക്കില്‍പെട്ട് 310 മരണം

മിനാ:[www.malabarflash.com] ഹജ്ജിനിടെ മിനായിലുണ്ടായ തിക്കും തിരക്കിലും പെട്ട് 310 മരണം. 450 ഓളം പേര്‍ക്ക് പരിക്കേറ്റു. ജംറയിലെ കല്ലേറ്‌ കര്‍മത്തിനിടെ സൗദി സമയം 11ഓടെയാണ് അപകടമുണ്ടായത്. ഇന്ത്യന്‍ ഹാജിമാരുടെ ടെന്റിനടുത്താണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന.

13 ഇന്ത്യക്കാര്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. അപകട സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അപകടം നടക്കുമ്പോള്‍ 4000 ത്തോളം ഹാജിമാരാണ് മിനായിലുണ്ടായിരുന്നത്.അപകടത്തില്‍ സൗദി രാജാവ് അന്വേഷണത്തിന് ഉത്തരവിട്ടു.

204 ാം നമ്പര്‍ സ്ട്രീറ്റിന് സമീപം ജംറ പാലത്തിലേക്ക് കടക്കുന്ന ഭാഗത്താണ് തിക്കും തിരക്കുമുണ്ടായത്. തിരക്ക് നിയന്ത്രിക്കുന്നതിനായി നല്‍കിയ നിര്‍ദേശങ്ങള്‍ ഹജ്ജ് തീര്‍ഥാടകര്‍ അവഗണിച്ചതാണ് സംഭവത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തില്‍ മരിച്ചവര്‍ ഏതു രാജ്യക്കാരാണെന്നതു സംബന്ധിച്ച വിവരങ്ങള്‍ അറിവായിട്ടില്ല. ലക്ഷദ്വീപില്‍ നിന്നുള്ള ഒരാള്‍ അപകടത്തില്‍പ്പെട്ടതായി സൂചനയുണ്ട്. സംഭവത്തില്‍ മലയാളികള്‍ ആരെങ്കിലും മരിച്ചോയെന്ന് അറിവായിട്ടില്ല.

അപകടത്തെ തുടര്‍ന്ന് മക്കയിലെ ആശുപത്രികളില്‍ റെഡ് അലേട്ട് പ്രഖ്യാപിച്ചു. ജംറയില്‍ കല്ലേറ്‌ കര്‍മ്മത്തിനിടെ അപകടങ്ങള്‍ പതിവാണെങ്കിലും ഇത്രയും വലിയൊരു അപകടം ആദ്യമായാണ്. വിവരങ്ങളറിയുന്നതിന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ഹെല്‍പ്‌ലൈന്‍ നമ്പര്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. വിവരങ്ങള്‍ക്ക് വിളിക്കാനുള്ള നമ്പര്‍: 00966125458000, 00966125496000

കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കിടെ ഹജ്ജ കര്‍മ്മത്തോടനുബന്ധിച്ചുണ്ടാകുന്ന രണ്ടാമത്തെ വന്‍ ദുരന്തമാണിത്. കഴിഞ്ഞയാഴ്ച ക്രെയിന്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ 109 പേര്‍ മരിക്കുകയും 400 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 2006 ല്‍ മിനായിലുണ്ടായ അപകടത്തില്‍ 336 പേര്‍ മരിച്ചിരുന്നു. അതിനുശേഷം ആദ്യമായാണ് ഇത്രയും വലിയ അപകടമുണ്ടാകുന്നത്.




Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.