Latest News

ഉദുമ പിടിക്കാന്‍ ലീഗ് ഒരുങ്ങി

ഉദുമ[www.malabarflash.com]: കഴിഞ്ഞ തവണ തലനാരിഴയ്ക്ക് നഷ്ടപ്പെട്ട ഉദുമ പഞ്ചായത്ത് ഭരണം തിരിച്ച് പിടിക്കാന്‍ ലീഗ് ഒരുക്കം തുടങ്ങി. ശാസ്ത്രീയവും ശക്തവുമായ നൂതന പ്രവര്‍ത്തന രീതിയാണ് ലീഗ് ആസൂത്രണം ചെയ്യുന്നത്. മുതിര്‍ന്ന ലീഗ് നേതാവ് കെ.എ മുഹമ്മദലിയുടെ കീഴില്‍ ഓരോ വാര്‍ഡിലേക്കും രണ്ട് വീതം കോര്‍ഡിനേറ്റര്‍മാരെ നിയമിച്ച് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടപ്പില്‍ വരുത്തും.

സോഷ്യല്‍ മീഡിയയില്‍ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് വേണ്ടി അഞ്ചംഗ മീഡിയ സെല്ലിന് രൂപം നല്‍കി. ഇരുപത്തിയേഴ് വര്‍ഷമായി പഞ്ചായത്ത് ഭരണം കയ്യാളുന്ന സി.പി.എമ്മിനോട് ജനങ്ങള്‍ക്കിടയിലുള്ള എതിര്‍പ്പുകള്‍ മുതലെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ലീഗ് കണ്‍വെന്‍ഷനോടു കൂടി തുടക്കം കുറിച്ചു. വാര്‍ഡ് തലങ്ങളില്‍ കണ്‍വെന്‍ഷനും കുടുംബയോഗങ്ങളും നടത്തി കുറ്റമറ്റ രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്യുന്നത്.

തെരഞ്ഞെടുപ്പ് മാനിഫെസ്‌റ്റോ ഉള്‍പെടെയുള്ളവ ജനങ്ങളില്‍ നിന്നും അഭിപ്രായം ആരാഞ്ഞ ശേഷം തയ്യാറാക്കാനും തീരുമാനിച്ചു. ഹമീദ് മാങ്ങാടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കണ്‍വെന്‍ഷന്‍ മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡണ്ട് എം.എസ് മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് പി. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി. അബ്ദുല്ല മുഗു, ഹനീഫ ഹാജി പൈവളിഗ, ഷാഫി ഹാജി കട്ടക്കാല്‍, കെ.എ മുഹമ്മദലി, കാപ്പില്‍ മുഹമ്മദ് പാഷ, എം.എച്ച് മുഹമ്മദ് കുഞ്ഞി, പാറയില്‍ അബൂബക്കര്‍, ടി.കെ ഹസീബ് സംസാരിച്ചു. സത്താര്‍ മുക്കുന്നോത്ത് സ്വാഗതം പറഞ്ഞു.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.