Latest News

കണ്ണൂരില്‍ സംഘര്‍ഷം തുടരുന്നു: സിഐടിയു നേതാവിന്റെ വീടിനു നേരേ ബോംബേറ്; ബിജെപി പ്രവര്‍ത്തകനു വെട്ടേറ്റു

കണ്ണൂര്‍: [www.malabarflash.com] കനത്ത സുരക്ഷ സന്നാഹങ്ങള്‍ക്കിടയിലും കണ്ണൂരില്‍ സംഘര്‍ഷം തുടരുന്നു. നീര്‍ക്കടവില്‍ സിഐടിയു ജില്ലാ നേതാവിന്റെ വീടിനു നേരേ ബോംബേറ്, ആറ്റടപ്പയില്‍ ബിജെപി പ്രവര്‍ത്തകനു വെട്ടേറ്റു.

സിഐടിയു മത്സ്യത്തൊഴിലാളി യൂണിയന്‍ ജില്ലാ സെക്രട്ടറിയും അഴീക്കോട് സൗത്ത് സിപിഎം ലോക്കല്‍ കമ്മിറ്റിയംഗവുമായ നീര്‍ക്കടവ് വട്ടക്കണ്ടിയിലെ പട്ടര്‍ക്കണ്ടി അരയന്‍ ഹൗസില്‍ രഘുനാഥന്റെ വീടിനു നേരേയാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ രാത്രി 12.30ഓടെ ബൈക്കിലെത്തിയ സംഘമാണ് ബോംബെറിഞ്ഞത്. ബോംബേറില്‍ വീടിന്റെ മുന്‍വശത്തെ വാതില്‍ പൂര്‍ണമായും തകര്‍ന്നു. മുന്‍വശത്തെ മൂന്ന് ജനല്‍ ഗ്ലാസുകളും തകര്‍ന്നിട്ടുണ്ട്.

തിരുവോണനാളിനുശേഷമുണ്ടായ ആക്രമങ്ങള്‍ക്ക് ശേഷം ദ്രുതകര്‍മസേനയടക്കമുള്ളവരുടെ പട്രോളിംഗ് തുടരുന്നതിനിടയിലാണ് ബോംബേറ് നടന്നിരിക്കുന്നത്. കഴിഞ്ഞദിവസം അഴീക്കോട് ചാലില്‍ സിപിഎം കൊടിമരവും പിഴുത് മാറ്റിയിരുന്നു. 

വിവരമറിഞ്ഞ് വളപട്ടണം സിഐ കെ.വി. ബാബുവുംസംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. സിപിഎം നേതാക്കളായ എം. പ്രകാശന്‍, കുടുവന്‍ പത്മനാഭന്‍, അരക്കന്‍ ബാലന്‍, ഗിരീശന്‍ എന്നിവരും ബുധനാഴ്ച രാവിലെ രഘുനാഥന്റെ വീട് സന്ദര്‍ശിച്ചു.

ആറ്റടപ്പയില്‍ ബൈക്കില്‍ പോവുകയായിരുന്ന ബിജെപി പ്രവര്‍ത്തകനെ ഗുരുതരമായി വെട്ടിപരിക്കേല്‍പിച്ചു. ആറ്റടപ്പയിലെ സായൂജി (27)നാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാത്രി 10 ഓടെ ആറ്റടപ്പയില്‍ വച്ചായിരുന്നു സംഭവം. ബൈക്കില്‍ പോവുകയായിരുന്ന സായൂജിനെ ഒരുസംഘം തടഞ്ഞുനിര്‍ത്തി മാരകായുധങ്ങളുമായി വെട്ടിപരിക്കേല്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിനു പിന്നില്‍ സിപിഎം ആണെന്ന് ബിജെപി ആരോപിച്ചു.




Keywords:Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.