Latest News

പയ്യന്നൂര്‍ സിഐയുടെ ക്വാര്‍ട്ടേഴ്‌സിനു മുന്നില്‍ റീത്തും ഭീഷണിക്കത്തും

പയ്യന്നൂര്‍:[www.malabarflash.com] പയ്യന്നൂര്‍ സിഐ പി.കെ.മണിയുടെ ക്വാര്‍ട്ടേഴ്‌സ് വരാന്തയില്‍ റീത്തും വധഭീഷണിക്കത്തും കണ്ടെത്തി. ശനിയാഴ്ച രാവിലെയാണ് റീത്തും വധഭീഷണികത്തും കണ്ടത്. റീത്തിനു മുകളില്‍ പയ്യന്നൂര്‍ സിഐക്കുള്ളതാണെന്നും നിന്റെ നാളുകള്‍ എണ്ണപ്പെട്ടുവെന്ന് എഴുതി തലയോട്ടിയുടെ ചിത്രം വരച്ച കടലാസുമുണ്ട്. ഇതിനു തൊട്ടടുത്താണ് കത്തെഴുതിവച്ചിരിക്കുന്നത്.

റീത്ത് നിന്റെ നെഞ്ചത്ത് വയ്ക്കാന്‍ അറിയാഞ്ഞിട്ടല്ല, ഇതൊരു സാമ്പിളാണ് എന്നെഴുതിയ കത്തില്‍ നിന്റെ പിറകില്‍ നിഴലായി ഇനി ഞങ്ങളുണ്ട്. നിന്റെ മുന്‍ഗാമികളോട് പയ്യന്നൂരിന്റെ ചരിത്രം ചോദിക്കൂ. ലാത്തിയും തോക്കും ഇടിവണ്ടിയും ഗ്രനേഡുമായി പോലീസ് സ്‌റ്റേഷനില്‍ കാവലിരിക്കുമ്പോഴും സിഐയുടെ ഔദ്യോഗിക വസതിയില്‍ എന്താണ് സംഭവിച്ചതെന്ന് ചോദിച്ച് മനസിലാക്കണം. ഇത് താക്കീതാണ്. അവസാന താക്കീത്... എന്നീ വരികളോടെയാണ് കത്ത് തീരുന്നത്.

ഏതാനും ദിവസം മുമ്പ് പയ്യന്നൂരും രാമന്തളി വടക്കുമ്പാട് എസ്ഡിപിഐ-സിപിഎം സംഘര്‍ഷം നടന്നിരുന്നു. പയ്യന്നൂര്‍ ബ്ലോക്ക് ഓഫീസിനു സമീപം നടന്നിരുന്ന അക്രമങ്ങളുടെ തുടര്‍ച്ചയായി ഒരു മണിക്കൂറിനകമായിരുന്നു വടക്കുമ്പാട് അക്രമം അരങ്ങേറിയത്. വടക്കുമ്പാട് സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ.വി.ജയനെ വെട്ടികൊലപ്പെടുത്താനും ശ്രമം നടന്നു.

ഈ സംഭവങ്ങള്‍ക്കിടയില്‍ പട്രോളിംഗ് നടത്തുകയായിരുന്ന പഴയങ്ങാടി എസ്‌ഐ ഷൈന്‍ സഞ്ചരിച്ചിരുന്ന ടാറ്റ സുമോ വാഹനം ഒരു സംഘം അടിച്ചുതകര്‍ത്ത സംഭവമുണ്ടായി. പഴയങ്ങാടി എസ്‌ഐയുടെ പരാതിയില്‍ 25 പേര്‍ക്കെതിരേ കേസെടുക്കുകയും പിടിയിലായ രണ്ട് സിപിഎം പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.

ഇതേകേസില്‍ കക്കംപാറ ഡിവൈഎഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് ജിതിനെ വെള്ളിയാഴ്ച സിഐ അറസ്റ്റ് ചെയ്തു. പോലീസ് വാഹനം അടിച്ചുതകര്‍ക്കുകയും സിപിഎം നേതാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികളെ പിടികൂടാതിരിക്കുകയും ചെയ്യുന്നതില്‍ വിമര്‍ശനമുയരുന്നതിനിടെയാണ് സിഐയുടെ ക്വാര്‍ട്ടേഴ്‌സിനു മുന്നില്‍ റീത്തും വധഭീഷണികത്തും പ്രത്യക്ഷപ്പെട്ടത്. 

ജിതിനിനെ കസ്റ്റഡിയിലെടുത്ത ഉടന്‍ തന്നെ നിരവധി ഫോണ്‍ കോളുകള്‍ വന്നിരുന്നെന്നും ഇതില്‍ ചിലത് ഭീഷണികോളുകളായിരുന്നെന്നും സിഐ പറഞ്ഞു. 




Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.