കാസര്‍കോട്:[www.malabarflash.com] ഏഴര ലക്ഷം രൂപയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ ഗോവയില്‍ വിറ്റതായി കൂഡ്‌ലു സര്‍വ്വീസ് സഹകരണ ബാങ്ക് കൊള്ളയടിച്ച കേസിലെ മുഖ്യപ്രതി കല്ലങ്കൈ സ്വദേശിയും ബന്തിയോട് പച്ചമ്പള കല്‍പ്പാറയിലെ താമസക്കാരനുമായ ദുല്‍ദുല്‍ എന്ന ഷരീഫ് (42) പൊലീസിന് മൊഴി നല്‍കി.
ഇതില്‍ രണ്ട് ലക്ഷം രൂപ കേസിലെ പ്രതിയും ബന്ധുവുമായ കരീമിന് നല്‍കി. കരീം ഒളിവില്‍ കഴിയുമ്പോള്‍ ഗോവയില്‍ നിന്നും ലുധിയാനയിലേക്കും തിരിച്ചും പലതവണ വിമാനത്തില്‍ സഞ്ചരിച്ചതായി മൊഴി നല്‍കിയിട്ടുണ്ട്. രണ്ട് ലക്ഷം രൂപയില്‍ ഭൂരിഭാഗവും വിമാനയാത്രക്കാണത്രെ ഉപയോഗിച്ചത്.
ഷരീഫിന് കിട്ടിയ അഞ്ചര ലക്ഷം രൂപയില്‍ മൂന്നര ലക്ഷം രൂപ മുംബൈയിലെ ഒരാള്‍ക്ക് നല്‍കിയതായി സംശയമുണ്ട്. ബാക്കി രണ്ട് ലക്ഷം രൂപ നാട്ടിലെ കടം തീര്‍ക്കാനാണത്രെ ഉപയോഗിച്ചത്. 25,000 രൂപ മുതല്‍ ഒരു ലക്ഷം രൂപവരെ പലരില്‍ നിന്നും കടംവാങ്ങിയിരുന്നുവത്രെ. പല പ്രമുഖര്‍ക്കും കടം വാങ്ങിയ പണം തിരിച്ചുനല്‍കിയത് സ്വര്‍ണ്ണം വിറ്റിട്ടാണ്. പണം നല്‍കിയവരുടെ ലിസ്റ്റ് പൊലീസ് ശേഖരിച്ചുവരികയാണ്.
ഷരീഫിനെ സപ്തംബര്‍ 23ന് സി.ജെ.എം കോടതി ഒരാഴ്ചത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. നാല് ദിവസമായി ചോദ്യം ചെയ്തുവരികയാണ്. ശനിയാഴ്ച തെളിവെടുപ്പിനായി മംഗലാപുരത്തേക്ക് കൊണ്ടുപോയി. സ്വര്‍ണ്ണം വിറ്റത് എവിടെയെന്നറിയാന്‍ ഗോവയിലേക്ക് കൊണ്ടുപോയി തെളിവെടുക്കുമെന്നറിയുന്നു.
ഷരീഫിന്റെ വീട്ടില്‍ നിന്നും 7.109 കി.ഗ്രാം സ്വര്‍ണ്ണം പൊലീസ് കണ്ടെടുത്തിരുന്നു. ബാക്കി സ്വര്‍ണ്ണം കേസിലെ മറ്റൊരു പ്രതി മുജീബിന്റെ കയ്യിലുള്ളതായാണ് സംശയിക്കുന്നത്. മുജീബിനെ കണ്ടെത്താനായിട്ടില്ല.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment