Latest News

സാധാരണക്കാരുടെ ജീവിത നിലവാരമുയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം : ജോര്‍ജ്ജ് കുര്യന്‍

കുറ്റിക്കോല്‍:[www.malabarflash.com] വികസനത്തോടൊപ്പം സര്‍വ്വസാധാരണക്കാരുടെ ജീവിതനിലവാരമുയര്‍ത്താനും കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ.ജോര്‍ജ്ജ് കുര്യന്‍ പറഞ്ഞു.

 ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ. ശ്രീകാന്ത് നയിക്കുന്ന രാഷ്ട്രീയ പരിവര്‍ത്തന യാത്രയുടെ രണ്ടാം ദിവസത്തെ പര്യടന സമാപനം കുറ്റിക്കോലില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാല്യത്തില്‍ ദാരിദ്ര്യത്തിന്റെ നെല്ലിപ്പടി കണ്ട ഭാരതപ്രധാനമന്ത്രിക്ക് ഭാരതത്തിലെ ബഹുഭൂരിപക്ഷം വരുന്ന സര്‍വ്വസാധാരണക്കാരുടെ ദുരിതം തിരിച്ചറിയാനും പരിഹാരം കാണുവാനും സാധിക്കും. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തവേളയില്‍ പോലും അഴിമതി ഭരണം കൈമുതലാക്കിയ ഭരണകക്ഷിയായ കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനു പകരം ബിജെപിയെ എതിര്‍ക്കുവാനാണ് സിപിഎം ശ്രമിക്കുന്നത്. 

ഇന്നു നവോത്ഥാന നായകരുടെ മേല്‍ കുതിരകേറാനിറങ്ങിയിരിക്കുകയാണ് സിപിഎം. ആശയപരമായ തകര്‍ന്നു കഴിഞ്ഞ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അക്രമത്തിലൂടെ പോലും അണികളെയും കലാലയങ്ങളെയും പിടിച്ചു നിര്‍ത്തുവാന്‍ സാധിക്കുന്നില്ല. 35 വര്‍ഷക്കാലത്തെ ഭരണം കൊണ്ട് ബംഗാളിനെ ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ തള്ളിയിട്ട ഇടതുപാര്‍ട്ടികള്‍ ഭരിക്കുന്ന ത്രിപുരയില്‍ 68 രൂപയാണ് ദിവസവേതനമെന്ന വാര്‍ത്ത പുറത്തുവന്നിരിക്കുന്നു. 

കേന്ദ്രസര്‍ക്കാര്‍ തൊഴിലുറപ്പു നിര്‍ത്തലാക്കാന്‍ പോകുമെന്നതുള്‍പ്പെടെ അനവധി കുപ്രചരണങ്ങളുടെ ഭാണ്ഡക്കെട്ടുകള്‍ തന്നെ തുറന്നു വിട്ടെങ്കിലും ജനങ്ങള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ അതു തള്ളിക്കളഞ്ഞിരിക്കുന്നു. കോണ്‍ഗ്രസ് സര്‍ക്കാര്‍ നടപ്പാക്കിയ പല ജനദ്രോഹ നയങ്ങളും തിരുത്തിയത് മോദി സര്‍ക്കാരാണ്.

ഹൈന്ദവരുടെ ആരാധനമൂര്‍ത്തികളെ അധിക്ഷേപിച്ചവര്‍ക്ക് ഇന്ന് ആ പ്രതീകങ്ങളെ സ്വീകരിക്കേണ്ടി വന്നു. പിന്നോക്ക ജനവിഭാഗങ്ങള്‍ ഇടതുപാര്‍ട്ടികളെ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞിരിക്കുന്നുവെന്നും ബേഡകം, കുറ്റിക്കോല്‍ പ്രദേശങ്ങളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ വളര്‍ത്തിയ നേതാക്കള്‍ പോലും ആ പാര്‍ട്ടിയെ തള്ളിപ്പറഞ്ഞിരിക്കുന്നുവെന്നും ജാഥാ ലീഡര്‍ അഡ്വ.കെ.ശ്രീകാന്ത് പറഞ്ഞു.
ബിജെപി കുറ്റിക്കോല്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ചന്ദ്രഭാനു നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് നഞ്ചില്‍ കുഞ്ഞിരാമന്‍, കര്‍ഷക മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.കെ. കുട്ടന്‍, ബിജെപി ജില്ലാ കമ്മറ്റിയംഗം ശ്രീധരന്‍ കാരാക്കോട്, ഉദുമ മണ്ഡലം കമ്മറ്റി പ്രസിഡണ്ട് പുല്ലൂര്‍ കുഞ്ഞിരാമന്‍, വൈസ് പ്രസിഡണ്ട് സി.ചന്ദ്രന്‍, ജനറല്‍ സെക്രട്ടറി പി.കെ.ബാബുരാജ്, മണ്ഡലം സെക്രട്ടറി ജയകുമാര്‍, ട്രഷറര്‍ എടപ്പണി ബാലകൃഷ്ണന്‍, പഞ്ചായത്ത് സെക്രട്ടറി വേണുഗോപാല്‍ എന്നിവര്‍ സംബന്ധിച്ചു. ബിജെപി ജില്ലാ കമ്മിറ്റിയംഗം കെ.രാധാകൃഷ്ണന്‍ സ്വാഗതവും യുവമോര്‍ച്ച പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് വിജയകുമാര്‍ നന്ദിയും പറഞ്ഞു.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.