Latest News

ഗള്‍ഫിലേക്ക് പോവുകയായിരുന്ന യുവാവിന്റെ കയ്യില്‍ സുഹൃത്തിന് കൊടുത്തുവിട്ട ഭക്ഷണ പൊതിയില്‍ കഞ്ചാവ്; രണ്ടുപേര്‍ പൊലീസ് പിടിയില്‍

കാസര്‍കോട്: [www.malabarflash.com] ഗള്‍ഫിലേക്ക് പോവുകയായിരുന്ന യുവാവിന്റെ കയ്യില്‍ സുഹൃത്തിന് വേണ്ടി കൊടുത്തയച്ച ഭക്ഷണപ്പൊതിയില്‍ കഞ്ചാവ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ ബദിയടുക്ക പൊലീസ് കസ്റ്റഡിയിലെടുത്തു.

നെല്ലിക്കട്ട കൊയര്‍കൊച്ചി ചെന്നടുക്കയിലെ ഹനീഫയുടെ കയ്യിലാണ് ഖത്തറിലേക്ക് കൊണ്ടുപോകാനായി പഴംപൊരിയും അപ്പങ്ങളും അടങ്ങിയ പൊതി കൊടുത്തുവിട്ടത്. ഖത്തറിലെ ഹനീഫയുടെ സുഹൃത്തിനെ ഏല്‍പ്പിക്കണമെന്ന് പറഞ്ഞ് സുഹൃത്തിന്റെ അനുജനാണ് ഭക്ഷണപ്പൊതി ബുധനാഴ്ച രാത്രി എട്ടരമണിക്ക് വീട്ടില്‍ എത്തിച്ചത്. ബാഗില്‍ വസ്ത്രങ്ങള്‍ക്കൊപ്പം പൊതി വെക്കാന്‍ കഴിയാത്തതിനാല്‍ അഴിച്ച് വേറൊരു രീതിയില്‍ പൊതിയാല്‍ ശ്രമിക്കുന്നതിനിടയിലാണ് പഴകിയ ബര്‍മുഡ അതിനകത്ത് കണ്ടെത്തിയത്. സംശയം തോന്നി ബര്‍മുഡ പരിശോധിച്ചപ്പോള്‍ അതിന്റെ കീശയിലാണ് കഞ്ചാവ് കണ്ടെത്തിയത്.

ഉടന്‍ ബദിയടുക്ക പൊലീസിനെ അറിയിച്ചു. അര്‍ദ്ധരാത്രിയോടെ ബദിയടുക്ക പൊലീസെത്തി ഇവ കസ്റ്റഡിയിലെടുത്തു. ഭക്ഷണപ്പൊതി കൊടുത്തയച്ച യുവാവിനേയും പൊലീസ് പിടിച്ചു. ജ്യേഷ്ഠന് അപ്പത്തരങ്ങള്‍ കൊടുത്തയക്കാനുണ്ടെന്ന് പറഞ്ഞപ്പോള്‍ നാട്ടുകാരനായ ജ്യേഷ്ഠന്റെ ഒരു സുഹൃത്താണ് തനിക്ക് ഒരു ബര്‍മുഡ കൂടി അയക്കാനുണ്ടെന്ന് പറഞ്ഞ് തന്നെ ഏല്‍പ്പിച്ചതെന്നാണ് ആദ്യം പിടിയിലായ യുവാവ് പറഞ്ഞത്. അതോടെ ബര്‍മുഡ കൊടുത്തയച്ച ആളെ കൂടി പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

വ്യാഴാഴ്ച രാവിലെയുള്ള വിമാനത്തിന് ഹനീഫ ഖത്തറിലേക്ക് തിരിച്ചു. പൊതി അഴിച്ചുനോക്കിയില്ലായിരുന്നുവെങ്കില്‍ ഹനീഫ വിമാനത്താവളത്തില്‍ കുടുങ്ങുമായിരുന്നു.
വിദേശത്തായിരുന്നുവെങ്കില്‍ മയക്കുമരുന്ന് കടത്തിന് തലവെട്ടുന്നത് അടക്കമുള്ള കനത്ത ശിക്ഷയാണ് ഉള്ളത്.




Keywords:Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.