Latest News

കെ. ടിയുടെ 'വെള്ളപ്പൊക്കം' തിയേറ്റര്‍ലാബ് അരങ്ങിലെത്തിച്ചു

ഉദുമ:[www.malabarflash.com]ഡി. വൈ. എഫ്.ഐ മുതിയക്കാല്‍ യൂണിറ്റുകളുടെയും ചെഗുവേര യുവജന സ്വാശ്രയ സംഘത്തിന്റയും സംയുക്താഭിമുഖ്യത്തില്‍ ഓണാഘോഷ പരിപാടികളുടെ ഭാഗമായി കെ. ടി. മുഹമ്മദിന്റെ വെള്ളപ്പൊക്കം എന്ന നാടകം തിയേറ്റര്‍ ലാബ് വീണ്ടും അരങ്ങിലെത്തിച്ചു. നാടകം കാണാന്‍ മുതിയക്കാലിലെ ഗ്രാമമൊന്നാകെ സ്റ്റേജിന് മുന്നിലെത്തി.

പരീക്ഷണ നാടകങ്ങളെ പ്രോത്സാഹിപ്പിക്കാനും നാടകവും നാടകേതരവുമായ പ്രവര്‍ത്തനങ്ങളെ കോര്‍ത്തിണക്കാനും ജനകീയ നാടകസങ്കല്‍പ്പത്തെ വളര്‍ത്തിയെടുത്ത് ജ്വലിപ്പിച്ച് നിര്‍ത്താനുമായി ജില്ലയില്‍ രൂപീകരിച്ച നാടകപ്രവര്‍ത്തകരുടെ പുതിയ കൂട്ടായിമയാണ് തിയേറ്റര്‍ ലാബ്.
തൃശൂര്‍ അരണാട്ടുകരയിലെ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളും നിലവില്‍ വിദ്യാര്‍ത്ഥികളുമായ ഒരു സംഘമാണ് തിയേറ്റര്‍ ലാബിനെ നയിക്കുന്നത്.

കേരളത്തില്‍ ഏറെ ചലനങ്ങള്‍ സൃഷ്ടിച്ച കെ. ടി മുഹമ്മദിന്റെ നാടകമായ വെള്ളപ്പൊക്കം ഒരു ഗ്രാമത്തിനു മുമ്പില്‍ പുതുതലമുറക്കാരായ നാടകപ്രവര്‍ത്തകര്‍ സമര്‍പ്പിച്ചപ്പോള്‍ അത് മുതിയക്കാലിന് നവ്യാനുഭവമായി മാറി. ഓപ്പണ്‍ സ്റ്റേജില്‍ അവതരിപ്പച്ച നാടകം ജനകീയ സ്വഭാവം നിലനിര്‍ത്തിക്കൊണ്ടാണ് രൂപകല്‍പ്പന ചെയ്തത്.

സ്‌കൂള്‍ ഓഫ് ഡ്രാമയില്‍നിന്ന് ബിരുദപഠനം പൂര്‍ത്തിയാക്കിയ ദിലീപ് മുതിയക്കാലാണ് വെള്ളപ്പൊക്കം സംവിധാനം ചെയ്തത്. സ്‌കൂള്‍ ഓഫ് ഡ്രാമയിലെ ഫൈന്‍ ആര്‍ട്‌സ് വിഭാഗം വിദ്യാര്‍ത്ഥികളായ ജി. എസ് അനന്തകൃഷ്ണന്‍ (അണിഞ്ഞ), അജിത്ത് കൊട്ടോടി, ഹരീഷ് പള്ളാരം പ്രവീണ്‍ കാടകം എന്നിവര്‍ക്കുപുറമെ തിരുവനന്തപുരം ജഗതി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സൗണ്ട് എഞ്ചിനിയറായ അഖില്‍രാജ് ചെന്നിക്കരയും നാടകം അരങ്ങിലെത്തിച്ചതിന്റെ അണിയറശില്‍പ്പികളാണ്. ദിലീപും അനന്തകൃഷ്ണനും കുറ്റിക്കോല്‍ സണ്‍ഡേ തിയേറ്റര്‍ വിദ്യാര്‍ത്ഥികളായിരുന്നു.

മുതിയക്കാലിലെ മുരളി, രാമചന്ദ്രന്‍, സി. കെ. ശശി, അശ്വതി, മനീഷ, നിഖില്‍ എരോല്‍, ശിവകുമാര്‍, ജിബിന്‍ലാല്‍, രാകേഷ് കളിങ്ങോത്ത്, സോന, നന്ദന, നന്ദന നാരായണന്‍, ആര്യ, അഭിജിത്ത്, അഖില്‍, വൈഷ്ണവ്, ശരത്ത് എന്നിവര്‍ വെള്ളപ്പൊക്കത്തില്‍ അഭിനേതാക്കളായി.




Keywords:Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.