Latest News

'ഗുണ്ടാ പൊലീസിന്' സസ്‌പെന്‍ഷന്‍; വയോധികന് മുഖ്യമന്ത്രിയുടെ പുത്തന്‍ ടൈപ്പ്‌റൈറ്റര്‍ സമ്മാനം

ലക്‌നൗ:[www.malabarflash.com] വയോധികന്റെ ജീവിതമാര്‍ഗ്ഗമായ ടൈപ്പ് റൈറ്റര്‍ ചവിട്ടി തകര്‍ത്ത വിവാദ സംഭവത്തില്‍ സബ് ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്തു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സബ് ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്തത്. ജില്ലാ പൊലീസ് മേധാവിയും ഡിസ്റ്റിക് മജിസ്‌ട്രേറ്റും വയോധികനെ സന്ദര്‍ശിച്ച് പുതിയ ടൈപ്പ്‌റൈറ്റര്‍ കൈമാറുകയും ചെയ്തു.


വയോധികന്റെ ഏക ജീവിതമാര്‍ഗ്ഗമായ ടൈപ്പ്‌റൈറ്റര്‍ പൊലീസുകാരന്‍ ചവിട്ടിതകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് സോഷ്യല്‍ മീഡിയ വഴി വ്യാപകമായി പ്രചരിച്ചത്. ലക്‌നൗ നഗരത്തിലെ തിരക്കുള്ള തെരുവോരത്ത് 35 വര്‍ഷമായി ഹിന്ദി ടൈപ്പ് ചെയ്താണ് ഈ വയോധികന്‍ അന്നം കണ്ടെത്തിയിരുന്നത്. ദിവസവും പത്ത് മണിക്കൂര്‍ ജോലി ചെയ്താല്‍ ഇദ്ദേഹത്തിനു ലഭിക്കുക 50 രൂപ മാത്രമാണ്. ഈ വയോധികന്റെ ടൈപ്പ് റൈറ്റര്‍ സബ് ഇന്‍സ്‌പെക്ടര്‍ പ്രദീപ്കുമാര്‍ ചവിട്ടി തകര്‍ക്കുകയായിരുന്നു.


അതുവഴി പോയ ഒരു ഫോട്ടോ ജേര്‍ണലിസ്റ്റ് സംഭവം ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ അദ്ദേഹം ഫേസ്ബുക്കിലിട്ടതോടെ സംഭവം സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍ പെട്ടാണ് യുപി മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചത്.


തെരുവുഗുണ്ടകളെ പോലും നാണിപ്പിക്കുന്ന പ്രകടനം നടത്തിയ സബ് ഇന്‍സ്‌പെക്ടറെ കൃത്യവിലോപത്തിന് സസ്‌പെന്‍ഡ് ചെയ്യുകയും വയോധികന് പുതിയ ടൈപ്പ് റൈറ്റര്‍ എത്തിച്ചു നല്‍കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം വയോധികനെ സന്ദര്‍ശിച്ച ഡിഎസ്പിയും ജില്ലാ മജിസ്‌ട്രേറ്റും വയോധികനോട് പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായ മോശം പെരുമാറ്റത്തിന് ക്ഷമ ചോദിക്കുകയും ചെയ്തു.




Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.