Latest News

വാട്‌സാപ്പില്‍ സുരക്ഷാവീഴ്ച, 200 മില്യണ്‍ ഉപയോക്താക്കളെ ബാധിക്കും

വാട്‌സാപ്പിലെ സുരക്ഷാവീഴ്ച ഏകദേശം 200 മില്യണ്‍ ഉപയോക്താക്കളെ കുഴപ്പത്തിലാക്കുമെന്നു റിപോര്‍ട്ട്. വാട്‌സാപ്പ്ഉപയോക്താക്കളുടെ ഫോണ്‍ നമ്പര്‍ മാത്രമുപയോഗിച്ച് അവരുടെ കംപ്യൂട്ടറുകളെ ഹാക്കര്‍മാര്‍ക്കു ഹാക്കു ചെയ്യുവാനാകുമെന്ന് ഒരു പ്രമുഖ സൈബര്‍ സുരക്ഷാ ഏജന്‍സിയാണു കണ്ടെത്തിയിരിക്കുന്നത്. വാട്‌സാപ് വെബ് വേര്‍ഷനിലാണ് ഈ സുരക്ഷാ വീഴ്ച കണ്ടെത്തിയിരിക്കുന്നത്.[www.malabarflash.com]

വാട്‌സാപ്പ് വെബ് വേര്‍ഷനുപയോഗിക്കുന്ന ഉപയോക്താക്കളുടെ കംപ്യൂട്ടറുകളില്‍ ആദ്യം മാല്‍വെയറുകള്‍ ഹാക്കര്‍മാര്‍ ഇന്‍സ്‌റ്റോള്‍ ചെയ്യുന്നു. തുടര്‍ന്നു റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചാലെന്നതു പോലെ അവരുടെ കംപ്യൂട്ടര്‍ ഹാക്കര്‍മാര്‍ തങ്ങളുടെ നിയന്ത്രണത്തിലാക്കുന്നു.

കഴിഞ്ഞ മാസം 900 മില്യണ്‍ ഉപയോക്താക്കള്‍ തികഞ്ഞ വാട്‌സാപ്പ് അടുത്ത കാലത്താണു വെബ് വേര്‍ഷന്‍ പുറത്തിറക്കിയത്. ഇതോടു കൂടി സ്മാര്‍ട്‌ഫോണില്‍ എന്നതുപോലെ തന്നെ പിസിയിലും വാട്‌സാപ്പ് ഉപയോഗിക്കുവാന്‍ സാധിക്കും. പക്ഷേ കംപ്യൂട്ടറുകളില്‍ വാട്‌സാപ്പ് ഉപയോഗിക്കുന്നതു സുരക്ഷിതമല്ലെന്നു ഈ റിപോര്‍ട്ട് സൂചിപ്പിക്കുന്നു. ചെക്ക് പോയിന്റ് എന്ന സുരക്ഷാ ഏജന്‍സിയാണ് ഇത്തരത്തിലൊരു സുരക്ഷാ വീഴ്ച വാട്‌സാപ്പിന്റെ വെബ് വേര്‍ഷനിലുണ്ടെന്നു കണ്ടെത്തിയിരിക്കുന്നത്.

വെബ് ഉപയോക്താക്കള്‍ക്കു ഹാക്കര്‍മാര്‍ അയ്ക്കുന്ന വികാര്‍ഡ് തുറക്കുന്നതിലൂടെയാണ് മാല്‍വെയര്‍ കംപ്യൂട്ടറില്‍ ഇന്‍സ്റ്റാളാകുന്നത്. മാല്‍വെയര്‍ ഡൗണ്‍ലോഡാകുന്നതോടെ സിസ്റ്റത്തിന്റെ പ്രവര്‍ത്തനവേഗത വളരെ കുറയുന്നു. പതുക്കെ സിസ്റ്റത്തിന്റെ പരിപൂര്‍ണ നിയന്ത്രണം ഏറ്റെടുക്കുന്ന മാല്‍വെയര്‍ നിര്‍മാതാക്കള്‍ സിസ്റ്റം ലോക്കു ചെയ്യുകയും തുടര്‍ന്നു സിസ്റ്റം തിരിച്ചുലഭിക്കുന്നതിനായി പണം ആവശ്യപ്പെടുകയും ചെയ്യുന്നു.

വാട്‌സാപ്പ് ഈ സുരക്ഷാവീഴ്ച അംഗീകരിയ്ക്കുകയും അതിനു പ്രതിവിധി ഉടന്‍ കണ്ടെത്തുകയും ചെയ്തിരിക്കുകയാണ്. ഈ സുരക്ഷാവീഴ്ചയില്ലാത്ത പുതിയ വേര്‍ഷന്‍ ഓഗസ്റ്റ് 27ാം തീയതി വാട്‌സാപ്പ് പുറത്തിറക്കി. സുരക്ഷ ഉറപ്പാക്കുന്നതിനു കഴിവതും വേഗം എല്ലാ ഉപയോക്താക്കളും ഈ പുതിയ അപ്‌ഡേറ്റഡ് വേര്‍ഷന്‍ ഡൗണ്‍ലോഡു ചെയ്യണമെന്നു ചെക്ക് പോയിന്റ് സൂചിപ്പിക്കുന്നു.




Keywords:Tech News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.