Latest News

അയ്‌ലാന്‍ കുര്‍ദിയുടെ മരണത്തെ അപഹസിച്ച് ഷാര്‍ളി ഹെബ്‌ദോ

പാരീസ്: [www.malabarflash.com] അഭയം തേടിയുള്ള അലച്ചിലിനിടെ മെഡിറ്ററേനിയന്‍ സമുദ്രത്തില്‍ മുങ്ങിമരിച്ച് കരക്കടിഞ്ഞ മൂന്ന് വയസ്സുകാരന്‍ അയ്‌ലാന്‍ കുര്‍ദിയുടെ മരണത്തെ അപഹസിച്ച് ഫ്രഞ്ച് ആക്ഷേപഹാസ്യ മാസിക ഷാര്‍ളി ഹെബ്‌ദോ.

നബി നിന്ദാ കാര്‍ട്ടൂണ്‍ വഴി കുപ്രസിദ്ധമായ മാസികയുടെ ആക്ഷേപം ലോകവ്യാപകമായ പ്രതിഷേധം വിളിച്ചുവരുത്തിയിട്ടുണ്ട്. ഒന്നെടുത്താല്‍ രണ്ട് എന്ന പ്രമുഖമായൊരു ഭക്ഷ്യശൃംഖലയുടെ പരസ്യവാചകമെഴുതിയ ബോര്‍ഡിന് സമീപം അയ്‌ലാന്‍ കുര്‍ദി മുഖം പൂഴ്ത്തി മരിച്ചുകിടക്കുന്നതാണ് കാര്‍ട്ടൂണ്‍. 

മാഗസിന്റെ പുറം ചട്ടയില്‍ തന്നെ ഈ കാര്‍ട്ടൂണാണ് നല്‍കിയിരിക്കുന്നത്. അയ്‌ലാന്റെ മരണത്തിന്റെ പേരില്‍ അഭയാര്‍ഥികള്‍ യൂറോപ്യന്‍ രാജ്യങ്ങളെ മുതലെടുക്കുകയാണ് എന്നാണ് കാര്‍ട്ടൂണിസ്റ്റിന്റെ കുറ്റപ്പെടുത്തല്‍. സോഷ്യല്‍ മീഡിയകളില്‍ ഈ കാര്‍ട്ടൂണ്‍ വ്യാപിച്ചതോടെ, നേരത്തെ ഈ മാഗസിന്റെ നിലപാടുകളെ അനൂകൂലിച്ചവര്‍ പോലും ശക്തമായ വിമര്‍ശം ഉന്നയിച്ചു രംഗത്തെത്തി. 

ഈ മാസം രണ്ടിനാണ് അയ്‌ലാന്‍ കുര്‍ദിയും സഹോദരനും ഗ്രീക്കില്‍ നിന്ന് കോസിലേക്കുള്ള ബോട്ട് യാത്രക്കിടെ ബോട്ട് മറിഞ്ഞ് മുങ്ങിമരിച്ചത്. കുട്ടി മരിച്ചുകിടക്കുന്ന ചിത്രം ലോകവ്യാപകമായി പ്രചരിച്ചതോടെ അഭയാര്‍ഥികള്‍ നേരിടുന്ന പ്രതിസന്ധിയുടെ ആഴം ലോകം തിരിച്ചറിഞ്ഞു. ഇതേതുടര്‍ന്ന് ചില യൂറോപ്യന്‍ രാജ്യങ്ങളെങ്കിലും അഭയാര്‍ഥികളെ സ്വീകരിക്കാന്‍ മുന്നോട്ടു വന്നു. 

യൂറോപ്പ് ക്രിസ്ത്യനാണെന്ന് ദ്യോതിപ്പിക്കുന്ന മറ്റൊരു കാര്‍ട്ടൂണും മാഗസിനിലുണ്ട്. ഇതേ കാര്‍ട്ടൂണില്‍ യേശുവെന്ന് വിശ്വസിക്കപ്പെടുന്ന ഒരാള്‍ കടലിന് ഉപരിതലത്തില്‍ നില്‍ക്കുമ്പോള്‍ കാല്‍ മാത്രം പുറത്ത് കാണുന്ന ഒരു കുട്ടി കടലിലേക്ക് ആഴ്ന്നുപോകുന്നതിന്റെയും കാര്‍ട്ടൂണ്‍ കൊടുത്തിട്ടുണ്ട്. ക്രിസ്ത്യാനികള്‍ സമുദ്രത്തിന് മുകളിലൂടെ നടക്കുന്നു, മുസ്‌ലിം കുട്ടികള്‍ മുങ്ങുന്നു എന്നാണ് കാര്‍ട്ടൂണിലെ വാചകം. 

മുങ്ങിമരിച്ച അഭയാര്‍ഥികളെ മുഴുവന്‍ അപഹസിക്കുന്നതാണ് ഷാര്‍ളി ഹെബ്‌ദോയുടെ കാര്‍ട്ടൂണെന്ന് തുര്‍ക്കി മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടി. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ മറവില്‍ കാട്ടിക്കൂട്ടുന്ന പ്രവര്‍ത്തികളെന്ന് മൊറോക്കോ വേള്‍ഡ് ന്യൂസ് ഇതിനെ വിശേഷിപ്പിച്ചു. പൂര്‍ണ വംശീയ സ്വഭാവത്തിലധിഷ്ഠിതമാണ് ഷാര്‍ളി ഹെബ്‌ദോ. ഫ്രാന്‍സിന്റെ ധാര്‍മിക ബോധത്തിലുണ്ടായ അപചയത്തിന്റെ അടയാളമായി ഇത് മാറിക്കഴിഞ്ഞു- മെട്രോ പോളിറ്റന്‍ പോലീസ് അതോറിറ്റി മുന്‍ വൈസ് ചെയര്‍മാന്‍ ബാരിസ്റ്റര്‍ പീറ്റര്‍ ഹെര്‍ബര്‍ട്ട് പറഞ്ഞു. 

ഈ വിഷയം അന്താരാഷ്ട്ര ക്രിമിനല്‍ കോടതിക്ക് മുമ്പാകെ സമര്‍പ്പിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അപഹസിക്കുന്നതും അരോചകവുമാണ് കാര്‍ട്ടൂണെന്ന് നിരവധി പ്രമുഖര്‍ ട്വിറ്റര്‍ വഴി വ്യക്തമാക്കി.




Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.