Latest News

ഉദുമയില്‍ ലീഗ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ശക്തമായ ചരടുവലി

ഉദുമ[www.malabarflash.com]: ആസന്നമായ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഉദുമ ഗ്രാമപഞ്ചായത്തില്‍ ലീഗ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ചരടുവലി രൂക്ഷമായി. ലീഗിന്റെ ഉരുക്കുകോട്ടകളായ നാലാംവാതുക്കല്‍, വെടിക്കുന്ന് എന്നീ രണ്ടു വാര്‍ഡുകളില്‍ നിരവധി പേരാണ് ആഗ്രഹം പ്രകടിപ്പിച്ച് രംഗത്ത് വന്നിരിക്കുന്നത്.

ലീഗിന്റെ സ്ഥിരം തട്ടകമായ നാലാംവാതുക്കല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിലെ ആയിഷാബി അട്ടിമറി വിജയം നേടി യു.ഡി.എഫ് കേന്ദ്രങ്ങളെ അങ്കലാപ്പിലാക്കിയ വാര്‍ഡാണ്.
അന്ന് ലീഗിന്റെ പഞ്ചായത്ത് നേതാവിനെതിരെ ഉയര്‍ന്നുവന്ന പ്രതിഷേധമാണ് ലീഗ് സ്ഥാനാര്‍ത്ഥിയായ ഫൗസിയ സലാമിന് പരാജയം സമ്മാനിച്ചത്.ഒപ്പം പാക്യാര വാര്‍ഡും ലീഗിന് നഷ്ടപ്പെട്ടതോടെ അരികിലെത്തിയ പഞ്ചായത്ത് ഭരണം യു.ഡി.എഫിന് നഷ്ടമായത്.
ഈ പരാജയങ്ങളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് കഴിഞ്ഞ 5 വര്‍ഷമായി ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ നാലാംവാതുക്കല്‍ വാര്‍ഡ് തിരിച്ചു പിടിക്കാന്‍ ശ്രമങ്ങള്‍ തുടങ്ങിയിരുന്നു.[www.malabarflash.com]
അത് ഏറെ കുറേ വിജയത്തിലേക്ക് എത്തുന്നതിനിടയിലാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ലീഗിനെ കുഴക്കുന്നത്.

എ.പി. വിഭാഗം സുന്നികള്‍ക്ക് നിര്‍ണ്ണായക വോട്ടുബാങ്കുളള നാലാംവാതുക്കല്‍ വാര്‍ഡിലെ എരോല്‍ പ്രദേശത്തെ സുന്നീ പ്രവര്‍ത്തകരുടെ വോട്ടുകള്‍ ഇപ്രാവശ്യം ലീഗിന് അനുകൂലമായി ലഭിക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഈ വേട്ടുകള്‍ എല്‍.ഡി.എഫിന് മൊത്തമായി ലഭിച്ചെങ്കിലും പിന്നീട് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും, പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിലും ഈ വോട്ടുകള്‍ എല്‍.ഡി.എഫിന് ലഭിച്ചിരുന്നില്ലെന്നാണ് ലീഗ് വിലയിരുത്തുന്നത്. കൂടാതെ ഇവിടെയുണ്ടായിരുന്ന പ്രാദേശിക പ്രശ്‌നങ്ങള്‍ക്കും ഏറെകുറേ പരിഹാരം കാണാനും സാധിച്ചത് ലീഗിന് വിജയ പ്രതീക്ഷ നല്‍കുന്നു. [www.malabarflash.com]

നാലാംവാതുക്കല്‍ വാര്‍ഡില്‍ മുതിര്‍ന്ന ലീഗ് നേതാവ് കെ.എ മുഹമ്മദലിയെ രംഗത്തിറക്കാനാണ് ആലോചന, യു.ഡി.എഫിന്റെ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായാണ് മുഹമ്മദലിയെ മത്സര രംഗത്തിറക്കുന്നത്.
അതേ സമയം ഉദുമ പഞ്ചായത്ത് ലീഗ് പ്രസിഡണ്ടായ ഹമീദ് മാങ്ങാട്, സെക്രട്ടറി സത്താര്‍ മുക്കുന്നേത്ത് എന്നിവരില്‍ ആരെയെങ്കിലും നാലാംവാതുക്കല്‍ വാര്‍ഡില്‍ മത്സരിപ്പിക്കണമെന്ന ആവശ്യമുയര്‍ന്നു വന്നിട്ടുണ്ട്. പൊതു പ്രവര്‍ത്തന രംഗത്ത് സജീവമുളള എന്‍.ബി.കരീമിന്റെ പേരും ഉയര്‍ന്നുവന്നിട്ടുണ്ട്.

അതിനിടെ ലീഗിന്റെ ശക്തി കേന്ദ്രമായ മുക്കുന്നോത്ത് ഉള്‍പ്പെടുന്ന വെടിക്കുന്ന് വാര്‍ഡില്‍ മുഹമ്മദലിയെ മത്സരിപ്പിക്കാന്‍ ലീഗ് നേതൃത്വത്തിന് മേല്‍ ശക്തമായ സമ്മര്‍ദ്ദമുണ്ട്.ഇവിടെയും ഹമീദ് മാങ്ങാടിന്റെ പേരും ഉയര്‍ന്നുവന്നിട്ടുണ്ട്.

നാലാംവാതുക്കല്‍ വാര്‍ഡില്‍ കെ.എ മുഹമ്മദലിയെയും വെടിക്കുന്ന് വാര്‍ഡില്‍ ഹമീദ് മാങ്ങാടിനും നല്‍കുമെന്നാണ് സൂചന.
ലീഗിന്റെ പഞ്ചായത്ത് സെക്രട്ടറി എന്ന നിലയില്‍ സത്താര്‍ മുക്കുന്നോത്തിനെ പഞ്ചായത്തിന്റെ മുഴുവന്‍ തിരഞ്ഞെടുപ്പ് ചുമതലയും ഉളളതിനാല്‍ മത്സര രംഗത്ത് നിന്നും മാററി നിര്‍ത്താനാണ് ലീഗ് നേതൃത്വം ആലോചിക്കുന്നത്.

ലീഗിന്റെ നിര്‍ണ്ണായകമായ മറെറാരു വാര്‍ഡായ പാക്യാര വനിത സംവരണം ആയതോടെ സ്ഥാനാര്‍ത്ഥി കുപ്പായം തുന്നി കാത്തിരുന്നവര്‍ നിരാശരായി. ഒപ്പം ലീഗ് നേതൃത്വത്തിന്റെ തലചൂടും കുറഞ്ഞു. പാക്യാരയില്‍ നഫീസയെ മത്സരിപ്പിക്കാന്‍ ഏറെ കുറേ ധാരണയായതാണ് വിവരം.
ഏതായായും 10 ന് മുമ്പായി ലീഗിന്റെ സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് പുറത്ത് വരുമെന്നാണ് നേതൃത്വം നല്‍കുന്ന സൂചന. [www.malabarflash.com]

അതേ സമയം യു.ഡി.എഫില്‍ മുസ്‌ലിം ലീഗിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ബഹുദൂരം മുന്നിലെത്തിയെങ്കിലും കോണ്‍ഗ്രസ്സ് ഇനിയും പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടില്ല.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.