Latest News

ശിങ്കാരപ്പെട്ടി നാടു നീങ്ങി

പെട്ടി...പെട്ടി ശിങ്കാരപ്പെട്ടി. പെട്ടി തുറന്നപ്പോ സ്ഥാനാര്‍ത്ഥി പൊട്ടി. പഴമക്കാര്‍ താലോലിച്ചു പാടി രസിച്ച, മുദ്രാവാക്യമായ, ഒരു തരം ശൈലീകൃത കവിത ഇന്ന് അപ്രസക്തം. പലതിനോടൊപ്പം ഇതും കാലയവനികയിലേക്ക് മടങ്ങി. പെട്ടിയുടെ പിന്‍തലമുറ ഇലക്‌ട്രോണിക്ക് യന്ത്രത്തിലെത്തി നില്‍ക്കുന്നു. വിദേശത്തു ഇരുന്നു കൊണ്ട്‌ പോലും ഇന്ത്യക്കു വേണ്ടി വോട്ടു ചെയ്യാനുള്ള അവസരം അതിവിദൂരമല്ല.[www.malabaeflash.com]

ത്രിതല തെരെഞ്ഞെടുപ്പാണെങ്കില്‍ മുന്ന് നിറത്തിലുള്ള കടലാസുകള്‍ അച്ചടിച്ചു വെക്കണം. ആദ്യം വേര്‍തിരിച്ചു വെച്ചു വേണം തുടങ്ങാന്‍. ഒതുക്കാനും വേണം സമയം. ടേബിളിനു ചുറ്റും സ്ഥാനാര്‍ത്ഥികളുടെ പരിവാരങ്ങളും നിരവധി ഉദ്യോഗസ്ഥരും. ആദ്യഫലം അറിയാന്‍ തന്നെ ഉച്ചയോടടുക്കും. നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ 24 മണിക്കൂര്‍ വരെ എടുത്തേക്കും.

ജനത്തിനെ ഉദ്യേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താന്‍ ഇനി പെട്ടിയും ബാലറ്റുമുാകില്ല. കേരളത്തില്‍ സ്ഥലം മുടക്കിയായി മാറിയ ബാലറ്റ് പെട്ടിയില്‍ മ്യൂസിയത്തിലേക്കുള്ളവ കഴിച്ച് ബാക്കി ഇതര സംസ്ഥാനങ്ങള്‍ക്ക് കൈമാറാന്‍ ധാരണയായതായി തെരെഞ്ഞെടുപ്പു കമ്മീഷന്‍ കെ.ശശീധരന്‍ നായര്‍ അറിയിച്ചു. 

ഒന്നും കിട്ടിയില്ലേലും വേണ്ടീല, ഒഴിവായിക്കിട്ടുമല്ലോ. 5 വര്‍ഷം കഴിഞ്ഞു. 2010ലെ തെരെഞ്ഞെടുപ്പിനു ശേഷം ഇതൊതുക്കി വെച്ച മുറി പിന്നെ തുറന്നിട്ടേ ഇല്ല.

നാം ഓമനിച്ചു വളര്‍ത്തിയ, പാടിപ്പെരുപ്പിച്ച പെട്ടിയുടെ ചരിത്രം തുടങ്ങുന്നതിങ്ങനെ. 1952 വരെ ഒരു സ്ഥാനാര്‍ത്ഥിക്ക് ഒരു പെട്ടിയായിരുന്നു. നികുതി കൊടുക്കുന്നവനും സ്വത്തുള്ളവനും മാത്രമെ മത്സരിക്കാനും വോട്ടു ചെയ്യാനും തുടക്കത്തില്‍ അവകാശവും, അവസരവുമുണ്ടായിരുന്നുള്ളു. ഇഷ്ടപ്പെടുന്നവന്റെ പെട്ടിയെ വോട്ടര്‍ക്ക് സമീപിക്കാം. സുതാര്യ രഹസ്യ വോട്ടെടുപ്പ്. 1952ല്‍ ചിഹ്നങ്ങള്‍ വന്നു. അവരവരുടെ പെട്ടിക്ക് പുറത്ത് പ്രിന്റ് ചെയ്ത ചിഹ്നങ്ങള്‍ ഒട്ടിച്ചു വെച്ചാല്‍ പിന്നെ കുശാലായല്ലോ. വോട്ടു ചെയ്യാനെളുപ്പമെന്ന ആദ്യപരിഷ്‌ക്കാരം അവിടെ തുടങ്ങുന്നു.

1958 മുതല്‍ 62 വരെ അങ്ങനെയൊക്കെത്തന്നെ. പിന്നീട് രഹസ്യ ബാലറ്റു വന്നു. എല്ലാ വോട്ടുകളും ഒരേ പെട്ടിയിലെന്ന പരിഷ്‌കാരമായിരുന്നു അത്. 'വോട്ടു രേഖപ്പെടുത്തല്‍' എന്ന പദമുണ്ടായത് അങ്ങനെയാണ്. പിന്നിട് പരിഷ്‌കാര സിദ്ധാന്തത്തിനു വോട്ടു ലഭിക്കാനും, അസാധുവിനെ തുരത്താനും മാതൃകാ ബാലറ്റ് അടിച്ചിറക്കി ജനങ്ങളെ പഠിപ്പിക്കാന്‍ അനുമതിയായി. വീടുവീടാന്തരം രാഷ്ട്രീയ പ്രവര്‍ത്തകര്‍ കയറി ഇറങ്ങി വോട്ടു പഠിപ്പിക്കാന്‍ തുടങ്ങിയത് 58 മുതല്‍ക്കാണ്. അതൊരു തെരെഞ്ഞെടുപ്പുല്‍സവമായി മാറി. പ്രവര്‍ത്തകരും വോട്ടര്‍മാരും ഒന്നിക്കുന്ന അപൂര്‍വ്വ നിമിഷം.

നിലവിലെ ഇലക്‌ട്രോണിക്ക് വോട്ടിങ്ങ് സമ്പ്രദായം രാജ്യം പരീക്ഷിച്ചു നോക്കിയത് 1984ലെ ദേവികുളം ഉപതെരെഞ്ഞെടുപ്പിലായിരുന്നു. പരിഷ്‌കരണ വിരോധികള്‍ ഇതിനെതിരെ കോടതിയെ സമീപിച്ചു. ഈ സംവിധാനം നിയമപരമല്ലാത്തതിനാല്‍ കോടതി അതു തടഞ്ഞതോടെ പെട്ടി തിരിച്ചു വരുമെന്ന് പ്രതീക്ഷിച്ചവര്‍ വീണ്ടും നിരാശരായി. പാര്‍ലിമെന്റു പുതിയ നിയമം കൊണ്ടു വന്നു. ജനപ്രാതിനിധ്യ നിയമം ഭേതഗതിയായതോടെ കടമ്പകള്‍ അവസാനിച്ചു.

2001ലെ കേരള നിയമസഭാ പൊതു തെരെഞ്ഞെടുപ്പ് സമ്പുര്‍ണ വോട്ടിങ്ങ് യന്ത്രം ഉപയോഗിച്ചായിരുന്നു. ത്രിതലത്തില്‍ ഇത്തവണ ഇത് ആദ്യമാണ്. മുന്നോ അതില്‍ കുടുതലോ യുണിറ്റുകല്‍ ഒരേപോലെ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമെന്ന പ്രത്യേകതയ്ക്കാണ് ഇത്തവണത്തെ വോട്ട്. 

പുതിയവയുടെയൊക്കെ പരീക്ഷണ കേന്ദ്രം കേരളം തന്നെയായിരുന്നുവെന്നും അസാധുവിനെ തുരത്തിയതും നമ്മള്‍ തന്നെയാണെന്നും വേണേല്‍ നമുക്ക് ഇച്ചിരി അഹങ്കരിക്കാം. മാത്രമല്ല, പരിസ്ഥിതി സൗഹൃദം കുടിയാണിത്. കുടാതെ ലാഭവും. 

കഴിഞ്ഞ തവണ ബാലറ്റ് പേപ്പര്‍ അച്ചടിക്കുന്നതിനു വേണ്ടി മാത്രം ചിലവ് 20 കോടിയായിരുന്നു. ഞെട്ടാതെ പറ്റുമോ . നമ്മളുടെ കീശയ്ക്കാണല്ലോ ദ്വാരം വീഴുന്നത്. ടണ്‍ കണക്കിനു പേപ്പര്‍ വേണ്ടി വന്നു. 1996ലെ പൊതു തെരെഞ്ഞെടുപ്പില്‍ 8,800 ടണ്‍ പേപ്പര്‍ വേണ്ടിവന്നപ്പോള്‍ 2010ലെ ത്രിതലത്തില്‍ അത് 10,000 ടണ്ണായി ഉയര്‍ന്നു. മിഷ്യന്റെ ചിലവ് അത്രത്തോളം വരില്ലെന്നും പേപ്പറിനേപ്പോലെ ഒരു തവണ മാത്രം ഉപയോഗിച്ച് കളയാനുള്ളതല്ലെന്നും വിലയിരുത്തപ്പെടുന്നു.
പ്രതിഭാരാജന്‍




No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.