Latest News

എന്‍ഫോഴ്സ്മെന്‍റ് ചമഞ്ഞ് കവര്‍ച്ച: അന്വേഷണം അയല്‍ജില്ലകളിലേക്ക്

കോഴിക്കോട്:[www.malabarflash.com] എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് കോഴിക്കോട് ഫ്രാന്‍സിസ് ആലുക്കാസ് ജ്വല്ലറി ജീവനക്കാരന്‍ ദിജിനെ തട്ടിക്കൊണ്ടുപോയി ഒന്നേകാല്‍ കിലോയോളം സ്വര്‍ണം കവര്‍ന്ന കേസില്‍ അയല്‍ജില്ലകളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു.

സിറ്റി പോലീസ് കമീഷണറുടെ കീഴിലുള്ള ക്രൈം സ്‌ക്വാഡ് അംഗങ്ങള്‍ ചൊവ്വാഴ്ച പുലര്‍ച്ചെതന്നെ മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ അന്വേഷണം തുടങ്ങി. തിങ്കളാഴ്ച വൈകീട്ട് നഗരമധ്യത്തില്‍ നടന്ന വന്‍ കവര്‍ച്ചക്ക് ഫ്രാന്‍സിസ് ആലുക്കാസ് ജ്വല്ലറിയിലെയോ ഹാള്‍മാര്‍ക്ക് സ്ഥാപനത്തിലെയോ ജീവനക്കാര്‍ക്ക് പങ്കുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. 

സംശയമുള്ളവരുടെ നമ്പറുകള്‍ കേന്ദ്രീകരിച്ച് സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണം. ആഭരണം ഹാള്‍മാര്‍ക്ക് ചെയ്യാനായി അര കിലോമീറ്റര്‍ പരിധിയിലുള്ള പാളയത്തെ 'പി.വി.എം അസെ സെന്ററിലേക്ക്' ദിജിന്‍ പോയതും വൈകീട്ട് 3.40ഓടെ ജ്വല്ലറിയിലേക്ക് മടങ്ങിയതും അറിയുന്ന ആരോ പ്രതികളെ സഹായിച്ചതായി സംശയിക്കുന്നു.

വൈകീട്ട് 3.43ന് ദിജിന്റെ സ്‌കൂട്ടര്‍ തടഞ്ഞുനിര്‍ത്തി ആഭരണം എടുക്കുന്നതും ഇയാളെ കാറിലേക്ക് പിടിച്ചുകയറ്റി പൂന്താനം ജങ്ഷനിലൂടെ ഇന്നോവ കാര്‍ കുതിച്ചുപോകുന്നതിന്റെയും ദൃശ്യങ്ങള്‍ പോലീസ് കണ്‍ട്രോള്‍ റൂമിലെ സി.സി.ടി.വിയില്‍ തെളിഞ്ഞിട്ടുണ്ട്. ഗ്രേ നിറത്തിലുള്ള കാറിന്റെ നമ്പര്‍ ദൃശ്യത്തില്‍ വ്യക്തമല്ല. മോഷ്ടാക്കളെയും അവ്യക്തമായാണ് കാണുന്നത്. 

എങ്കിലും അക്രമികള്‍ രക്ഷപ്പെട്ട കാറിനെക്കുറിച്ച് ചില നിര്‍ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചതായി അറിയുന്നു. കാറിനു പിന്നിലായി സഞ്ചരിച്ച ബൈക്കിനെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.
തിങ്കളാഴ്ച വൈകീട്ടുതന്നെ സിറ്റി പോലീസ് കമീഷണര്‍ പി.എ. വത്സന്റെ അധ്യക്ഷതയില്‍ അടിയന്തര യോഗം ചേര്‍ന്ന് കേസന്വേഷണത്തിന് സ്‌പെഷല്‍ ടീമിനെ നിയോഗിച്ചു. സൗത് അസി. കമീഷണര്‍ എ.ജെ. ബാബു, സി.ഐമാരായ ടി.കെ. അഷ്‌റഫ്, ഇ. സുനില്‍കുമാര്‍, നോര്‍ത്‌സൗത് അസി.കമീഷണര്‍മാരുടെ ക്രൈം സ്‌ക്വാഡുകള്‍, ഷാഡോ പോലീസ് എന്നിവരടങ്ങുന്നതാണ് സംഘം. ദിജിന്റെ മൊഴിയനുസരിച്ച് കവര്‍ച്ചയുടെ രൂപരേഖ തയാറാക്കിയ പോലീസ് നൂലിഴ കീറിയ അന്വേഷണമാണ് നടത്തുന്നത്. കണ്‍ട്രോള്‍ റൂമിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പലതവണ വിശദമായി പരിശോധിച്ചു.

ഇന്നോവ കാറില്‍ നഷ്ടപ്പെട്ട ദിജിന്റെ ഫോണ്‍ വൈകീട്ട് 4.43ന് ചെറൂപ്പ ടവര്‍ പരിധിയില്‍ പ്രവര്‍ത്തിച്ചുവെന്നതിന്റെ അടിസ്ഥാനത്തില്‍ അരീക്കോട്, നിലമ്പൂര്‍, ഊട്ടി മേഖലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. മോട്ടോര്‍ വാഹന വകുപ്പിന്റെ സഹായത്തോടെ ഗ്രേ നിറമുള്ള ഇന്നോവ കാറുകളുടെ വിശദാംശം ശേഖരിച്ചുവരുകയാണ്. ഇതേ നിറത്തില്‍ നൂറുകണക്കിന് ഇന്നോവ കാറുകള്‍ കോഴിക്കോട്മലപ്പുറം ജില്ലകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഡ്രൈവറടക്കം കാറിലുണ്ടായിരുന്ന മൂന്നു പേരുടെ രേഖാചിത്രം തയാറാക്കാന്‍ ശ്രമമാരംഭിച്ചു. ഇതിനായി ദിജില്‍നിന്ന് വീണ്ടും മൊഴിയെടുത്തു.

ഹാള്‍മാര്‍ക്ക് ചെയ്ത 1.130 കിലോ സ്വര്‍ണവുമായി ആക്ടീവ സ്‌കൂട്ടറില്‍ ആലുക്കാസ് ജ്വല്ലറിയിലേക്ക് പോകുമ്പോഴാണ് ഇന്നോവയിലത്തെിയ മൂന്നംഗ സംഘം സ്‌കൂട്ടര്‍ തടഞ്ഞ് ആഭരണവും ദിജിനെയും തട്ടിക്കൊണ്ടുപോയത്. മുക്കാല്‍ മണിക്കൂറോളം നഗരത്തിലെ ഊടുവഴികളിലൂടെ ചുറ്റിക്കറങ്ങിയ സംഘം 4.40ഓടെ ദിജിനെ ദേവഗിരി സാവിയോ സ്‌കൂളിനടുത്ത ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ച് സ്വര്‍ണവുമായി രക്ഷപ്പെടുകയായിരുന്നു. 

മുഖ്യ പ്രതിയുടെ രേഖാ ചിത്രം പൊലീസ് പുറത്തുവിട്ടു. ആലുക്കാസ് ജ്വല്ലറി ജീവനക്കാരന്‍ വാകയാട് ടിജിന്‍ കുട്ടികൃഷ്ണന്റെ മൊഴി അടിസ്ഥാനമാക്കിയാണ് ചിത്രം തയാറാക്കിയത്.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.