Latest News

റാഫിയുടെ ഇരട്ടഗോളും കേരളത്തെ തുണച്ചില്ല

പുണെ:[www.malabarflash.com] ആദ്യ മിനിറ്റുമുതല്‍ പെന്‍ഡുലം പോലെ ആടിയുലഞ്ഞ ഭാഗ്യനിര്‍ഭാഗ്യങ്ങളും ഐ.എസ്.എല്‍ രണ്ടാം സീസണ്‍ കണ്ട ഏറ്റവും മനോഹരമായൊരു മത്സരത്തിനുമൊടുവില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് തുടര്‍ച്ചയായ നാലാം തോല്‍വിയിലേക്ക് കൂപ്പുകുത്തി. കളിച്ചുകളിച്ച് പുണ സിറ്റി എഫ്.സിക്ക് മുന്നിലാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് ഇത്തവണ വീണത്.

തകര്‍പ്പന്‍ ഫോം തുടര്‍ന്ന കാസര്‍കോടിന്റെ സ്വന്തം മുഹമ്മദ് റാഫി ഒന്നാം മിനിറ്റില്‍ തുടങ്ങിയ ഗോള്‍ വേട്ടയിലൂടെ വലയിലാക്കിയ ഇരട്ടപ്രഹരത്തിന് മറുപടിയായി മൂന്നെണ്ണം ബ്ലാസ്‌റ്റേഴ്‌സിന് നല്‍കിയാണ് പുണെ സ്വന്തം മണ്ണില്‍ നാലാം ജയം കുറിച്ച് പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചത്. തുന്‍സെ സാന്‍ലിയുടെ ടര്‍ക്കിഷ് ബൂട്ടുകളിലൂടെ പിറന്ന വിജയഗോള്‍ ബ്ലാസ്‌റ്റേഴ്‌സിെന്റ വിധിയെഴുതിയ സന്ധ്യയില്‍, ഇരട്ടപ്രഹരവുമായി കാലു ഉച്ചെ കേരളത്തിന്റെ പ്രതീക്ഷകള്‍ക്ക് തുടക്കം മുതല്‍ വിലങ്ങൊരുക്കി.

കളിതുടങ്ങി ആദ്യ മിനിറ്റില്‍ തന്നെ പന്ത് വലയിലാക്കിയ മഞ്ഞപ്പട പുണെക്കായി ആര്‍ത്തുവിളിക്കുകയായിരുന്ന ഗാലറിയെ നിശബ്ദമാക്കുന്നതാണ് കണ്ടത്. മൈതാന മധ്യത്തില്‍നിന്ന് നീട്ടിയെറിഞ്ഞ ത്രോയില്‍ ക്രിസ് ഡഗ്‌നലിന്റെ മനോഹരമായ ക്രോസ്. പുണെയുടെ പെനാല്‍ട്ടി ബോക്‌സില്‍ പ്രതിരോധനിരക്കിടയില്‍നിന്ന് ചാടി മുഹമ്മദ് റാഫിയുടെ ഹെഡര്‍. പുണെയുടെ കാവല്‍ക്കാരന്‍ സ്റ്റീവന്‍ സൈമണ്‍സിന് ഒന്നും ചെയ്യാനായില്ല. അപ്പോഴേക്കും പന്ത് വലയിലായിക്കഴിഞ്ഞിരുന്നു (1-0).

ആദ്യ മിനിറ്റില്‍തന്നെ വീണ ഗോളില്‍ പുണെ പതറിയില്ല. തുന്‍സെ സാന്‍ലി, കാലു ഉച്ചെ, പ്രീതം കോട്ടാള്‍ എന്നിവരുടെ കൂട്ടുകെട്ടിലെ മുന്നേറ്റം മഞ്ഞപ്പടയുടെ പ്രതിരോധനിരയെ തുടരെത്തുടരെ പ്രഹരിക്കുന്നതാണ് പിന്നെ കണ്ടത്. 16ാം മിനിറ്റില്‍ നികളാസ് ഷോറെ നല്‍കിയ പന്ത് കാലു ഉച്ചെ ഹെഡറിലൂടെ കേരളത്തിന്റെ വലയിലാക്കി സമനില പിടിച്ചു (1-1).

23ാം മിനിറ്റില്‍ കേരളത്തെ വെട്ടിലാക്കി വീണ്ടും കാലു ഉച്ചെയുടെ ഹെഡര്‍. മഞ്ഞപ്പടയുടെ പ്രതിരോധനിരയെ മറികടന്ന് പെനാല്‍റ്റി ബോക്‌സിലേക്ക് നികളാസ് നല്‍കിയ പന്തില്‍ തൊടുത്ത കാലു ഉച്ചെക്ക് ലക്ഷ്യം പിഴച്ചില്ല (1-2). പുണെയുടെ കുതിപ്പില്‍ പതറിയ മഞ്ഞപ്പട 30ാം മിനിറ്റില്‍ റാഫിയുടെ രണ്ടാം ഗോളിലൂടെയാണ് കളി വീണ്ടെടുത്തത്.

മൈതാനത്തിന്റെ ഇടതു അറ്റത്തുനിന്ന് ഹൊസു കറിയസ് നല്‍കിയ ക്രോസ് ഹെഡറിലൂടെ റാഫി വലയിലാക്കുകയായിരുന്നു (2-2). ഇതോടെ രണ്ടാം സീസണില്‍ നാലു ഗോളുകള്‍ റാഫിയുടെ കണക്കിലായി. 35ാം മിനിറ്റില്‍ ഹാട്രിക്കിനുള്ള സുവര്‍ണാവസരം തലനാരിഴക്ക് റാഫിക്ക് നഷ്ടമായി. ഇടത്തേ അറ്റത്തുനിന്ന് ഹൊസു കൊടുത്ത പന്തില്‍ റാഫി തലവെച്ചെങ്കിലും പന്ത് വലതു പോസ്റ്റില്‍ തൊട്ടുരുമ്മി പുറത്തേക്ക് പോകുകയായിരുന്നു. 72ാം മിനിറ്റിലാണ് പുണെയുടെ ജയമുറപ്പിച്ച ഗോള്‍ വലയിലായത്. മൈതാനത്തിെന്റ ഇടതുവശത്തുനിന്ന് നികളാസ് ഷോറെ നല്‍കിയ പന്തില്‍ തുര്‍ക്കിക്കാരന്‍ തുന്‍സെ സാന്‍ലി വക ഹെഡര്‍. പിന്നെ പന്ത് വലക്കകത്താണ് കണ്ടത് (2-3). കളിയിലുടനീളം മേല്‍ക്കോയ്മ പുണെക്കായിരുന്നെങ്കിലും കേരളം പിടിച്ചുനിന്നു.

കളിയുടെ അവസാനത്തില്‍ സമനില പിടിക്കാന്‍ കേരളം നടത്തിയ തുടര്‍ച്ചയായ ശ്രമങ്ങള്‍ പക്ഷേ, പുണെയുടെ വലകാത്ത സ്റ്റീവന്‍ സൈമണ്‍സിന്റെ കൈകളിലൊതുങ്ങുന്നതാണ് കണ്ടത്. 70ാം മിനിറ്റിനുശേഷം പകരക്കാരായി കളത്തിലിറങ്ങിയ കാവിന്‍ ലോബൊ, സാഞ്ചസ് വാട്ട്, അന്‍േറാണിയോ ജര്‍മന്‍ എന്നിവരുടെ കൂട്ടുകെട്ട് പുണെയുടെ പ്രതിരോധ നിരക്ക് വെല്ലുവിളി തീര്‍ത്തു. എന്നാല്‍, നിരാശയായിരുന്നു ഫലം.

ഇതോടെ, ആറു കളികളില്‍ നിന്നുള്ള നാലു വിജയത്തിലൂടെ പുണെയുടെ പോയന്റ് 12 ആയി ഉയര്‍ന്നു. കേരളം നാലു പോയന്റുമായി ഏറ്റവും അടിത്തട്ടില്‍ തുടരുന്നു.




Keywords: Sports  News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.