Latest News

വോട്ടെണ്ണല്‍ പുരോഗതി അറിയിക്കാന്‍ ട്രെന്‍ഡ്

കൊച്ചി:[www.malabarflash.com] തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വോട്ടെണ്ണല്‍ പുരോഗതി യഥാസമയം തെരഞ്ഞെടുപ്പ് ക മ്മീഷനെയും മീഡിയ സെന്ററുകളെയും പൊതുജനങ്ങളെയും അറിയിക്കാന്‍ ട്രെന്‍ഡ് സോഫ്റ്റ്‌വെയര്‍ സജ്ജീകരിച്ചു.

വോട്ടിംഗിന്റെ വിവരം അപ്‌ലോഡ് ചെയ്യാനായി കൗണ്ടിംഗ് സെന്ററില്‍ ബ്ലോക്ക് വരണാധികാരിയുടെ ഹാളിനു സമീപവും നഗരസഭകളിലെ കൗണ്ടിംഗ് സെന്ററുകളിലും ഡേറ്റാ അപ്‌ലോഡിംഗ് സെന്ററിനുവേണ്ടി പ്രത്യേകം മുറി ഒരുക്കും. ഓരോ പോളിംഗ് സ്റ്റേഷനിലെയും വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്ന മുറയ്ക്കു കൗണ്ടിംഗ് സൂപ്പര്‍വൈസര്‍മാര്‍ ഫലം രേഖപ്പെടുത്തും. വോട്ടെണ്ണല്‍ പൂര്‍ത്തിയായി റിസള്‍ട്ട് ഷീറ്റ് തയാറാക്കുന്ന മുറയ്ക്ക് ഓരോ ഗ്രാമപഞ്ചായത്ത് വാര്‍ഡിലെയും ഫലപ്രഖ്യാപനം ഗ്രാമപഞ്ചായത്ത് വരണാധികാരി നടത്തും.
ഡേറ്റാ അപ്‌ലോഡിംഗ് സെന്ററിലെ ഇന്റര്‍നെറ്റ്/ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ ബിഎസ്എന്‍എല്‍ അധികാരികളുമായി ബന്ധപ്പെട്ട് മുന്‍കൂട്ടി പരിശോധിക്കണമെന്നു നിര്‍ദേശിച്ചിട്ടുണ്ട്.

ഡേറ്റാ അപ്‌ലോഡിംഗ് സെന്ററില്‍ ത്രിതല പഞ്ചായത്തുകളില്‍ അതതു ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍മാര്‍ ബ്രോഡ് ബാന്‍ഡ് കണക്ഷനുള്ള ആറ് കംപ്യൂട്ടര്‍ സിസ്റ്റം, മൂന്നു ലേസര്‍ പ്രിന്ററുകള്‍ എന്നിവയും അവ കണക്ട് ചെയ്യുന്നതിനുള്ള യുപിഎസും സജ്ജീകരിക്കണം. മുനിസിപ്പാലിറ്റി, മുനിസിപ്പല്‍ കോര്‍പറേഷനുകളെ സംബന്ധിച്ചു നാലു കംപ്യൂട്ടര്‍ സിസ്റ്റവും രണ്ട് ലേസര്‍ പ്രിന്ററുകളും സജ്ജീകരിക്കണം. കംപ്യൂട്ടര്‍ സംവിധാനമെല്ലാം യുണിക്കോഡ് സപ്പോര്‍ട്ട് ചെയ്യുന്നതായിരിക്കണം.


ഈ സെന്ററിന്റെ മേല്‍നോട്ടം വഹിക്കുന്നതിനു സൂപ്രണ്ട് തസ്തികയിലുള്ള ഒരു ഓഫീസറെയും ടെക്‌നിക്കല്‍ സപ്പോര്‍ട്ടിനായി ഇന്‍ഫര്‍മേഷന്‍ കേരളാ മിഷനില്‍നിന്നു ബ്ലോക്ക് ഓഫീസിലോ മുനിസിപ്പല്‍ ഓഫീസിലോ നിയമിച്ചിട്ടുള്ള ഒരു കംപ്യൂട്ടര്‍ വിദഗ്ധനെയും നിയോഗിക്കേണ്ടതാണ്.

കൂടാതെ, ബ്ലോക്ക് പഞ്ചായത്തിലെ സെന്ററിലേക്കു ബ്ലോക്കിനു കീഴില്‍ വരുന്ന പഞ്ചായത്തുകളിലെ അഞ്ച് ടെക്‌നിക്കല്‍ അസിസ്റ്റന്റ്മാരെ ഡേറ്റാ എന്‍ട്രിക്ക് ചുമതലപ്പെടുത്തേണ്ടതാണ്. മുനിസിപ്പാലിറ്റി ഡേറ്റാ സെന്ററുകളില്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷനില്‍നിന്നുള്ള രണ്ട് ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരെ വേണം ഇതിലേക്കു നിയോഗിക്കാന്‍. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിങ്ങനെ മൂന്നു തലത്തിലേക്കും ഓരോ കംപ്യൂട്ടര്‍ വീതം സജ്ജമാക്കണം. മൂന്നു ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരെ നിയോഗിക്കണം. ബാക്കി കംപ്യൂട്ടറുകള്‍ സ്റ്റാന്‍ഡ് ബൈ ആയും ഓപ്പറേറ്റര്‍മാരെ പകരക്കാരായും വിന്യസിക്കണം.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.