Latest News

കൊച്ചി കോര്‍പറേഷനിലെ ഫയലുകള്‍ ആക്രിക്കടയില്‍

കൊച്ചി:[www.malabarflash.com] കൊച്ചി കോര്‍പറേഷനിലെ ഫയലുകള്‍ ആക്രിക്കടയില്‍ കണ്ടെത്തി. എറണാകുളം സൗത്ത് പാലത്തിനു താഴെയുള്ള ആക്രി സാധനങ്ങള്‍ ശേഖരിക്കുന്ന കടയില്‍നിന്നു ബിജെപി പ്രവര്‍ത്തകരാണു ഫയലുകള്‍ കണ്ടെത്തിയത്. 2004 മുതല്‍ 2013-14 കാലയളവിലെ ഫയലുകളും രേഖകളും ഇതിലുണ്ടായിരുന്നു.

ഫയലുകള്‍ കാലഹരണപ്പെട്ടതാണെന്നും എന്നാല്‍, നശിപ്പിക്കാനുള്ള നടപടിക്രമം പൂര്‍ത്തിയാക്കിയിട്ടില്ലെന്നും കോര്‍പറേഷന്‍ സെക്രട്ടറി രാജു പറഞ്ഞു. ശുചീകരണ തൊഴിലാളികള്‍ അറിയാതെ ഫയലുകള്‍ നഷ്ടപ്പെടില്ലെന്നും ഇതു സംബന്ധിച്ച് അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ നഗരസഭാ ഓഫീസ് മുറികള്‍ ശുചിയാക്കുന്നതിന്റെ ഭാഗമായി തൊട്ടടുത്ത പടിയത്ത് ബില്‍ഡിംഗിലേക്കു ചാക്കില്‍ കെട്ടി മാറ്റിയ 50 ചാക്കുകളില്‍ നിറച്ച ഫയലുകളാണ് ആക്രിക്കടയില്‍ കണ്ടെത്തിയത്.

സംഭവം പുറത്തറിഞ്ഞതോടെ പ്രതിഷേധത്തെത്തുടര്‍ന്നു ഫയലുകള്‍ കോര്‍പറേഷന്‍ സെക്രട്ടറി ഇടപെട്ടു തിരികെ കൊണ്ടുപോയി. ഫയലുകള്‍ കളവ് പോയതാണെന്നു പറഞ്ഞ സെക്രട്ടറിയോടു ഫയലുകള്‍ തിരിച്ചെടുക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ ആവശ്യപ്പെടുകയായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ചു ബിജെപി പ്രവര്‍ത്തകര്‍ കൊച്ചി കോര്‍പറേഷനില്‍ പ്രതിഷേധ പ്രകടനം നടത്തി. അതേസമയം, ഫയലുകള്‍ നഗരസഭാ ജീവനക്കാര്‍ കോര്‍പറേഷന്റെ തന്നെ വാഹനത്തില്‍ എത്തി തങ്ങള്‍ക്കു വില്‍ക്കുകയായിരുന്നു എന്ന് കടയുടമ പറഞ്ഞു. അഴിമതി മറച്ചു വയ്ക്കാനാണു കോര്‍പറേഷന്‍ അധികാരികള്‍ ഫയലുകള്‍ തൂക്കി വിറ്റതെന്നു ബിജെപി പ്രവര്‍ത്തകര്‍ ആരോപിച്ചു.

2013-14ലെ ഓഡിറ്റ് ഒബ്ജക്ഷനെക്കുറിച്ചുള്ള ഫയലുകള്‍, മാലിന്യനീക്കത്തിന് ഫണ്ട് ഉപയോഗിച്ചതിന്റെ രജിസ്റ്ററുകള്‍, ഷോപ്പിംഗ് കോംപ്ലക്‌സുകളുടെയും വലിയ ഹോട്ടലുകളുടെയും അംഗീകരിച്ച സ്ട്രക്ചറല്‍ ഡിസൈനുകള്‍ എന്നിവയെല്ലാം ആക്രിക്കടയില്‍ കണ്ടെത്തിയവയില്‍ ഉള്‍പ്പെടുന്നു. ഭരണതുടര്‍ച്ചാ പ്രതീക്ഷ നഷ്ടപ്പെട്ട കോണ്‍ഗ്രസ് പുതിയ ഭരണസമിതിയെ ഭയന്ന് അഴിമതി ഫയലുകള്‍ നശിപ്പിക്കാന്‍ ഗൂഢനീക്കം നടത്തുകയായിരുന്നുവെന്നു ബിജെപി ആരോപിച്ചു. ഒഴിവുദിനങ്ങള്‍ വന്നതു മുതലാക്കി അര്‍ധരാത്രിയാണു ഫയലുകള്‍ ആക്രിക്കടകളിലേക്ക് കടത്തിക്കൊണ്ടുപോയത്. പുലര്‍ച്ചെ നാലോടെ ബിജെപി പ്രവര്‍ത്തകര്‍ അവ കണ്ടെത്തി തടയുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ടു പോലീസില്‍ പരാതി നല്‍കിയിട്ടില്ലെന്നും ബിജെപി പ്രവര്‍ത്തകര്‍ പറഞ്ഞു.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.