Latest News

രാഷ്ട്രീയബലത്തില്‍ സുന്നികളെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ പാഠം പഠിപ്പിക്കും: കാന്തപുരം

തളിപ്പറമ്പ്:[www.malabarflash.com] രാഷ്ട്രീയം ഉപയോഗപ്പെടുത്തി സുന്നികളെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ അവരെ പാഠം പഠിപ്പിക്കുമെന്നും അതിനുള്ള അവസരമാണ് വരാന്‍പോകുന്നതെന്നും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു.

തളിപ്പറമ്പ് ടൗണ്‍ സ്‌ക്വയറില്‍ എസ് വൈ എസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സാന്ത്വനം സംഗമങ്ങളുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.


സുന്നികള്‍ കക്ഷി രാഷ്ട്രീയത്തില്‍ ചേര്‍ന്ന് ഏതെങ്കിലുമൊരു വിഭാഗത്തിന്റെ ആളുകളായി പ്രവര്‍ത്തിക്കുന്നില്ല. പഞ്ചായത്ത് സീറ്റിന് വേണ്ടി സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ പരസ്പരം കലഹിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. എല്ലാ ജനങ്ങളുടെയും നന്മക്ക് വേണ്ടിയാണ് സുന്നികള്‍ പ്രവര്‍ത്തിക്കുന്നത്- കാന്തപുരം പറഞ്ഞു. 

കേരള മുസ്‌ലിം ജമാഅത്ത് രാഷ്ട്രീയ പാര്‍ട്ടിയല്ലെന്ന് രൂപവത്കരണ സമയത്ത് തന്നെ പറഞ്ഞതാണ്. ചില പത്രങ്ങള്‍ മുസ്‌ലിം ജമാഅത്തിനെ കുറിച്ച് കൃത്യമായി എഴുതി. എന്നാല്‍ ചിലര്‍ വളച്ചൊടിച്ച് വാര്‍ത്തയുണ്ടാക്കി. സുന്നി സംഘകുടുംബത്തില്‍ 45 വയസ്സ് വരെയാണ് എസ് വൈ എസില്‍ പ്രവര്‍ത്തിക്കാനുള്ള അവസരം. അതിനുശേഷം പ്രവര്‍ത്തിക്കാന്‍ ഒരു വേദി വേണം. അതിനാണ് കേരള മുസ്‌ലിം ജമാഅത്ത് രൂപവത്കരിച്ചത്. അതില്‍ പ്രായഭേദമില്ലാതെ എല്ലാവര്‍ക്കും പ്രവര്‍ത്തിക്കാം. അതിന്റെ അംഗത്വ പ്രവര്‍ത്തനം അടുത്ത് തന്നെ ആരംഭിക്കുമെന്നും കാന്തപുരം വ്യക്തമാക്കി. 

എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിച്ചാലേ നാട്ടില്‍ പുരോഗതി കൈവരിക്കാന്‍ സാധിക്കുകയുള്ളൂ. തീവ്രവാദവും ഭീകരവാദവും അസഹിഷ്ണുതയും വളര്‍ന്നുവരികയാണ്. ബീഫാണ് ഇപ്പോള്‍ പ്രധാന വിഷയം. ആരെങ്കിലും ആരാധിക്കുന്നുവെന്നത് കൊണ്ട് പശുവിനെ അറുക്കുന്നത് നിരോധിക്കണം എന്ന് പറയുന്നത് ന്യായമല്ല. അങ്ങിനെയെങ്കില്‍ ഇവിടുത്തെ അഗ്‌നിശമനസേന വിഭാഗത്തെ അടച്ചുപൂട്ടേണ്ടി വരും. ഏതെങ്കിലും കെട്ടിടത്തില്‍ തീപിടിച്ചാല്‍ തീ ആരാധ്യവസ്തുവാണ് അതിനെ അണയ്ക്കരുത് എന്ന് ആരെങ്കിലും പറയുമോ? കാന്തപുരം ചോദിച്ചു. [www.malabarflash.com]

ചൈനയില്‍ പാമ്പുകളെ ആരാധിക്കുന്നവര്‍ തന്നെ പാമ്പുകളെ കൊല്ലുന്നുണ്ട്. ആരാധിക്കുന്നവര്‍ ആരാധിക്കട്ടെ. തിന്നുന്നവര്‍ തിന്നട്ടെ എന്നതാണ് ഉചിതം. പശുക്കളെ ഒരു പ്രായപരിധി വരെ മാത്രമേ വളര്‍ത്താനും പാലെടുക്കാനും സാധിക്കുയുള്ളൂ. അതിന് ശേഷം അവയെ ഉപയോഗപ്പെടുത്തേണ്ടതുണ്ട്. അല്ലായെങ്കില്‍ ഇവിടെ അലയുന്ന പശുക്കള്‍ ചത്ത് വീണ് അഴുകി ദുര്‍ഗന്ധം വമിക്കും. അപ്പോള്‍ അവയെ കുഴിച്ച് മൂടാന്‍ പോലും ആളുണ്ടാകില്ല. 

ഭരണഘടന അനുസരിച്ച് എല്ലാ മതക്കാര്‍ക്കും ഇവിടെ പ്രവര്‍ത്തിക്കാന്‍ അവകാശമുണ്ട്. ഭരണഘടന അനുസരിച്ച് എല്ലാവരും ജീവിച്ചാല്‍ ഇവിടെ ഭീകരവാദവും പ്രശ്‌നങ്ങളും തലപൊക്കില്ലെന്നും അദ്ദേഹം പറഞ്ഞു.[www.malabarflash.com]

സമസ്ത ട്രഷറര്‍ കെ പി ഹംസ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ്, നൂഞ്ഞേരി, മട്ടന്നൂര്‍, തലശ്ശേരി എന്നിവിടങ്ങളിലാണ് ദാറുല്‍ ഖൈര്‍ ഭവന പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും സാന്ത്വനം സഹായ വിതരണവും നടന്നത്. പരിപാടിക്ക് എസ് വൈ എസ് ജില്ലാ നേതാക്കള്‍ നേതൃത്വം നല്‍കി.




Keywords:Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.