Latest News

കാരായി രാജനും ചന്ദ്രശേഖരനും മത്സരിക്കാന്‍ അനുമതി തേടി

കണ്ണൂര്‍:[www.malabarflash.com] വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി സി പി എം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും ഹൈക്കോടതി അനുമതി തേടി. ജില്ലാ പഞ്ചായത്തിലേക്ക് കാരായി രാജനും തലശ്ശേരി നഗരസഭയിലേക്ക് കാരായി ചന്ദ്രശേഖരനും മത്സരിച്ചേക്കും.

നോമിനേഷന്‍ നല്‍കുന്നതിനും തിരഞ്ഞെടുപ്പ് പ്രചരണത്തിനും അനുവാദം നല്‍കണമെന്നാവശ്യപ്പെട്ടാണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്. ഫസല്‍ വധക്കേസില്‍ എറണാകുളം ജില്ല വിട്ടുപോകരുതെന്ന വ്യവസ്ഥയിലായിരുന്നു ഇവര്‍ക്ക് ജാമ്യം നല്‍കിയിരുന്നത്. കൊച്ചിയില്‍ താമസിക്കുന്ന ചന്ദ്രശേഖരന്‍ നിലവില്‍ സി പി എം തലശ്ശേരി ഏരിയാ കമ്മറ്റിയംഗമാണ്. കാരായി രാജന്‍ ജില്ലാ സെക്രട്ടറിയേറ്റംഗമാണ്.
അതിനിടെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തേക്ക് ജില്ലാ സെക്രട്ടറിയേറ്റംഗങ്ങള്‍ക്കാണ് മുന്‍ഗണന. ജില്ലാ സെക്രട്ടറിയേറ്റംഗവും ദേശാഭിമാനി കണ്ണൂര്‍ യൂണിറ്റ് മാനേജറുമായ എം സുരേന്ദ്രന്‍, റബ്‌കോ ചെയര്‍ മാനും ജില്ലാ സെക്രട്ടറിയേറ്റംഗവുമായ എന്‍ ചന്ദ്രന്‍, ജില്ലാ സെക്രട്ടറിയേറ്റംഗം കാരായി രാജന്‍ എന്നിവരാണ് സാധ്യതാ പട്ടികയിലുള്ളത്.

വനിതാ സംവരണമല്ലാത്തതിനാല്‍ നിലവിലുള്ള ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ എ സരളയെ പരിഗണിക്കാനിടയില്ല. ജില്ലാ സെക്രട്ടറിയേറ്റിലെ തലമുതിര്‍ന്നവരെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിപ്പിക്കാനിടയില്ല.

പാര്‍ട്ടിയുടെ നയങ്ങള്‍ നടപ്പിലാക്കുന്നതിന് ശക്തമായ സാരഥി തന്നെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടാകണമെന്ന അഭിപ്രായത്തിനാണ് മുന്‍തൂക്കം. അതിനാല്‍ എം സുരേന്ദ്രന്‍, എന്‍ ചന്ദ്രന്‍, കാരായി രാജന്‍ എന്നിവരില്‍ ആരെങ്കിലും ഒരാളെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായി രംഗത്തിറക്കും.




Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.