കാഞ്ഞങ്ങാട്:[www.malabarflash.com] ഡല്‍ഹിയില്‍ കൊള്ളക്കാരുടെ വെടിയേറ്റ് സാരമായി പരിക്കേറ്റത് പടന്നക്കാടിനടുത്ത കൊട്രച്ചാല്‍ യുവതിക്ക്. നീലേശ്വരത്തെ വാച്ച്‌മേക്കര്‍ കൊട്രച്ചാലിലെ പി.വി.കൃഷ്ണന്റെ മകള്‍ പി.വി.ശ്രീജ (34)ക്കാണ് കൊള്ള സംഘത്തിന്റെ വെടിയേറ്റത്.
പയ്യന്നൂര്‍ സ്വദേശി പ്രകാശനും ഭാര്യ ശ്രീജയും ചേര്‍ന്ന് മുംബൈ സരായി ജുലൈനയിലെ പ്രകാശ് ജ്വല്ലറി എന്ന പേരില്‍ സ്വര്‍ണ്ണാഭരണ കട നടത്തി വരികയാണ്. ശനിയാഴ്ച രാവിലെ രണ്ട് ബൈക്കുകളിലായി എത്തിയ നാലംഗ കവര്‍ച്ചാ സംഘം ജ്വല്ലറിയിലേക്ക് ഇരച്ചു കയറുകയും ഈ സമയം ജ്വല്ലറിയിലുണ്ടായിരുന്ന സന്തോഷിനെ തോക്കു കൊണ്ട് അടിച്ചു വീഴ്ത്തുകയും ചെയ്തു.
ശ്രീജയെയും സന്തോഷിനെയും തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി സ്വര്‍ണ്ണാഭരണങ്ങള്‍ വാരിയെടുക്കുകയും പുറത്തേക്ക് നീങ്ങുകയുമായിരുന്നു. രണ്ട് പേര്‍ ബൈക്കില്‍ മുന്നോട്ട് കുതിച്ചെങ്കിലും രണ്ടാമത്തെ ബൈക്ക് സ്റ്റാര്‍ട്ടാകാതെ വന്നതിനാല്‍ രണ്ട് പേര്‍ അവിടെ കുടുങ്ങി. ഇതോടെ സമനില വീണ്ടെടുത്ത് ബഹളം വെക്കുകയും ഇരുവരെയും വീണ്ടും തടയാന്‍ ശ്രമിക്കുകയും ചെയ്തു.
മുന്നോട്ട് നീങ്ങിയ ബൈക്കുകള്‍ ഇതുകണ്ട് തിരിച്ചെത്തി ശ്രീജയുടെ വലതുകാലിന് വെടിയുതിര്‍ത്തു. വെടിയൊച്ച കേട്ട് സമീപത്തെ കടകളില്‍ നിന്നുള്ളവര്‍ ഓടിയെത്തുമ്പോഴേക്കും നാലുപേരും ഒരു ബൈക്കില്‍ തന്നെ കയറി രക്ഷപ്പെട്ടു. സംഘം ഉപേക്ഷിച്ച ഉത്തര്‍പ്രദേശ് രജിസ്‌ട്രേഷനുള്ള ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു. ഈ ബൈക്ക് കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്. ബൈക്ക് മോഷ്ടിച്ചതാണെന്നാണ് സംശയം.
വലതുകാലിന്റെ എല്ല് പൊട്ടിയ ശ്രീജയെ ഒക്കാല ഹോളി ഫാമിലി ആശുപത്രിയില്‍ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയയാക്കി. അപകടനില തരണം ചെയ്തിട്ടുണ്ട്. എത്രത്തോളം സ്വര്‍ണ്ണാഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമല്ല. പോലീസ് ജ്വല്ലറിയിലെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്.
ശ്രീജക്ക് വെടിയേറ്റ വിവരം അറിഞ്ഞയുടന്‍ സഹോദരന്‍ കൊട്രച്ചാലിലെ ശ്രീജേഷ് ദല്‍ഹിയിലെത്തിയിട്ടുണ്ട്. സഹോദരി ശ്രീജ സുഖം പ്രാപിച്ചു വരുന്നതായി ദല്‍ഹിയിലുള്ള ശ്രീജേഷ് അറിയിച്ചു. വര്‍ഷങ്ങളായി പ്രകാശനും ശ്രീജയും രണ്ട് മക്കളും ദല്‍ഹിയിലാണ് താമസം. മക്കള്‍ അവിടെ എട്ടും അഞ്ചും ക്ലാസുകളില്‍ പഠിക്കുന്നു.
Keywords:Kasaragod, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment