Latest News

ജാതിയുടെയും സമുദായത്തിന്റെയും പേരില്‍ വോട്ട് ചോദിക്കരുത്- ജില്ലാ കളക്ടര്‍

കാസര്‍കോട്:[www.malabarflash.com] തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള തെരഞ്ഞെടുപ്പില്‍ ജാതിയുടെയും സമുദായത്തിന്റെയും പേരില്‍ വോട്ട് ചോദിക്കരുതെന്ന് ജില്ലാ തെരെഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍കൂടിയായ ജില്ലാ കളക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ അറിയിച്ചു.

ആരാധനാലയങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനുളള വേദിയാക്കി മാറ്റരുതെന്നും അദ്ദേഹം പറഞ്ഞു. വിവിധ ജാതികളും സമുദായങ്ങളും തമ്മില്‍ മതപരമോ ഭാഷാപരമോ ആയ സംഘര്‍ഷങ്ങള്‍ ഉളവാക്കുന്ന ഒരു പ്രവര്‍ത്തനത്തിലും രാഷ്ട്രീയകക്ഷികളും സ്ഥാനാര്‍ത്ഥികളും ഏര്‍പ്പെടാന്‍ പാടില്ല. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് ശിക്ഷാര്‍ഹമാണ്. 

സ്ഥാനാര്‍ത്ഥികള്‍ക്കോ സമ്മതിദായകനോ എതിരെ സാമൂഹിക ബഹിഷ്‌ക്കരണം, സാമൂഹിക-ജാതിഭ്രഷ്ട് തുടങ്ങിയ ഭീഷണികള്‍ പുറപ്പെടുവിക്കരുത്. സമ്മതിദായകന് കൈക്കൂലി നല്‍കുക, ഭീഷണിപ്പെടുത്തുക, സമ്മതിദായകരായി ആള്‍മാറാട്ടം നടത്തുക, തുടങ്ങിയ പ്രവൃത്തികള്‍ തെരഞ്ഞെടുപ്പ് നിയമം വിലക്കിയിട്ടുളള കുറ്റകൃത്യങ്ങളാണെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.

മറ്റ് രാഷ്ട്രീയകക്ഷികളുടെ നേതാക്കന്‍മാരുടെയും പ്രവര്‍ത്തകരുടെയും പൊതുപ്രവര്‍ത്തനവുമായി ബന്ധമില്ലാത്ത സ്വകാര്യജീവിതത്തിന്റെ വശങ്ങളെക്കുറിച്ച് രാഷ്ട്രീയകക്ഷികളും സ്ഥാനാര്‍ത്ഥികളും വിമര്‍ശിക്കരുത്. അടിസ്ഥാനരഹിതമായതോ വളച്ചൊടിച്ചതോ ആയ ആരോപണങ്ങള്‍ ഉന്നയിച്ച് മറ്റ് കക്ഷികളേയും പ്രവര്‍ത്തകരേയും വിമര്‍ശിക്കുന്നത് ഒഴിവാക്കേണ്ടതാണ്. 

വ്യക്തികളുടെ അഭിപ്രായങ്ങളിലും പ്രവര്‍ത്തനങ്ങളിലും പ്രതിഷേധം രേഖപ്പെടുത്തുന്നതിനായി അവരുടെ വീടുകള്‍ക്ക് മുമ്പില്‍ പ്രകടനങ്ങള്‍ സംഘടിപ്പിക്കുക, പിക്കറ്റ് ചെയ്യുക തുടങ്ങിയ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കരുത്. 

ഒരു വ്യക്തിയുടെ സ്ഥലം, കെട്ടിടം, മതില്‍ തുടങ്ങിയവ അയാളുടെ അനുവാദം കൂടാതെ പ്രചരണത്തിന് വേണ്ടി രാഷ്ട്രീയകക്ഷികളോ സ്ഥാനാര്‍ത്ഥികളോ അവരുടെ അനുയായികളോ ഉപയോഗിക്കാന്‍ പാടില്ല. സര്‍ക്കാര്‍ ഓഫീസുകളിലും അവയുടെ പരിസരത്തും ചുമരെഴുതാനോ പോസ്റ്റര്‍ ഒട്ടിക്കാനോ, ബാനര്‍, കട്ട്ഔട്ട് തുടങ്ങിയവ സ്ഥാപിക്കാനോ പാടില്ല. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ പ്രചരണ സാമഗ്രികള്‍ അനുവദനീയമല്ല. 

തെരെഞ്ഞെടുപ്പ് പരസ്യങ്ങള്‍ക്ക് വരുന്ന ചെലവ് സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്തും. രാഷ്ട്രീയകക്ഷികളോ സ്ഥാനാര്‍ത്ഥികളോ ഏതെങ്കിലും പൊതുസ്ഥലമോ സ്വകാര്യസ്ഥലമോ തെരഞ്ഞെടുപ്പ് പ്രചരണത്തിനുവേണ്ടി ഉപയോഗിച്ച് വികൃതമാക്കിയതായി പരാതി ലഭിച്ചാല്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

ബന്ധപ്പെട്ട കക്ഷികള്‍ക്ക് നോട്ടീസ് നല്‍കിയിട്ടും അവ നീക്കം ചെയ്തിട്ടില്ലെങ്കില്‍, ജില്ലാ തെരെഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ തുടര്‍നടപടികള്‍ സ്വീകരിക്കുകയും അതിന് വരുന്ന ചെലവ് സ്ഥാനാര്‍ത്ഥിയുടെ തെരെഞ്ഞെടുപ്പ് ചെലവില്‍ ചേര്‍ക്കുകയും ചെയ്യും. 

വോട്ടെടുപ്പ് ദിവസം ഗ്രാമപഞ്ചായത്തില്‍ പോളിംഗ് സ്റ്റേഷന് 200 മീറ്ററിനുളളിലും മുനിസിപ്പാലിറ്റിയില്‍ 100 മീറ്ററിനുളളിലും വോട്ടഭ്യര്‍ത്ഥന നടത്തരുത്. തെരഞ്ഞെടുപ്പിന് 48 മണിക്കൂര്‍ മുമ്പ് പൊതുയോഗങ്ങള്‍ തുടങ്ങിയ പ്രചരണ പരിപാടികള്‍ അവസാനിപ്പിക്കണം. സമ്മതിദായകരെ വാഹനങ്ങളില്‍ പോളിംഗ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതും തിരിച്ചുകൊണ്ടുവിടുന്നതും ശിക്ഷാര്‍ഹമാണ്.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.