Latest News

വീടിനു പിറകില്‍ മോഷണക്കേസ് പ്രതി ഷോക്കേറ്റു മരിച്ച നിലയില്‍

തൃശൂര്‍:[www.malabarflash.com] ഇരട്ടപ്പാലം സെന്ററിനടുത്തു വീടിന്റെ പിന്നില്‍ മോഷണക്കേസ് പ്രതി മരിച്ചുകിടക്കുന്ന നിലയില്‍. തമിഴ്‌നാട് ഉദുമല്‍പേട്ട് സ്വദേശിയും ഇപ്പോള്‍ കൊടുങ്ങല്ലൂരില്‍ താമസിക്കുന്നയാളുമായ ഹെലദാസി(45)നെയാണു മരിച്ചനിലയില്‍ കണ്ടത്. ഷോക്കേറ്റാണു മരിച്ചതെന്നു കരുതുന്നു.

ഇരട്ടപ്പാലത്തിനടുത്ത് പാറത്ത് നൗഷാദിന്റെ വീടിന്റെ പിറകിലെ കോഴിക്കൂടിനരികിലാണ് ഇയാളെ ബുധനാഴ്ച രാവിലെ മരിച്ചനിലയില്‍ കണ്ടത്. കൈയില്‍ ഒരു ചുറ്റികയും ലിവറും പിടിച്ച നിലയിലായിരുന്നു. സമീപത്ത് ഒരു വെട്ടുകത്തിയും കിടക്കുന്നുണ്ടായിരുന്നു. അരികില്‍ ഒരു തകരഷീറ്റ് നിലത്തുവീണു കിടക്കുന്നുണ്ടായിരുന്നു. പരിസരത്തു വൈദ്യുതി വയര്‍ പൊട്ടിക്കിടക്കുന്നതിനാലാണ് ഷോക്കേറ്റാകാം മരണമെന്നു സംശയിക്കുന്നത്.

ഇരിങ്ങാലക്കുട, പറവൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരവധി മോഷണക്കേസുകളില്‍ ഇയാള്‍ പ്രതിയാണ്. കുറച്ചു കാലങ്ങളായി മലയാളിയായ ഭാര്യയോടൊപ്പം കൊടുങ്ങല്ലൂരിലാണ് താമസം. ഇയാളുടെ ഷര്‍ട്ടില്‍നിന്നു ലഭിച്ച ഫോട്ടോ, ഫോണ്‍ നമ്പര്‍ എന്നിവ വച്ചു പോലീസ് നടത്തിയ പരിശോധനയിലാണു മരിച്ചതു മോഷണക്കേസ് പ്രതി ഹെലദാസാണെന്നു വ്യക്തമായത്.

സംഭവമറിഞ്ഞ് ഇരിങ്ങാലക്കുട ഡിവൈഎസ്പി പി.എ. വര്‍ഗീസ്, ചേര്‍പ്പ് സിഐ എം.സുരേന്ദ്രന്‍, തൃശൂരില്‍നിന്നു വിരലടയാള വിദഗ്ധര്‍ എന്നിവരും സ്ഥലത്തെത്തിയിരുന്നു. കുറച്ചുനാളുകളായി പരിസരത്തു വിവിധ ക്ഷേത്രങ്ങളിലും മറ്റു സ്ഥലങ്ങളിലും മോഷണം പതിവായിരുന്നതായും പറയുന്നു.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.