കോഴിക്കോട്:[www.malabarflash.com] കുവൈത്തിലേക്കു കോടികള്‍ വിലമതിക്കുന്ന ബ്രൗണ്‍ഷുഗര്‍ കടത്താന്‍ ശ്രമിച്ച സംഭവത്തിന്റെ മുഖ്യസൂത്രധാരന്‍ കുവൈത്ത് ജയിലില്‍ കഴിയുന്ന "അണ്ണന്‍".
മയക്കുമരുന്നു കടത്താന്‍ ശ്രമിക്കവേ പിടിയിലായ മാങ്കാവ് വള്ളിക്കാട്ട് മീത്തല്‍ സവാദിനെ ചോദ്യംചെയ്‌തപ്പോഴാണു കുവൈത്ത് ജയിലിലെ തമിഴ് സംസാരിക്കുന്നയാളെക്കുറിച്ച് എക്‌സൈസിനു വിവരം ലഭിച്ചത്.
ഡല്‍ഹിയില്‍ പോയി ബ്രൗണ്‍ഷുഗര്‍ ശേഖരിക്കാന്‍ ജയിലിലെ മലയാളികള്‍ നിര്‍ദേശിച്ചത് "അണ്ണന്‍" പറഞ്ഞതുപ്രകാരമാണെന്നു സവാദ് മൊഴി നല്‍കി. ഫോണ്‍ സംഭാഷണത്തിനിടെ അണ്ണന്റെ ശബ്‌ദവും കേള്‍ക്കാമായിരുന്നെന്നു സവാദ് എക്‌സൈസ് അന്വേഷണസംഘത്തോടു പറഞ്ഞു. കുവൈത്തിലേക്കു പോകുന്നവരുടെ കൈവശം മയക്കുമരുന്ന് കൊടുത്തയയ്‌ക്കാന്‍ നിര്‍ദേശിച്ചതും അണ്ണനാണത്രേ.
കഴിഞ്ഞവര്‍ഷം ഏപ്രില്‍ 13-നു നടുവണ്ണൂര്‍ സ്വദേശി ജെറീഷ് മുഖേന ബ്രൗണ്‍ഷുഗര്‍ കടത്താന്‍ ശ്രമിച്ച കേസില്‍ അറസ്‌റ്റിലായ കോതമംഗലം സ്വദേശി ഷെഫീഖും കുവൈത്ത് ജയിലിലുള്ള അണ്ണന്റെ പങ്കിനെക്കുറിച്ചു മൊഴി നല്‍കിയിരുന്നു. മലയാളികള്‍ ഫോണില്‍ സംസാരിക്കുന്നതിനിടെ തമിഴില്‍ ഒരാളുടെ ശബ്‌ദം കേള്‍ക്കാറുണ്ടെന്നും അയാള്‍ പറയുന്നപ്രകാരമാണു ജയിലിലുള്ള മലയാളികള്‍ മയക്കുമരുന്ന് ശേഖരിക്കുന്നതിനെക്കുറിച്ചും മറ്റും നാട്ടിലുള്ളവര്‍ക്കു നിര്‍ദേശം നല്‍കുന്നതെന്നുമാണു ഷെഫീഖിന്റെ മൊഴി.
കഴിഞ്ഞദിവസം പിടിയിലായ സവാദ് കുവൈത്ത് ജയിലില്‍ മയക്കുമരുന്നു കേസില്‍ ശിക്ഷയനുഭവിച്ചിരുന്നു. ശിക്ഷ കഴിഞ്ഞു മൂന്നുവര്‍ഷം മുമ്പാണു കോഴിക്കോട്ടെത്തിയത്. കുവൈത്ത് ജയിലില്‍ പരിചയപ്പെട്ടവരുടെ നിര്‍ദേശപ്രകാരമാണു ബ്രൗണ്‍ഷുഗര്‍ കടത്തിയതെന്നാണ് ഇയാളുടെ മൊഴി. സവാദിനെ കസ്‌റ്റഡിയില്‍ കിട്ടാന്‍ എക്‌സൈസ് തിങ്കളാഴ്ച വടകര എന്‍.ഡി.പി.എസ്. കോടതിയില്‍ അപേക്ഷ നല്‍കും.
രാജ്യാന്തരബന്ധമുള്ള കേസായതിനാല്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ എക്‌സൈസിനു പരിമിതിയുണ്ട്. സംസ്‌ഥാനത്തെ അന്വേഷണം പൂര്‍ത്തിയാക്കിയശേഷം കേസ് ഏതെങ്കിലും കേന്ദ്ര ഏജന്‍സിക്കു കൈമാറാനാണു തീരുമാനം.
അതുവരെയുള്ള അന്വേഷണത്തിനായി ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ പി.കെ. സുരേഷിന്റെ നേതൃത്വത്തില്‍ ഏഴംഗസംഘം ചുമതലയേറ്റു. അസിസ്‌റ്റന്റ് കമ്മിഷണര്‍ എം.എസ്. വിജയന്‍, സി.ഐ: ദിവാകരന്‍, എക്‌സൈസ് ഇന്‍സ്‌പക്‌ടര്‍ ആര്‍.എന്‍. ബൈജു തുടങ്ങിയവര്‍ സംഘത്തിലുണ്ട്. കഴിഞ്ഞ വ്യാഴാഴ്‌ചയാണ് ഒന്നരക്കിലോ ബ്രൗണ്‍ഷുഗറുമായി സവാദ് പിടിയിലായത്.
രണ്ടു കിലോ ബ്രൗണ്‍ഷുഗര്‍ ഡല്‍ഹിയില്‍നിന്നു സവാദ് കോഴിക്കോട്ടെത്തിച്ചിരുന്നു. ഇതില്‍ 500 ഗ്രാം വിറ്റു. എക്‌സൈസ് പിടിച്ചെടുത്തതിന്റെ പകുതി കുവൈത്തിലേക്കു പോകുന്ന മലയാളികളുടെ കൈവശം കൊടുത്തയയ്‌ക്കാനായിരുന്നു പദ്ധതി.
2014-ലെ കേസിലാകട്ടെ, കുവൈത്തിലേക്കു പോകുന്ന നടുവണ്ണൂര്‍ സ്വദേശി ജെറീഷ് അറിയാതെ മയക്കുമരുന്നു കടത്താനാണു പദ്ധതിയിട്ടത്.കോതമംഗലം സ്വദേശി ഷെഫീഖാണു ജെറീഷിനു നല്‍കിയ ജീന്‍സില്‍ ബ്രൗണ്‍ഷുഗര്‍ ഒളിപ്പിച്ചത്. വിപണിയില്‍ ഒരുകോടിയിലേറെ വിലവരുന്ന, 200 ഗ്രാം വീതമുള്ള രണ്ടു പായ്‌ക്കറ്റ് ബ്രൗണ്‍ഷുഗറാണ് അന്നു പിടികൂടിയത്. രണ്ടു കേസിലും സമാനരീതിയിലായിരുന്നു ആസൂത്രണം
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment