Latest News

പോലീസ് വേഷത്തില്‍ ബ്ലാക്ക്‌മെയിലിംഗ്; യുവതിയടക്കം അഞ്ചുപേര്‍ പിടിയില്‍

കൊച്ചി:[www.malabarflash.com] ആഡംബര കാര്‍ വാങ്ങാന്‍ അവസരമൊരുക്കാമെന്നു പറഞ്ഞു തൃപ്പൂണിത്തുറ സ്വദേശിയായ അജയഘോഷ് എന്ന വ്യവസായിയെ ബംഗളൂരുവിലേക്കു വിളിച്ചുവരുത്തി കെണിയില്‍പ്പെടുത്തുകയും ബ്ലാക്ക് മെയിലിംഗിലൂടെ കോടികള്‍ തട്ടാന്‍ ശ്രമിക്കുകയും ചെയ്ത യുവതി ഉള്‍പ്പെടെ അഞ്ചംഗസംഘം പിടിയില്‍.

എരൂര്‍ പോട്ടയില്‍ ക്ഷേത്രത്തിനു സമീപം നാരായണീയത്തില്‍ നാരായണമേനോന്റെ മകന്‍ നാരായണദാസ് എന്നു വിളിക്കുന്ന സതീശന്‍ (46), എരൂര്‍ പിഷാരി കോവില്‍ ക്ഷേത്രത്തിനു സമീപം ശ്രീദുര്‍ഗയില്‍ സായിശങ്കര്‍ (23), തൈക്കൂടം തോപ്പുപറമ്പില്‍ ടി.ബി. ഡിബിന്‍ (21), പാലക്കാട് മണ്ണാര്‍ക്കാട് കരിമ്പുഴ പള്ളത്ത് സമീര്‍ (35), പെരുമ്പാവൂര്‍ ഒന്നാം മൈല്‍ ഗുല്‍മോഹര്‍ മയൂഖി (22) എന്നിവരെയാണു തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസ് അറസ്റ്റ്‌ചെയ്തത്. പോലീസ് യൂണിഫോമിലാണു പ്രതികള്‍ തട്ടിപ്പിനു ശ്രമിച്ചത്.

മകള്‍ക്കു വിവാഹസമ്മാനമായി ബിഎംഡബ്ല്യു കാര്‍ വാങ്ങാനുള്ള അന്വേഷണത്തിലാണ് അജയഘോഷ് തട്ടിപ്പു സംഘത്തിലെ നാരായണദാസിനെ പരിചയപ്പെട്ടത്. കാര്‍വിലയില്‍ നല്ല ഇളവു വാങ്ങി നല്കാമെന്നു നാരായണദാസ് അജയഘോഷിനെ വിശ്വസിപ്പിച്ചു. അതിനുശേഷം മയൂഖിയെ ഉപയോഗിച്ച് അജയഘോഷിനെ ബംഗളൂരിലേക്കു വിളിച്ചുവരുത്തിയാണു തട്ടിപ്പിനു ശ്രമിച്ചത്. ബിഎംഡബ്ല്യു കാര്‍ കമ്പനിയുടെ ഏജന്റാണെന്നു സ്വയം പരിചയപ്പെടുത്തിയാണു മയൂഖി അജയഘോഷിനെ വലയിലാക്കിയത്.

വിശ്വസനീയമായ രീതിയില്‍ സംസാരിച്ച് ആളുകളെ വലയിലാക്കാന്‍ കഴിവുള്ള മയൂഖി, ബംഗളൂരുവില്‍ ബിഎംഡബ്ല്യു കാറുകളുടെ എക്‌സിബിഷന്‍ നടക്കുന്നുണെ്ടന്നും അവിടെ വന്നാല്‍ പുതുതായി പുറത്തിറക്കിയ മോഡലുകളുണ്ടാകുമെന്നും പറഞ്ഞു. ഇതിനിടെ, അജയഘോഷിനെ മയൂഖി പലതവണ ഫോണില്‍ വിളിച്ചു വിശ്വാസം നേടിയെടുക്കുകയും ചെയ്തു. അങ്ങനെ കഴിഞ്ഞ ചൊവ്വാഴ്ച യുവതിക്കൊപ്പം അജയഘോഷ് ബംഗളൂരുവിലേക്കു പോയി. അങ്ങോട്ടുമിങ്ങോട്ടുമുള്ള വിമാന ടിക്കറ്റ് എടുത്തതു യുവതിയാണ്. ബംഗളൂരുവിലെത്തിയ ഇവര്‍ നേരത്തെ പ്ലാന്‍ചെയ്ത പ്രകാരം മയൂഖിയുടെ സുഹൃത്തിന്റെ ഫ്‌ളാറ്റിലേക്കു പോയി.

ഫ്രഷ് ആയ ശേഷം എക്‌സിബിഷന്‍ സെന്ററിലേക്കു പോകാമെന്നാണു മയൂഖി പറഞ്ഞത്. ഈ സമയം പോലീസ് യൂണിഫോമില്‍ സായി ശങ്കറും ദിബിനും സമീറും മുറിയിലേക്കു കടന്നുവന്നു. കര്‍ണാടക പോലീസ് ആണെന്നു പരിചയപ്പെടുത്തിയ ഇവര്‍ റൂമില്‍ പരിശോധന നടത്തുകയും യുവതിയുടെയും വ്യവസായിയുടെയും ബാഗുകളും മറ്റും പരിശോധിക്കുകയും ചെയ്തു. ഇതിനിടെ, മയൂഖിയുടെ ബാഗില്‍നിന്നു വെളുത്ത നിറത്തിലുള്ള പൊടി കണെ്ടടുത്തു. തുടര്‍ന്നു സംഘത്തിന്റെ കൈവശമുണ്ടായിരുന്ന വയര്‍ലസ്‌വഴി ഇന്‍ഫര്‍മേഷന്‍ കൊടുത്തു. ഈ സമയം ഡിഐജി വേഷത്തില്‍ നാരായണദാസുമെത്തി. കണെ്ടടുത്ത പൊടി മാരകമായ മയക്കുമരുന്നാണെന്നും യുവതിയെയും അജയഘോഷിനെയും കസ്റ്റഡിയില്‍ എടുക്കുകയാണെന്നും പറഞ്ഞു. സംഭവത്തില്‍ തനിക്കു പങ്കില്ലെന്നും യുവതിയാണു തന്നെ ഇവിടേക്കു കൂട്ടിക്കൊണ്ടു വന്നതെന്നും അജയഘോഷ് പറഞ്ഞപ്പോള്‍ കേസില്‍നിന്നു രക്ഷപ്പെടാന്‍ സഹായിക്കാമെന്നും പ്രതിഫലമായി രണ്ടുകോടി രൂപ നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

ആദ്യഗഡുവായി 25 ലക്ഷം രൂപ ഉടന്‍ വേണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടത്. എന്നാല്‍, പണം ഇപ്പോള്‍ തന്റെ കൈയില്‍ ഇല്ലെന്നും നാട്ടിലെത്തിയ ശേഷം ബാങ്കില്‍നിന്ന് എടുത്തു നല്‍കാമെന്നും അജയഘോഷ് പറഞ്ഞു. തുടര്‍ന്ന് അദ്ദേഹത്തെ നാട്ടിലേക്കു പോകാന്‍ ഇവര്‍ അനുവദിക്കുകയായിരുന്നു.

നാട്ടിലെത്തിയ അജയഘോഷ് തൃപ്പൂണിത്തുറ പോലീസില്‍ പരാതി നല്‍കി. 25 ലക്ഷം രൂപയില്‍ അഞ്ചു ലക്ഷം ഉച്ചയ്ക്കും 20 ലക്ഷം വൈകുന്നേരം മൂന്നിനും നല്‍കണമെന്നായിരുന്നു വ്യവസ്ഥ. ഇതുപ്രകാരം അഞ്ചു ലക്ഷം രൂപ കൈപ്പറ്റാനെത്തിയ സായി (26)യെ പരാതിക്കാരന്റെ സഹായത്തോടെ പോലീസ് നാടകീയമായി പിടികൂടി.

നാരാണദാസും സംഘവും വൈകുന്നേരം നെടുമ്പാശേരി വിമാനത്താവളം വഴി നാട്ടിലേക്കു വരുന്നതായി സായിയില്‍നിന്നു വിവരം ലഭിച്ച പോലീസ് ഇവരെ പിടികൂടാന്‍ നെടുമ്പാശേരി വിമാനത്താവളത്തിലേക്കുള്ള വഴിയില്‍ കാത്തുനിന്നു. ഇവര്‍ വരുന്ന കാറിന്റെ അടയാളം സായിയില്‍നിന്നു പോലീസ് മനസിലാക്കിയിരുന്നു. ഇതുപ്രകാരം ഹില്‍പാലസ് എസ്‌ഐ ജി. ശിവകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇവരുടെ കാര്‍ പിന്തുടര്‍ന്നു. ഈ സമയം സിഐ ബൈജു പി. പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘം കളമശേരി ഭാഗത്തു കാത്തുനില്‍പ്പുണ്ടായിരുന്നു. കാര്‍ കളമശേരിയില്‍ എത്തിയപ്പോള്‍ പോലീസ് റോഡ് ബ്ലോക്ക് ചെയ്തു. തട്ടിപ്പുസംഘം സഞ്ചരിച്ചിരുന്ന കാര്‍ അടുത്തെത്തിയപ്പോള്‍ പോലീസ് തടഞ്ഞു. ഇതു കണ്ടു കാറില്‍നിന്ന് ഇറങ്ങി ഓടാന്‍ ശ്രമിച്ചെങ്കിലും പോലീസ് ഇവരെ സാഹസികമായി കീഴടക്കുകയായിരുന്നു.

ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ ധരിക്കുന്ന യൂണിഫോമും കര്‍ണാടക പോലീസിന്റെ യൂണിഫോമും കാറില്‍നിന്നു കണെ്ടടുത്തു. കൂടാതെ നാര്‍ക്കോട്ടിക് ബ്യൂറോയുടെ വ്യാജ ഐഡി കാര്‍ഡും വ്യാജ ഡ്രൈവിംഗ് ലൈസന്‍സും നാലു കൈവിലങ്ങുകളും മൊബൈല്‍ ഫോണുകളും പോലീസ് ഉപയോഗിക്കുന്ന വയര്‍ലെസുകളും കണെ്ടടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

പ്രതികള്‍ മുമ്പും സമാനമായ രീതിയില്‍ തട്ടിപ്പ് നടത്തിയിട്ടുള്ളതായാണു ഹില്‍പാലസ് പോലീസ് പറയുന്നത്. പല പ്രമുഖരും ഇവരുടെ വലയില്‍പ്പെട്ടിട്ടുണ്ട്. മുമ്പു മറ്റൊരു വ്യവസായിയെ കെണിയില്‍പ്പെടുത്തി 12 ലക്ഷത്തോളം രൂപ തട്ടിയതായി ഇവര്‍ പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍, അന്നു തട്ടിപ്പിനിരയായ ആള്‍ ഇതുവരെ പരാതിയുമായി എത്തിയിട്ടില്ല. വിവിധ സ്റ്റേഷനുകളിലായി പതിനഞ്ചോളം വാഹനമോഷണക്കേസുകളിലും നിരവധി വഞ്ചനാക്കേസുകളിലും ആള്‍മാറാട്ട കേസുകളിലും പ്രതിയാണു നാരായണദാസ്. ഇയാള്‍ എരൂരില്‍ രണ്ടു കോടിയോളം രൂപ മുടക്കി ആഡംബരവീടു നിര്‍മിച്ചിട്ടുണ്ട്. ചുരുക്കം ദിവസങ്ങളിലേ ഇയാള്‍ ഇവിടെ എത്താറുള്ളൂ. അതിനാല്‍തന്നെ ഇയാളുടെ ബിസിനസുകളെക്കുറിച്ച് ആര്‍ക്കുംതന്നെ അറിവില്ല. സംഘത്തിലെ മറ്റുള്ളവര്‍ ഇയാളുടെ സഹായികളാണ്.

മോഡലിംഗിലും മറ്റും താത് പര്യമുള്ള മയൂഖി, സായി ശങ്കറിന്റെ ഭാര്യയുമായി ഒരുമിച്ചു പഠിച്ചതിന്റെ പേരിലാണ് അയാളുമായി അടുത്തതെന്നും ഈ സംഘത്തിന്റെ ഭാഗമാകുന്നതെന്നും പോലീസ് പറഞ്ഞു. നിരവധി ബിസിനസുകാര്‍ സംഘത്തിന്റെ തട്ടിപ്പിനിരയായിട്ടുണെ്ടന്നു പോലീസ് സംശയിക്കുന്നു.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.