Latest News

കേരള പോലീസിനു വീണ്ടുമൊരു പൊന്‍തൂവല്‍

കാഞ്ഞങ്ങാട്:[www.malabarflash.com] ചെറുവത്തൂര്‍ വിജയാ ബാങ്കില്‍ 20 കിലോഗ്രാം സ്വര്‍ണവും 2.95 ലക്ഷവും കവര്‍ച്ച ചെയ്ത കേസില്‍ പ്രതികളെ പിടികൂടാനായതു പോലീസിന്റെ ശാസ്ത്രീയമായ അന്വേഷണ മികവ്. ഒപ്പം കേരള പോലീസിന്റെ അന്വേഷണ മികവ് വീണ്ടുമൊരിക്കല്‍ക്കൂടി വെളിവാകുകയും ചെയ്തിരിക്കുന്നു.

തെളിവുകളൊന്നും അവശേഷിപ്പിക്കാതെയായിരുന്നു ചെറുവത്തൂര്‍ ബാങ്കിലെ കവര്‍ച്ച. കേസിലെ ഏഴു പ്രതികള്‍ക്കും പ്രത്യേകം പ്രത്യേകം ജോലി ഏല്‍പ്പിച്ചു നല്‍കി ഒരിക്കലും അന്വേഷണസംഘത്തിനു പിടികൂടാനാകാത്ത രീതിയിലാണ് അബ്ദുള്‍ ലത്തീഫ് കവര്‍ച്ച ആസൂത്രണം ചെയ്തത്. കഴിഞ്ഞ 26ന് കവര്‍ച്ച നടത്തുന്നതിനു ബാങ്ക് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലെ താഴത്തെ നിലയിലാണ് ആറു മുറികള്‍ വാടകയ്‌ക്കെടുത്തത്. ഇതു വാടകയ്‌ക്കെടുക്കാന്‍ ഏല്‍പ്പിച്ചതാകട്ടെ ചെറുവത്തൂരുകാര്‍ക്കു പരിചയമില്ലാത്ത കന്നഡ കലര്‍ന്ന മലയാളം സംസാരിക്കുന്ന കുടക് സ്വദേശി സുലൈമാനെ. മഞ്ചേശ്വരം സ്വദേശിയായ ഇസ്മയില്‍ എന്ന വ്യാജ പേരിലാണു ചെരിപ്പുകട തുടങ്ങാനെന്നു പറഞ്ഞു മുറികള്‍ വാടകയ്‌ക്കെടുത്തത്.

ബാങ്കിന്റെ ഒന്നാം നിലയുടെ കോണ്‍ക്രീറ്റ് മുറിക്കാന്‍ നിയോഗിച്ചതാകട്ടെ ഇതില്‍ അതിവിദഗ്ധനായ ഇടുക്കി സ്വദേശി രാജേഷ് മുരളിയെയാണ്. ഇയാളെ ജയിലില്‍ നിന്നാണു ലത്തീഫ് പരിചയപ്പെടുന്നത്.

കുറ്റകൃത്യത്തിലുള്‍പ്പെട്ട ഒരാളെ പിടിച്ചാല്‍ പോലും തെളിയിക്കാന്‍ പറ്റാത്ത രീതിയിലായിരുന്നു കവര്‍ച്ചയുടെ ആസൂത്രണം. കാഞ്ഞങ്ങാട്ടെ രാജധാനി ജ്വല്ലറി കവര്‍ച്ച നടത്തിയതിനു സമാനമായ രീതിയില്‍ നടന്ന കവര്‍ച്ചയായതിനാലാണു പോലീസ് അന്വേഷണം ആ വഴിക്കു നീങ്ങിയത്. ഓട്ടോ ഡ്രൈവറായ അബ്ദുള്‍ ലത്തീഫ് മാസങ്ങളോളം നിരീക്ഷണം നടത്തിയാണു രാജധാനി ജ്വല്ലറിയില്‍ കവര്‍ച്ച നടത്തിയത്. ജ്വല്ലറിയുടെ സമീപമുണ്ടായ ഇലക്ട്രിക്കല്‍ ഷോപ്പ് ഉടമയെ ഇന്‍വെര്‍ട്ടര്‍ ഫിറ്റ് ചെയ്യാനെന്ന വ്യാജേന ബദിയഡുക്കയിലേക്കു വരുത്തി 2010 ഏപ്രില്‍ 16നു വെള്ളിയാഴ്ച ജ്വല്ലറി ജീവനക്കാര്‍ ജുമ നിസ്‌കാരത്തിനു പോയ സമയത്തായിരുന്നു കവര്‍ച്ച. ഏപ്രില്‍ 15ന് വിഷുദിനത്തില്‍ ജ്വല്ലറി അവധിയായതിനാല്‍ ആ ദിവസം ഇലക്ട്രിക്കല്‍ ഷോപ്പില്‍ കയറി സ്ലാബ് തുരക്കുകയും അടുത്ത ദിവസം ഉച്ചയ്ക്കു കവര്‍ച്ച നടത്തുകയുമായിരുന്നു. ഇതുപോലെ ബാങ്ക് അവധിയായ ശനി, ഞായര്‍ ദിവസങ്ങളിലാണു വിജയാ ബാങ്കിലെ മോഷണത്തിനും തെരഞ്ഞെടുത്തത്.

ലത്തീഫിനെ പിടികൂടിയിട്ടും കവര്‍ച്ച നടത്തിയതു സമ്മതിക്കാന്‍ ഇയാള്‍ തയാറായിരുന്നില്ല. എന്നാല്‍, മുറി വാടകയ്‌ക്കെടുത്ത സുലൈമാനെ വിശദമായി ചോദ്യംചെയ്തപ്പോഴാണു കവര്‍ച്ചയെക്കുറിച്ച് അന്വേഷണസംഘത്തിനു വിവരം ലഭിച്ചത്. ഇയാള്‍ കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയില്‍ ഫെഡറല്‍ ബാങ്ക് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ താഴത്തെനില വാടകയ്‌ക്കെടുക്കാന്‍ ശ്രമിച്ചിരുന്നു. ഈ കെട്ടിടത്തിന്റെ ഉടമസ്ഥനെ വിളിച്ച ഫോണ്‍ കോളാണ് അന്വേഷണത്തിനു വഴിത്തിരിവായത്.

ചെറുവത്തൂര്‍ ഫാര്‍മേഴ്‌സ് സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ സിസിടിവി ദൃശ്യങ്ങളും അന്വേഷണത്തിനു സഹായകമായി. കേസന്വേഷണം വഴിതിരിച്ചുവിടാന്‍ ലത്തീഫ് ജാര്‍ഖണ്ഡ് സ്വദേശികളായ തൊഴിലാളികളെ ഉപയോഗപ്പെടുത്തിയിരുന്നു. എന്നാല്‍, സൈബര്‍ സെല്ലിന്റെയും കണ്ണൂര്‍ ജില്ലയിലെ ഉള്‍പ്പെടെ മികച്ച പോലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയുള്ള അന്വേഷണം കവര്‍ച്ച നടന്ന് ഒരാഴ്ചയ്ക്കുള്ളില്‍ത്തന്നെ പ്രതികളെ പിടികൂടാന്‍ സഹായിച്ചു.

കവര്‍ച്ച നടന്ന ദിവസം ചെറുവ ത്തൂര്‍ ടൗണ്‍ പരിധിയില്‍നിന്നു പോയതും വന്നതുമായ 4,000 ത്തോളം ഫോണ്‍ കോളുകള്‍ പോലീസ് പരിശോധിച്ചിരുന്നു. ഇതില്‍ സംശയം തോന്നിയ നാലു നമ്പറുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം നിര്‍ണായകമായി. ഈ നാലു ഫോണ്‍ നമ്പറുകളിലൊന്ന് അബ്ദു ള്‍ ലത്തീഫിന്റേതായിരുന്നു.

ആഭ്യന്തരമന്ത്രി അഭിനന്ദിച്ചു
തിരുവനന്തപുരം: ചെറുവത്തൂര്‍ വിജയാ ബാങ്ക് കവര്‍ച്ചയുമായി ബന്ധപ്പെട്ടു മുഴുവന്‍ പേരെയും പിടികൂടിയ അന്വേഷണ സംഘത്തെയും അതിനു നേതൃത്വം നല്‍കിയ ജില്ലാ പോലീസ് മേധാവി ഡോ. എ.ശ്രീനിവാസിനെയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അഭിനന്ദിച്ചു. 

ജില്ലാ പോലീസ് മേധാവി ഡോ. എ ശ്രീനിവാസനെ ഫോണില്‍ വിളിച്ചാണു മന്ത്രി അഭിനന്ദനം അറിയിച്ചത്. കുഡ്‌ലു ബാങ്ക് കവര്‍ച്ചയുമായി ബന്ധപ്പെട്ട പ്രതികളെയും പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഈ അന്വേഷണ സംഘത്തെയും ആഭ്യന്തരമന്ത്രി അഭിനന്ദിച്ചു.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.