Latest News

എസ്‌ഐ സുന്ദരിയായി അഭിനയിച്ചു; ഫെയ്‌സ് ബുക്ക് ചാറ്റിലൂടെ വീടുവിട്ട വീട്ടമ്മയെ വാട്‌സാപ്പിലൂടെ പൊലീസ് തിരിച്ചെത്തിച്ചു

കോട്ടയം:[www.malabarflash.com] എസ്‌ഐ സുന്ദരിയായ പെണ്‍കുട്ടിയായി. വാട്‌സ് ആപ്പിലൂടെ ചിത്രം അയച്ചു. ഇത്തിരി കൊച്ചുവര്‍ത്തമാനംകൂടിയായപ്പോള്‍ പോലീസ് അന്വേഷിക്കുന്ന യുവാവ് സൈബര്‍ വലയില്‍ വീണു. അങ്ങനെ കാണാതായ യുവതിയെ കണ്ടെത്തി. ഫെയ്‌സ് ബുക്ക് ചാറ്റിംഗിലൂടെ യുവാക്കളെ വശീകരിച്ചു വഴിതെറ്റിച്ച് വീടുവിട്ട യുവതിയെ പോലീസ് ഫെയ്‌സ്ബുക്ക് ചാറ്റിംഗിലൂടെ തന്നെ പിടികൂടി.

കോട്ടയം സൈബര്‍ സെല്ലാണ് ഫോണില്‍ നടത്തിയ കുതന്ത്രങ്ങള്‍ വഴി കേസ് തെളിയിച്ചത്. കാണാതായ വാഴൂര്‍ സ്വദേശിയായ യുവതിയേയാണ് ജില്ലാ പോലീസ് ചീഫിന്റെ ഷാഡോ പോലീസ് സംഘം അതി വിദഗ്ധമായി പിടികൂടിയത്.

കഴിഞ്ഞ 13മുതല്‍ വാഴൂര്‍ സ്വദേശിയും ആറു വയസുള്ള കുട്ടിയുടെ അമ്മയുമായ യുവതിയെ കാണാനില്ലെന്നു കാണിച്ചു ഭര്‍ത്താവ് പള്ളിക്കത്തോട് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ യുവതിയുടെ മൊബൈല്‍ നമ്പര്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് പരിശോധിച്ചു. കാണാതായ 13നു യുവതിയുടെ ഫോണിലേക്കു തുടര്‍ച്ചയായി 390 എസ്എംഎസുകളും രണ്ടു നമ്പരില്‍നിന്നു തുടര്‍ച്ചയായി ഫോണ്‍കോളുകളും എത്തിയതായി കണ്ടെത്തി.

കൂടാതെ 15മുതല്‍ ഒരു സിം കാര്‍ഡും 17നു വേറൊരു സിം കാര്‍ഡും യുവതിയുടെ ഫോണില്‍ ഉപയോഗിക്കുന്നതായും സൈബര്‍ സെല്‍ കണ്ടെത്തി. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ കാണാതായ യുവതിയുടെ തിരുവല്ലയിലുള്ള ബന്ധുക്കളാണ് ഫോണ്‍ ഉപയോഗിക്കുന്നതെന്നും യുവതി കഴിഞ്ഞദിവസം ഇവിടെ എത്തിയിരുന്നതായും അമ്മവീട്ടിലേക്കു പോകുന്നുവെന്നു പറഞ്ഞു പോയതായും ബന്ധുക്കള്‍ പറഞ്ഞു.

യുവതിയുടെ ഫോണിലേക്കു പിന്നീടു തുടര്‍ച്ചയായി വന്നുകൊണ്ടിരുന്ന കോളുകള്‍ പരിശോധിച്ചപ്പോള്‍ കവിയൂരിലെ ഒരു അഡ്രസ് ലഭിക്കുകയും ഈ അഡ്രസിലുള്ള ആള്‍ കൊച്ചി പാലാരിവട്ടം ടവര്‍ ലൊക്കേഷന്‍ പരിധിയിലുളളതായും പോലീസിനു മനസിലാക്കാന്‍ സാധിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണസംഘത്തിനു നേതൃത്വം കൊടുക്കുന്ന എസ്‌ഐ തന്റെ വാട്‌സ് ആപ് പ്രൊഫൈല്‍ ചിത്രം സുന്ദരിയായ പെണ്‍കുട്ടിയുടെ ചിത്രമാക്കി മാറ്റിയശേഷം കവിയൂര്‍ സ്വദേശിയുടെ വാട്‌സ് ആപ്പ് നമ്പരിലേക്ക് മെസേജ് ആയക്കുകയും പരിചയപ്പെടുകയും ചെയ്തു.

അബിത എന്നാണു പോലീസ് പേരു പറഞ്ഞിരുന്നത്. കാണാതായ യുവതിയുടെ സിസ്റ്ററാണെന്നു പറയുകയും ചെയ്തു. തുടര്‍ന്നു പാലാരിവട്ടത്തുള്ള യുവാവിനെ പ്രണയത്തിലൂടെ വശീകരിച്ചു പോലീസ് വാഴൂരിലെത്തിച്ചു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണു കാണാതായ യുവതി മറ്റൊരു യുവാവിനെയും പറ്റിച്ചതായി വിവരം പോലീസിനു ലഭിച്ചു.

തുടര്‍ന്നു വീണ്ടും സൈബര്‍ സെല്ലിലൂടെ നടത്തിയ അന്വേഷണത്തില്‍ യുവതിയുടെ ഫോണ്‍ കോള്‍ ലിസ്റ്റില്‍ കണ്ട മറ്റൊരു നമ്പര്‍ തേടി പോലീസ് എത്തിയത് കൊല്ലം ജില്ലയിലെ കുളത്തുപ്പുഴയിലെ ഒരു ബ്യൂട്ടി പാര്‍ലറിലാണ്. ഇവിടെയെത്തിയ പോലീസ് വീട്ടുകാരെ ചോദ്യം ചെയ്തപ്പോള്‍ കാണാതായ യുവതിയെ വീട്ടില്‍നിന്നു കണ്ടെത്തി. തുടര്‍ന്നു വിശദമായി വീട്ടുകാരെ ചോദ്യം ചെയ്തപ്പോഴാണു വീട്ടിലെ ഇളയ മകനെ ഫെയ്‌സ് ബുക്കിലൂടെ യുവതി കബളിപ്പിച്ചതായി മനസിലായത്.

വലിയ ഉദ്യോഗസ്ഥയാണെന്നും സാമ്പത്തിക ശേഷിയുള്ള കുടുംബത്തിലെ യുവതിയാണെന്നും പറഞ്ഞാണ് യുവാവിനെ യുവതി കബളിപ്പിച്ചത്. ഇവിടുത്തെ യുവാവിനെ പോലീസ് ചോദ്യം ചെയ്തപ്പോള്‍ യുവതിയുടെ സഹോരങ്ങളാണെന്നു പരിചയപ്പെടുത്തി വിളിച്ചിരുന്ന ആലപ്പുഴ സ്വദേശിയുടെയും കോട്ടയം സ്വദേശിയുടെയും നമ്പറുകള്‍ കൂടി പോലീസിനു ലഭിച്ചു. ഇവരെ ചോദ്യം ചെയതതോടെ ഇവരെയും ഒരേസമയം യുവതി കബളിപ്പിക്കുകയാണെന്നും പോലീസിനു മനസിലാക്കാന്‍ സാധിച്ചു. കോടതിയില്‍ ഹാജരാക്കിയ യുവതിയെ പിന്നീട് വിട്ടയച്ചു.

ജില്ല പോലീസ് ചീഫ് എസ്. സതീഷ് ബിനോയ്ക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി വി.യു. കുര്യാക്കോസ്, സൈബര്‍ സെല്‍ ഡിവൈഎസ്പി വി.ജി. വിനോദ് കുമാര്‍, പള്ളിക്കത്തോട് എസ്‌ഐ വി. രാജീവ്, ഷാഡോ പോലീസ് എസ്‌ഐമാരായ പി.വി. വര്‍ഗീസ്, എ.എം. മാത്യു, ഒ.എം. സുലൈമാന്‍, സീനിയര്‍ പോലീസ് ഓഫീസര്‍ കെ.എസ്. അഭിലാഷ് എന്നിവരാണ് അന്വേഷണത്തിനു നേതൃത്വം നല്‍കിയത്.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.