കോട്ടയം:[www.malabarflash.com] തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. അകലക്കുന്നം മഞ്ഞാമറ്റത്തില്‍ ജോസിന്റെ ഭാര്യ ഡോളി (48)യാണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു ഡോളി.
കഴിഞ്ഞ 11നാണ് തൊഴിലുറപ്പു പദ്ധതി തൊഴിലാളികൂടിയായ ഇവര്‍ക്ക് നായയുടെ കടിയേറ്റത്. അന്നുതന്നെ ഡോളിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടുത്തെ മരുന്ന് ഉപയോഗിച്ച് രണ്ടു കുത്തിവയ്‌പുകളും പുറത്തുനിന്നു വാങ്ങിയ മരുന്നുപയോഗിച്ച് ഒരു കുത്തിവയ്‌പും ഉള്‍പ്പെടെ മൂന്നു കുത്തിവയ്‌പുകള്‍ എടുക്കുകയും ചെയ്‌തു. വീട്ടില്‍ വന്ന് രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ ഡോളിക്ക് അസ്വസ്‌ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീണ്ടും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ആദ്യമെടുത്ത മൂന്നു കുത്തിവയ്‌പുകളും ഗുണനിലവാരമില്ലാത്തതിനാലാണ് ഡോളിയുടെ മരണത്തില്‍ കലാശിച്ചതെന്ന് നാട്ടുകാര്‍ക്ക് ആക്ഷേപമുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലം നായയുടെ കടിയേറ്റ ദിവസം 25000 രൂപയുടെ ഒറ്റ കുത്തിവയ്‌പ് എടുക്കാന്‍ കഴിയാതിരുന്നതും ഡോളിയുടെ ജീവന്‍ നഷ്‌ടമാകാന്‍ കാരണമായതായി ചൂണ്ടിക്കാണിക്കുന്നു.
ഡോളിക്ക് തെരുവുനായയുടെ കടിയേറ്റ ദിവസംതന്നെ ചേപ്പുംപാറ ക്യൂണി പബ്ലിക് സ്‌കൂളിലെ ഒരു വിദ്യാര്‍ഥിനിയേയും ഈ നായ കടിച്ചിരുന്നു. അന്ന് സ്വകാര്യ മെഡിക്കല്‍ സ്‌റ്റോറില്‍നിന്നും കുട്ടിയുടെ പിതാവ് 25000 രൂപയുടെ കുത്തിവയ്‌പിനുള്ള മരുന്നു വാങ്ങി കുത്തിവയ്‌പെടുത്തതിനാല്‍ കുട്ടിക്ക് ഒരു പ്രശ്‌നവുമുണ്ടായുമില്ല.
ഡോളിയുടെ നില ഗുരുതരമായത് അറിഞ്ഞ് സെന്റ് സെബാസ്‌റ്റ്യന്‍ പള്ളിയില്‍നിന്നും സമാഹരിച്ച ഒരു ലക്ഷം രൂപാ കൈമാറിയതില്‍നിന്നും 46000 രൂപയുടെ കുത്തിവയ്‌പ് എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല. ഡോളിയുടെ മൃതദേഹം മഞ്ഞാമറ്റം സെന്റ് സെബാസ്‌റ്റ്യന്‍ പള്ളിയില്‍ സംസ്‌കരിച്ചു. ഭര്‍ത്താവ് ജോസ് സ്വകാര്യ ബസ് ഡ്രൈവറാണ്. മക്കള്‍: ജിബില്‍, ജിസ്‌മി.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment