Latest News

കാര്‍ മരത്തിലിടിച്ച് ഒരാള്‍ മരിച്ചു; അപകടത്തില്‍പ്പെട്ട കാറില്‍ തിര നിറച്ച തോക്കും കത്തിയും

ചുങ്കത്തറ:[www.malabarflash.com] മലപ്പുറം ചുങ്കത്തറക്കടുത്ത് പൂച്ചക്കുത്തില്‍ കാര്‍ മരത്തിലിടിച്ചു കയറി ഒരാള്‍ മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. മമ്പാട് പൊങ്ങല്ലൂര്‍ സ്വദേശി അബ്ദുല്‍ വഹാബാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ എടവണ്ണ പത്തപ്പിരിയം സ്വദേശികളായ ലുഖ്മാനുല്‍ ഹക്കീം, ജയ്‌മോന്‍ എന്നിവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.

അതേസമയം, അപകടത്തില്‍പ്പെട്ട കാറില്‍ നിന്ന് തിര നിറച്ച തോക്കും കത്തിയും കണ്ടെടുത്തത് ദുരൂഹതയുണര്‍ത്തി. മരത്തില്‍ ഇടിച്ചു കയറിയ നിലയില്‍ കണ്ടെത്തിയ കാറിലാണ് നാടന്‍ തോക്കും അഞ്ച് തിരകളും കണ്ടെത്തിയത്. മരിച്ച അബ്ദുല്‍ വഹാബിന്റെ അരയില്‍ നിന്നാണ് കത്തി കണ്ടെടുത്തത്.

സംഘം വനമേഖലയില്‍ വേട്ടക്ക് വന്നതാണന്ന സംശയത്തിലാണ് പൊലീസ്. സംസ്ഥാന പാതയുടെ ഓരത്ത് വാഹനങ്ങള്‍ നിര്‍ത്തി റോഡ് മുറിച്ചു കടക്കുന്ന മൃഗങ്ങളെ നിറയൊഴിച്ച് വീഴ്ത്തുന്ന ഒട്ടേറെ സംഘങ്ങള്‍ ഉണ്ടെന്ന് വനം ഉദ്യോഗസ്ഥര്‍ പറയുന്നു. മറ്റേതെങ്കിലും വാഹനങ്ങള്‍ കണ്ട് അമിത വേഗതയില്‍ കാര്‍ ഓടിച്ചതാകാം അപകട കാരണമെന്നാണ് നിഗമനം.




Keywords:Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.