Latest News

ഹരിയാനയില്‍ ദലിത് ബാലനെ പോലീസുകാര്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയെന്ന് ആരോപണം

ചണ്ഡീഗഡ്:[www.malabarflash.com] ഹരിയാനയിലെ ഫരീദാബാദ് ജില്ലയിലെ സുന്‍പേഡ് ഗ്രാമത്തില്‍ ഉയര്‍ന്ന ജാതിക്കാര്‍ ദലിത് കുടുംബത്തെ ജീവനോടെ പെട്രോളൊഴിച്ചു കത്തിച്ച സംഭവത്തിന് പിന്നാലെ മറ്റൊരു ദലിത് ബാലനെ പോലീസുകാര്‍തന്നെ മര്‍ദ്ദിച്ചു കൊന്നതായി ആരോപണം. മോഷണക്കുറ്റം ആരോപിച്ച് പോലീസ് കസ്റ്റഡിയിലെടുത്ത ഗോവിന്ദയെന്ന പതിനാലുകാരനാണ് കൊല്ലപ്പെട്ടത്.

പ്രാവുകളെ മോഷ്ടിച്ചുവെന്നതായിരുന്നു ഗോവിന്ദയ്‌ക്കെതിരെ പോലീസ് ചുമത്തിയ കുറ്റം. ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്ത ബാലനെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

വീടിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലാണ് ഗോവിന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് മര്‍ദ്ദനത്തെ തുടര്‍ന്നാണ് ഗോവിന്ദ മരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചതോടെയാണ് സംഭവം വിവാദമായത്. തുടര്‍ന്ന് ഗോവിന്ദയുടെ മരണത്തിന് ഉത്തരവാദികളായ പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ റോഡും റെയില്‍പാതയും ഉപരോധിച്ചു.

മേഖലയില്‍ മണിക്കൂറുകളോളം റോഡ് ഗതാഗതവും ട്രെയിന്‍ ഗതാഗതവും മുടങ്ങുന്നതിന് ഇത് ഇടയാക്കി. സംഭവത്തില്‍ പ്രഥമദൃഷ്ട്യാ കുറ്റക്കാരെന്നു കണ്ടെത്തിയ രണ്ടു പോലീസുകാര്‍ക്കെതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഹരിയാനയിലെ ഫരീദാബാദ് ജില്ലയിലെ സുന്‍പേഡ് ഗ്രാമത്തില്‍ ദലിത് കുടുംബത്തെ ജീവനോടെ പെട്രോളൊഴിച്ചു കത്തിച്ച സംഭവം ദേശീയ തലത്തില്‍ത്തന്നെ വിവാദമായതിന് പിന്നാലെയാണ് ദലിത് ബാലനെതിരായ ക്രൂരത റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. സംഭവത്തില്‍ രണ്ടു കുട്ടികള്‍ വെന്തു മരിച്ചിരുന്നു. രണ്ടര വയസുള്ള വൈഭവ്, പതിന്നൊന്നു മാസം പ്രായമുള്ള ദിവ്യ എന്നിവരാണ് മരിച്ചത്. കുട്ടികളുടെ അമ്മ രേഖ, പിതാവ് ജിതേന്ദര്‍ എന്നിവര്‍ക്കു പൊള്ളലേല്‍ക്കുകയും ചെയ്തിരുന്നു.




Keywords:National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.