കാസര്‍കോട്:[www.malabarflash.com] മാങ്ങാട്ടെ എം ബി ബാലകൃഷ്ണന്‍ വധക്കേസിലെ പ്രതി ഷിബു കടവങ്ങാനത്തെ സഹായിച്ചുകൊണ്ടിരിക്കുന്ന ബിജെപി ജില്ലാ നേതൃത്വം സിപിഐ എം നടത്തിയ സമരത്തെ ആക്ഷേപിച്ച് പ്രസ്താവനയിറക്കിയത് അപഹാസ്യമാണെന്ന് സിപിഐ എം ജില്ലാസെക്രട്ടറിയറ്റ് പറഞ്ഞു.
ബാലകൃഷ്ണനെ കൊലപ്പെടുത്തിയ പ്രതിയുടെ സംരക്ഷണം ബിജെപി ഏറ്റെടുത്തത് ആരുമറിയില്ലെന്ന ധാരണയില്‍ നടത്തിയ വിലകുറഞ്ഞ അഭിപ്രായപ്രകടനങ്ങള്‍ ജനങ്ങള്‍ പുച്ഛിച്ച് തള്ളും. ഷിബു ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതൃത്വം ആസൂത്രണം ചെയ്ത കൊലപാതകമാണ് മാങ്ങാട്ട് അരങ്ങേറിയത്. സിപിഐ എമ്മിന്റെ ഉശിരനായ പ്രവര്‍ത്തകനെ ഒരു പ്രകോപനവുമില്ലാതെ തിരുവോണ നാളില്‍ വധിച്ചത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കുടില ബുദ്ധിയാണെന്ന് അന്നേ സിപിഐ എം പറഞ്ഞതാണ്.
കൊലയാളികളെയും ഗൂഢാലോചനക്കാരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് സിപിഐ എം നിരന്തര സമരത്തിലാണ്. കഴിഞ്ഞ രണ്ടുകൊല്ലമായി ഇങ്ങനെയൊരു കൊല നടന്നതായി ഭാവിക്കാത്ത ബിജെപി പെട്ടെന്ന് ഒളിവിലിരുന്ന പ്രധാനപ്രതിയെ കൂട്ടുപിടിച്ച് രംഗത്ത് വന്നത് എന്തിനാണെന്ന് എല്ലാവര്‍ക്കും അറിയാം.
കോണ്‍ഗ്രസ് നേതൃത്വത്തിനൊപ്പം കൊലയാളികളെ സംരക്ഷിച്ചവരാണ് ബിജെപി നേതൃത്വം. പ്രതിയെ സംരക്ഷിക്കുന്നതില്‍ പല ബിജെപി നേതാക്കള്‍ക്കുള്ള പങ്ക് പുറത്തുവന്നിട്ടുണ്ട്. ബിജെപി നേതാക്കളാണ് ഒളിവിലിരുന്ന പ്രതിയെ വാര്‍ത്താസമ്മേളനം നടത്താന്‍ കാസര്‍കോട് പ്രസ്ക്ലബ്ബില്‍ എത്തിച്ചതെന്നും എല്ലാവര്‍ക്കും അറിയാം.
തങ്ങള്‍ ഉദ്ദേശിച്ചപോലെ കാര്യങ്ങള്‍ നടക്കാത്തതിന്റെ ജാള്യത്തിലാണ് സിപിഐ എമ്മിനെ നിരന്തരം ആക്ഷേപിക്കുന്നതെന്ന് മനസിലാക്കാനുള്ള സാമാന്യ ബുദ്ധി ജനങ്ങള്‍ക്കുണ്ടെന്ന് ബിജെപി മനസിലാക്കുന്നത് നല്ലതാണെന്നും ജില്ലാസെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment