Latest News

പീഡിപ്പിക്കപ്പെടുമെന്ന് ഭയം; പത്തു വര്‍ഷമായി പെണ്‍കുട്ടി ജീവിക്കുന്നത് ആണ്‍കുട്ടിയായി

അഹമ്മദാബാദ്:[www.malabarflash.com] പീഡിപ്പിക്കപ്പെടുമെന്ന ഭയം കൊണ്ട് കഴിഞ്ഞ പത്തുവര്‍ഷമായി പായല്‍ ബാരിയ എന്ന 13കാരി ജീവിക്കുന്നത് ആണ്‍കുട്ടിയുടെ വേഷത്തില്‍. അഹമ്മദാബാദില്‍ ചെരുപ്പും ഷൂവും പോളിഷ് ചെയ്ത് ജീവിക്കുന്ന പെണ്‍കുട്ടിക്കാണ് ഇത്തരമൊരു അവസ്ഥ.

പോളിഷ് ജോലിക്കായി വീട്ടില്‍ നിന്ന് പുലര്‍ച്ചെ നാലു മണിക്കെങ്കിലും ഇറങ്ങേണ്ടി വരും. മാത്രമല്ല, വീട്ടിലേക്ക് തിരിച്ചുവരുന്നതും രാത്രിയേറെ വൈകിയായിരിക്കും. ഈ സമയത്ത് താന്‍ പെണ്‍കുട്ടിയാണെന്ന് ആരെങ്കിലും തിരിച്ചറിഞ്ഞാല്‍ തനിക്ക് നേരെ പീഡന ശ്രമം ഉണ്ടായേക്കാമെന്ന ഭയമാണ് ആണ്‍ വേഷം കെട്ടാന്‍ പായലിനെ പ്രേരിപ്പിച്ചത്.

പായലിന്റെ ചെറുപ്രായത്തില്‍ തന്നെ പിതാവ് മരിച്ചു. അതോടെ കുടുംബത്തിന്റെ ഉത്തരവാദിത്തം പായലിന് ഏറ്റെടുക്കേണ്ടി വന്നു. തുടര്‍ന്നാണ് പഠനം ഉപേക്ഷിച്ച് പായല്‍ പോളീഷ് ജോലി ഏറ്റെടുത്തത്. ആണ്‍കുട്ടിയെ പോലെ തോന്നാനായി അമ്മയാണ് പായലിന്റെ മുടി വളരെ ചെറുതായി മുറിച്ചുകൊടുത്തിരുന്നു. മറ്റുള്ളവര്‍ മകളെ ചൂഷണം ചെയ്യുമെന്ന ഭയം കൊണ്ടാണ് മാതാവ് പായലിനെ ആണ്‍കുട്ടിയെ പോലെ വളര്‍ത്തിയത്.

പായലിന് നാല് സഹോദരങ്ങളുണ്ട്. എന്നാല്‍ മൂത്ത രണ്ടു സഹോദരങ്ങള്‍ കുടുംബവുമായി വഴക്കിലാണ്. വിവാഹം കഴിഞ്ഞ ഇവര്‍ മറ്റു സ്ഥലത്താണ് താമസം. മാതാവ് അഹമ്മദാബാദ് എല്‍ജി ആശുപത്രിക്ക് സമീപം ഭിക്ഷ യാചിച്ചും ഭക്ഷണത്തിനുള്ള പണം സമ്പാദിക്കുന്നു. അനാഥ കുട്ടിയെ പോലെയാണ് താന്‍ ജനിച്ചതെന്നും പിതാവ് ഒരിക്കലും ഒരു പെണ്‍കുട്ടിയെ ആഗ്രഹിച്ചിരുന്നില്ലെന്നും പായല്‍ പറയുന്നു.

സ്‌കൂളില്‍ പോകാന്‍ സാധിക്കാത്തതിനാല്‍ പായലിന് വളരെ വിഷമമുണ്ട്. എന്നാല്‍ തന്റെ അവസ്ഥ അനുജന് വരരുതെന്നാണ് പായലിന്റെ ആഗ്രഹം. അതുകൊണ്ട് അവനെ വേണ്ടത്ര പഠിപ്പിക്കുക എന്നത് മാത്രമാണ് പായലിന്റെ ലക്ഷ്യം. അതു കൊണ്ട് മാത്രമാണ് താന്‍ ആണ്‍ വേഷത്തില്‍ ജീവിതം തുടരുന്നതെന്ന് പായല്‍ പറയുന്നു. ഒരു ദിവസം ജോലി ചെയ്താല്‍ 150 രൂപ മാത്രമാണ് പായലിന് ലഭിക്കുന്നത്‌.




Keywords:National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.