Latest News

നാനാത്വവും ബഹുസ്വരതയും ഇല്ലാതാക്കരുത്: രാഷ്ട്രപതി

ന്യൂഡല്‍ഹി:[www.malabarflash.com] രാജ്യത്തിന്റെ കാതലായ മൂല്യങ്ങള്‍ നഷ്ടപ്പെടുത്തരുതെന്ന് രാഷ്ട്രപതി പ്രണാബ് മുഖര്‍ജി. നാനാത്വത്തിന്റെയും സഹിഷ്ണുതയുടെയും മൂല്യങ്ങള്‍ ഉള്ളില്‍ സൂക്ഷിക്കണമെന്നും രാഷ്ട്രപതി രാജ്യത്തോട് അഭ്യര്‍ഥിച്ചു. ഉത്തര്‍ പ്രദേശിലെ ദാദ്രിയില്‍ ഗോവധം നടത്തിയെന്നും ഗോമാംസം ഭക്ഷിച്ചെന്നും ആരോപിച്ച് ജനക്കൂട്ടം ഒരാളെ അടിച്ചുകൊന്ന സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു രാഷ്ട്രപതിയുടെ ഓര്‍മപ്പെടുത്തല്‍.

നമ്മുടെ സംസ്‌കാരത്തിന്റെ കാതലായ മൂല്യങ്ങള്‍ പാഴാക്കരുതെന്ന് ഉറച്ചു വിശ്വസിക്കുന്നു. വര്‍ഷങ്ങളായി നാം ആഘോഷിച്ചുകൊണ്ടിരിക്കുന്ന സാംസ്‌കാരിക വൈവിധ്യത്തിന്റെയും സഹിഷ്ണുതയുടെയും ബഹുസ്വരതയുടെയും മൂല്യങ്ങള്‍ മനസില്‍ സൂക്ഷിക്കണം. ഇതിനു ഭംഗം വരുത്തരുത്. നൂറ്റാണ്ടുകളായി നമ്മെ ഒരുമിപ്പിച്ചു നിര്‍ത്തിയത് ഈ കാതലായ സാംസ്‌കാരിക മൂല്യങ്ങളാണ്. പല പുരാതന സംസ്‌കാരങ്ങള്‍ക്കും അപചയം സംഭവിച്ചിട്ടുണ്ട്. കടന്നുകയറ്റങ്ങള്‍ക്കും ദീര്‍ഘകാലത്തെ വിദേശ ആധിപത്യത്തിനുശേഷവും ഇന്ത്യന്‍ സംസ്‌കാരം അതിജീവിച്ചു നിന്നത് സാംസ്‌കാരിക മൂല്യങ്ങളെ മുറുകെപ്പിടിച്ചായിരുന്നെന്ന കാര്യം മനസില്‍ സൂക്ഷിക്കണമെന്നും രാഷ്ട്രപതി പറഞ്ഞു.

രാഷ്ട്രപതി ഭവനില്‍ തന്നെക്കുറിച്ചുള്ള പുസ്തക പ്രകാശന ചടങ്ങിനിടെയാണു പ്രണാബ് മുഖര്‍ജി രാജ്യത്തോട് മൂല്യങ്ങളെ മുറുകെ പിടിക്കണം എന്നോര്‍മിപ്പിച്ചത്. ചടങ്ങില്‍ ഉപരാഷ്ട്രപതി ഡോ. ഹമീദ് അന്‍സാരി, കേന്ദ്ര മന്ത്രിമാരായ രാജ്‌നാഥ് സിംഗ്, മുക്താര്‍ അബ്ബാസ് നഖ്‌വി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍, രാജ്യസഭ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, മുന്‍ ജമ്മുകാഷ്മീര്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള തുടങ്ങിയവരും എംപിമാരും പങ്കെടുത്തിരുന്നു.

രാജ്യം വിവിധ മേഖലകളില്‍ മുന്നോട്ടുള്ള കുതിപ്പിലാണെന്നും വികസന മുന്നേറ്റത്തില്‍ അതിരുകളില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തന്നെക്കുറിച്ചു തന്നെയുള്ള ഒരു പുസ്തകത്തിന്റെ പ്രകാശന വേളയില്‍ കൂടുതല്‍ സംസാരിക്കുന്നതില്‍ വൈമുഖ്യം ഉണെ്ടന്നു പറഞ്ഞാണ് പതിനഞ്ച് മിനിറ്റ് നീണ്ടു നിന്ന പ്രസംഗത്തില്‍ രാഷ്ട്രപതിയായുള്ള ജീവിതത്തെക്കുറിച്ചു പറഞ്ഞത്. തന്റെ സുഹൃത്തുക്കള്‍ കളിയായി പറയുന്നതുപോലെ ഇതൊരു പണിയും ഇല്ലാത്ത പദവിയല്ല. ഭരണഘടന പദവിയെന്ന നിലയില്‍ രാഷ്ട്രപതിയുടെ ഓഫീസില്‍ ജോലിക്ക് ഒരു കുറവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പല സുഹൃത്തുക്കളും തമാശയായി പറയുന്നത് ഈ പദവിയിലിരുന്നു കൂടുതലായൊന്നും ചെയ്യാനില്ലെന്നാണ്. രാജ്യത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നതിനായി തന്റേതായ രീതിയിലുള്ള സംഭാവനകള്‍ നല്‍കുന്നുണ്ട്. ഇവിടെയെത്തി മൂന്നു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഇനിയും ഏറെ ചെയ്യാനുണെ്ടന്നു തിരിച്ചറിയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.




Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.