Latest News

സിപിഎം പ്രവര്‍ത്തകന്റെ അനധികൃത ക്ഷേത്രനിര്‍മാണം പോലീസ് തടഞ്ഞു

രാജപുരം:[www.malabarflash.com] സിപിഎം പ്രവര്‍ത്തകന്റെ അനധികൃത ക്ഷേത്ര നിര്‍മാണത്തിനെതിരേ പ്രതിഷേധവുമായി നാട്ടുകാര്‍. നെല്ലെടുപ്പ് സമരമുള്‍പ്പടെ നിരവധി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കോടോം ഉദയപുരത്താണ് പാര്‍ട്ടിയംഗം സ്വന്തമായി ക്ഷേത്രം പണിയുന്നത്.

സിപിഎം ബ്രാഞ്ച് അംഗമായ യുവാവ് ആഴ്ചകള്‍ക്കു മുമ്പ് തന്നെ തന്റെ സ്ഥലത്ത് ചാത്തന്‍ സേവയ്ക്കായുള്ള ക്ഷേത്രത്തിന്റെ നിര്‍മാണം തുടങ്ങിയിരുന്നു.
തൃശൂരുള്ള താന്ത്രിക വിദ്യാലയത്തില്‍ വര്‍ഷങ്ങളോളം പഠിച്ച ശേഷമാണ് ഇയാള്‍ നാട്ടില്‍ ക്ഷേത്രനിര്‍മാണം തുടങ്ങിയത്. എന്നാല്‍ ജില്ലയിലെ പ്രധാന ദേവി ക്ഷേത്രങ്ങളിലൊന്നായ ദുര്‍ഗാ ഭഗവതി ക്ഷേത്രം ഇവിടെയുള്ളപ്പോള്‍ അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കാന്‍ വേണ്ടി ക്ഷേത്രം ആവശ്യമില്ലെന്ന് പാര്‍ട്ടി നേതൃത്വവും നാട്ടുകാരും പറയുന്നു.

പ്രദേശത്ത് ക്ഷേത്രത്തിന്റെ നിര്‍മാണം ആരംഭിച്ചതോടെ നാട്ടുകാരും പാര്‍ട്ടി പ്രവര്‍ത്തകരും രംഗത്തെത്തുകയും രാജപുരം പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് ക്ഷേത്ര നിര്‍മാണത്തിന് അനുമതിയില്ലെന്നു മനസിലാക്കിയ പോലീസ് സ്ഥലത്തെത്തി പ്രവൃത്തികള്‍ നിര്‍ത്തിവയ്പിച്ചു.

ക്ഷേത്ര നിര്‍മാണത്തിനായി കളക്ടറുടെ അനുമതി വാങ്ങണമെന്നാണ് നിയമം. എന്നാല്‍ ഇവിടെ ഇതുപോലും പാലിക്കപ്പെട്ടിട്ടില്ല. ക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് പഞ്ചായത്തില്‍ നിന്നും ഇയാള്‍ അനുമതിയൊന്നും വാങ്ങിയിട്ടില്ലെന്നു പഞ്ചായത്ത് സെക്രട്ടറിയും പറഞ്ഞു. ദിവസങ്ങളായി തുടരുന്ന ക്ഷേത്രം നിര്‍മാണം പൂര്‍ത്തിയാക്കി വെള്ളിയാഴ്ച പ്രതിഷ്ഠാകര്‍മങ്ങള്‍ നടത്താനായിരുന്നു തീരുമാനം.

എന്നാല്‍ പോലീസെത്തി പണി നിര്‍ത്തിവയ്ക്കാനാവശ്യപ്പെട്ടതോടെ ഇതും മുടങ്ങി. പ്രതിഷ്ഠാ ദിനത്തിന്റെ ഭാഗമായി കളമെഴുത്ത് പാട്ട് നടത്താനും താന്ത്രിക കര്‍മങ്ങള്‍ ചെയ്യാനുമായി തൃശൂരില്‍ നിന്നും ആളുകളെ എത്തിച്ചിരുന്നു. തെരഞ്ഞെടുപ്പു കാലത്ത് പാര്‍ട്ടി അംഗത്തിന്റെ അന്ധവിശ്വാസം പ്രോത്സാഹിപ്പിക്കുന്ന നിലപാട് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധത്തിനിടയാക്കിട്ടുണ്ട്.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.