Latest News

വളാഞ്ചേരിയില്‍ ഗ്യാസ് ഏജന്‍സി ഉടമ വെട്ടേറ്റു മരിച്ചു, ഭാര്യക്കു ഗുരുതര പരിക്ക്

വളാഞ്ചേരി (മലപ്പുറം):[www.malabarflash.com] ഗ്യാസ് ഏജന്‍സി ഉടമ കിടപ്പുമുറിയില്‍ വെട്ടേറ്റു മരിച്ച നിലയില്‍. വളാഞ്ചേരി ആലിന്‍ചുവടിലെ ഇന്‍ഡേന്‍ ഗ്യാസ് ഏജന്‍സി ഉടമയും വെണ്ടല്ലൂരിലെ വാടകവീട്ടിലെ താമസക്കാരനുമായ എറണാകുളം ഇടപ്പള്ളി സ്വദേശി കുറ്റിക്കാടന്‍ വിനോദ്കുമാറിനെയാണ് (54) വെളളിയാഴ്ച രാവിലെ ഒമ്പതോടെ കഴുത്തില്‍ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളുടെ ഭാര്യ ജ്യോതിയെ (48) ഗുരുതര മുറിവുകളോടെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സമീപത്തു താമസിക്കുന്ന സ്ത്രീ പത്രം എടുക്കുന്നതിനായി എത്തിയപ്പോള്‍ വീടിനുള്ളില്‍നിന്നു ജ്യോതിയുടെ നിലവിളി കേട്ടു. വാതില്‍ ചാരിയ നിലയിലായിരുന്നു. ഉടന്‍ ഇവര്‍ വീടിനകത്തു കയറി നോക്കിയപ്പോള്‍ ഡൈനിംഗ് ഹാളില്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന ജ്യോതിയെയും അകത്തെ കിടപ്പുമുറിയില്‍ വെട്ടേറ്റു മരിച്ച നിലയില്‍ വിനോദ്കുമാറിനെയും കാണുകയായിരുന്നു. ഭയന്നു നിലവിളിച്ച ഇവര്‍ അയല്‍വാസികളെ വിളിച്ചുവരുത്തി. തുടര്‍ന്നു ജ്യോതിയെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയെത്തുടര്‍ന്നു പിന്നീട് പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.

പോലീസ് എത്തിയശേഷം പരിശോധനയിലാണു വിനോദ്കുമാറിന്റെ കഴുത്തിലും തലയിലും നെഞ്ചിലുമായി നിരവധി വെട്ടേറ്റതായി കണ്ടത്. ഭാര്യ ജ്യോതിയുടെ കഴുത്തില്‍ രണ്ടു മുറിവുകളുണ്ട്. ഇവര്‍ അപകടനില തരണംചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.

സംഭവസമയം, രണ്ടുപേരും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. ഇവരുടെ മകന്‍ രാഹുല്‍ ബംഗളൂരൂവില്‍ ജോലി ചെയ്യുകയാണ്. ഇവരുടെ വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന കെ.എല്‍7 ഡബ്യു 400 രജിസ്റ്റര്‍ നമ്പറിലുള്ള ഇന്നോവ കാര്‍ കാണാതായിട്ടുണ്ട്. ഇതു പിന്നീട് മാണൂര്‍ ഹൈവേയില്‍ ഉപേക്ഷിച്ച നിലയില്‍ കാണപ്പെട്ടു. 

വീട്ടിലുണ്ടായിരുന്ന മൂന്നുലക്ഷത്തി അമ്പത്തിനാലായിരം രൂപയും നഷ്ടപ്പെട്ടതായി പോലീസ് പറഞ്ഞു. ഗ്യാസ് ഏജന്‍സിയിലെ കളക്ഷന്‍ തുകയാണിത്. 

തിരൂര്‍ ഡിവൈഎസ്പി എന്‍.സി.വേണുഗോപാലിന്റെ നേതൃത്വത്തില്‍ പോലീസ് സംഭവസ്ഥലത്തെത്തി. കോഴിക്കോട് സയന്റിഫിക് അസിസ്റ്റന്റ് സുഹറാ മുഹമ്മദിന്റെ നേതൃത്വത്തിലുള്ള ഫോറന്‍സിക് വിദഗ്ധരും മലപ്പുറത്തുനിന്ന് വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.

വിനോദ്കുമാറും ഭാര്യ ജ്യോതിയും രണ്ടു വര്‍ഷമായി വെണ്ടല്ലൂരില്‍ താമസിച്ചു വരുന്നുണ്ടെങ്കിലും അയല്‍വാസികളുമായി വലിയ അടുപ്പമില്ലാത്തതിനാല്‍ ഇവരുടെ വീട്ടില്‍ ആരും ശ്രദ്ധിക്കാറില്ല.

വ്യാഴാഴ്ച രാത്രി 1.05 ഓടെ ഗ്യാസ് ഏജന്‍സിയിലെ ഒരു സ്റ്റാഫിനെ വിനോദ്കുമാര്‍ വിളിച്ചിരുന്നു. പിന്നീട് ഇയാള്‍ തിരിച്ചുവിളിച്ചെങ്കിലും ഫോണില്‍ കിട്ടിയില്ല. പിന്നീടു രാവിലെയാണു വിനോദ് മരിച്ചു കിടക്കുന്നതായി ഗ്യാസ് ഏജന്‍സിയിലെ ജീവനക്കാര്‍ അറിയുന്നത്.

അതേസമയം, മോഷണമായിരുന്നില്ല കൊലപാതകത്തിനു കാരണമെന്ന പ്രാഥമിക നിഗമനത്തിലാണു പോലീസ്. വാതില്‍ചാരിയ നിലയില്‍ കണ്ടതും ഭാര്യ ജ്യോതിയുടെ മൊഴിയിലെ ചില വൈരുദ്ധ്യവും സംശയത്തിനിടയാക്കിയിട്ടുണ്ട്. കൊലപാതകത്തെക്കുറിച്ചു ചില സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും സത്യാവസ്ഥ ഉടന്‍ പുറത്തുവരുമെന്നും ഡിവൈഎസ്പി എന്‍.സി.വേണുഗോപാല്‍ പറഞ്ഞു.

വളാഞ്ചേരി സിഐ കെ.ജി.സുരേഷ് കുമാര്‍ ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. ശനിയാള്ച പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കും. വളാഞ്ചേരി സിഐയാണ് കേസന്വേഷിക്കുന്നത്.




Keywords: Malappuram News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.