Latest News

ഡോ. എ.പി.ജെ. അബ്ദുള്‍ കലാം സ്മാരക എക്‌സലന്‍സി അവാര്‍ഡ് യഹ്‌യ തളങ്കരക്ക്

കോഴിക്കോട്:[www.malabarflash.com] ഓള്‍ കേരള മാപ്പിള സംഗീത അക്കാഡമിയുടെ ഈ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സാമൂഹിക-സാംസ്‌കാരിക രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ഡോ. എ.പി.ജെ. അബ്ദുള്‍ കലാം സ്മാരക എക്‌സലന്‍സി അവാര്‍ഡിന് യഹ്‌യ തളങ്കരയെ തെരഞ്ഞെടുത്തു. എം.എസ്. ബാബുരാജ് അവാര്‍ഡിന് സംഗീതസംവിധായകന്‍ അഷ്‌റഫ് കുരിക്കളും, മോനിഷ അവാര്‍ഡിന് സിനിമാ-സീരിയല്‍ നടി ലെനയും അര്‍ഹരായതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ജി. ദേവരാജന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരത്തിന് സംവിധായകന്‍ സുനില്‍ ഭാസ്‌കറിനെയും, മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക അവാര്‍ഡിന് ഗായിക അസ്മ കൂട്ടായിയെയും തെരഞ്ഞെടുത്തു. കെ.എം.കെ. വെള്ളയില്‍, ഒ.എം. കരുവാരക്കുണ്ട്, നവാസ് പൂനൂര്‍, അഡ്വ. പി.എം. ഹനീഫ് എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ നിര്‍ണയിച്ചത്.

ഈ മാസം 16ന് വൈകുന്നേരം 6.30ന് കോഴിക്കോട് ടൗണ്‍ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക അക്കാഡമി സെക്രട്ടറി ആസാദ് വണ്ടൂരിനെ ചടങ്ങില്‍ ആദരിക്കും.

മലബാര്‍ കലാമേള വിജയികള്‍ക്കുള്ള സമ്മാനദാനവും ചടങ്ങില്‍ നടക്കും. തുടര്‍ന്ന് വിവിധ കലാപരിപാടികളും ഇശല്‍ നിലാവ് ഗാനമേളയും അരങ്ങേറും.

വാര്‍ത്താസമ്മേളനത്തില്‍ ഓള്‍ കേരള മാപ്പിള സംഗീത അക്കാഡമി പ്രസിഡന്റ് എന്‍.പി. മുഹമ്മദാലി, കെ.എം.കെ. വെള്ളയില്‍, ടി.എം. സലിം, എം.കെ.എ. കോയ, ഉഷാഗോപിനാഥ്, സുബൈദ കല്ലായി എന്നിവര്‍ പങ്കെടുത്തു.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.