Latest News

ഉദുമ തോറ്റത് വോട്ടിനല്ല, സീറ്റിന്

ഉദുമ ഗ്രാമ പഞ്ചായത്തില്‍ ഇടതുപക്ഷത്തിന്റെ ഭരണത്തുടര്‍ച്ചയ്ക്കായ് വോട്ടു ചെയ്യാന്‍ ബുത്തിലെത്തിയത് 9941 പേര്‍. പക്ഷെ 21ല്‍ 10 പേര്‍ മാത്രമേ കരകേറിയുള്ളു. യു.ഡി.എഫിനെ പ്രണയിച്ചവര്‍ കേവലം 8577 പര്‍ മാത്രമെങ്കിലും 11 സീറ്റ് യു.ഡി.എഫിന് സ്വന്തം. യു.ഡി.എഫിന്റെ വിജയം കേവലം സാങ്കേതികം മാത്രമെന്ന് കണക്കുകള്‍ പറയുന്നു.[www.malabarflash.com]
സി.പി.എം തോല്‍വി വാങ്ങിയത് അവരുടെ മെക്കാനിസത്തിന്റ തകരാറു കൊണ്ടു തന്നെയാണെന്ന് ഇത് വ്യക്തമാക്കുന്നു. സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചത് ഏറ്റവും താഴേക്കിടയിലുള്ള ബ്രാഞ്ചുകളുടെ കുടി അംഗീകാരത്തത്തോടെയല്ല. രാഷ്ട്രീയ മേല്‍ക്കോയ്മകളുടെ അടിച്ചേല്‍പ്പിക്കലായിരുന്നു നടന്നത് . ബ്രാഞ്ചു യോഗങ്ങളെ അനുസരിപ്പിക്കുന്ന കാര്യത്തില്‍ പാര്‍ട്ടി ചാര്‍ജ്ജുള്ള കെ.വി.കുഞ്ഞിരാമനും കെ.വി. ബാലകൃഷ്ണനും, മധു മുതിയക്കാലും, അഹമ്മദ് ഷാഫിയും വിജയിച്ചപ്പോള്‍ അമ്പേ പരാജയപ്പെട്ടത് അവര്‍ക്കു വേണ്ടി കുടി ബുത്തിലെത്തിയ 9584 വോട്ടര്‍മാരായിരുന്നു.

18518 പേരാണ് നേരിട്ടുള്ള മല്‍സരത്തില്‍ (ആകെ പോള്‍ ചെയ്ത കണക്കല്ല) പോരടിച്ചപ്പോള്‍ വലതിനു കിട്ടിയത് കേവലം 8577 വോട്ടു മാത്രം. തോറ്റത് വലതാണെങ്കിലും ജയിച്ചവരേക്കാള്‍ 1364വോട്ട് അധികം വാങ്ങിയവരാണ് ഇടതുകാര്‍. 2010ലെ ഗ്രാമ പഞ്ചായത്ത് പരീക്ഷണത്തില്‍ 12 പേരെ വിജയിപ്പിക്കാന്‍ സി.പി.എമ്മിനു 6209 വോട്ടു മാത്രം മതിയായിരുന്നു എന്നിടത്താണ് വോട്ടു വര്‍ദ്ധിച്ചിട്ടും സീറ്റു വര്‍ദ്ധിക്കാതിരുന്നതിലെ അതിശയോക്തി. പാര്‍ട്ടിയുടെ സുപ്രീം കോര്‍ട്ട് - മുതിയക്കാല്‍-, പോലെ ആറാട്ടു കടവ്, ഏരോല്‍, കൊപ്പല്‍, മലാംകുന്ന്, തിരുവക്കോളി എന്നിവിടങ്ങളിലെ പാര്‍ട്ടിയെപ്പോലെ ജന്മം കൊണ്ടു തന്നെ ചുവന്നിരുന്ന ഉദുമയെ കേന്ദ്രീകരിച്ചുളള മേഘലകളില്‍ പ്രതേകിച്ച് പടിഞ്ഞാറ് ആകമാനം (കൊപ്പല്‍ ഒഴികെ) പോയി. ബേവുരിയില്‍ കെട്ടിവെച്ച പണം നഷ്ടപ്പെടുത്തിയതിന്റെ ഉത്തരം ഉത്തരവാദപ്പെട്ടവര്‍ ഏറ്റെടുക്കണം. പഴമക്കാര്‍ ഉണ്ടാക്കി വെച്ച പാര്‍ട്ടി നശിക്കുന്നത് നോക്കി നില്‍ക്കുന്ന നേതാക്കളും പാര്‍ട്ടിയുടെ വര്‍ഗശത്രു തന്നെയാണ്.

പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ മല്‍സരത്തിനു തെരെഞ്ഞെടുക്കുമ്പോള്‍ അടിസ്ഥാന ഘടകങ്ങളില്‍, ബ്രാഞ്ചുകളില്‍ നിന്നും ഉയര്‍ന്നു വന്ന മുറുമുറുപ്പുകള്‍ കണക്കിലെടുക്കാതെ കഴിയുമെങ്കില്‍ നിങ്ങള്‍ വോട്ടു ചെയ്തു തോല്‍പ്പിച്ചോളു , മേല്‍ഘടകം നിശ്ചയിക്കുന്ന സ്ഥാനാര്‍ത്ഥികളെ മാറ്റുന്ന പ്രശ്‌നമില്ലെന്നു അച്ചടക്കത്തിന്റെ വാളുയര്‍ത്തി വെല്ലുവിളി ഉയര്‍ന്നപ്പോള്‍ ബ്ലേഡു വ്യാപാരി വരെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ കയറിക്കൂടി. അഭിപ്രായം പറയാന്‍ അശക്തനായി, പേടിച്ചു പത്തിമടക്കിയ പാര്‍ട്ടി അംഗങ്ങളുടെ, പൊതു സമൂഹത്തിന്റെ വേദനയുണ്ട് ഈ തോല്‍വിയില്‍. ജനം വോട്ടു ചെയ്യാത്ത കാരണത്താലല്ല സി.പി.എം തോറ്റത്. സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ സ്വീകരിച്ച കൈക്കണക്കിലെ പിഴവുകളാണ്. പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറിയോട് വയ്യേങ്കില്‍ വെച്ചു നടക്കാന്‍ പറഞ്ഞ നേതൃത്വത്തിന്റെ ധാര്‍ഷ്ടം വോട്ടായില്ല. 2010ല്‍ 589 വോട്ടു നേടി ജയിച്ച ബേക്കലില്‍ ഇത്തവണ തോറ്റെന്നു മാത്രമല്ല, യന്ത്രത്തില്‍ രേഖപ്പെടുത്തി കണ്ടത് 414 വോട്ടു മാത്രം. സീറ്റു ശംഭുവിനേത്തേടി വലത്തോട്ടു പോയി.

ഉദുമയില്‍ ചാര്‍ജ്ജുള്ള, ഉദുമക്കാരനായ മുന്‍ എം.എല്‍.എ കെ.വി. കുഞ്ഞിരാമന്റെ നിശ്വാസ വായു പരക്കുന്ന വാര്‍ഡാണ് ഒന്നാം വാര്‍ഡായ ബേവൂരി. കെ.വി രാഷ്ട്ട്രീയത്തിന്റെ നിറവും മണവും രുചിച്ചു വളര്‍ന്ന മണ്ണ്. പാര്‍ട്ടിയുടെ ലോക്കല്‍ സെക്രട്ടറി കെ.എ. അഹമ്മദ് ഷാഫിയുടെ ഭാര്യ ഇടതുപക്ഷത്തിനു വേണ്ടി മല്‍സരിച്ചു. കെട്ടിവെച്ച കാശു പോയി. പടിഞ്ഞാറന്‍ തട്ടകങ്ങളില്‍ പാര്‍ട്ടി പിറകോട്ടാണ് സഞ്ചരിക്കുന്നത്. അണികള്‍ ഇപ്പോള്‍ സ്വന്തം നിഴലിനേപ്പോലും ഭയക്കുന്നു. പാര്‍ട്ടിയെ വിശ്വസിക്കുന്നവരുടെ കരണത്തടിക്കുകയായിരുന്നു നേതൃത്വം .

സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ കെടുകാര്യസ്ഥത കാരണം വോട്ടര്‍ സ്ലിപ്പ് കൊടുക്കാന്‍ പോലും പലയിടത്തും ആളുണ്ടായില്ല. തെരെഞ്ഞെടുപ്പ് ഉല്‍സവമാക്കാന്‍ സംഘാടകര്‍ക്കായില്ല. പടിഞ്ഞാറന്‍ മാനത്തെ ചെംചുവപ്പില്‍ പച്ച കലര്‍ന്ന ത്രീമാനമായിരിക്കുന്നു.

എവിടെയാണ് പിഴച്ചത്? തൊഴിലാളി വര്‍ഗ സര്‍വ്വാധിപത്യം സ്വപ്‌നം കണ്ടു വളര്‍ന്നവര്‍ക്ക് കൃഷിഭുമി കിട്ടി, അതുവിറ്റ് കാശാക്കി വിദേശത്തു പോയവര്‍, ദേശാഭിമാനിയോടൊപ്പം ഇതര പത്രങ്ങളും, ചാനലും കാണരുതെന്ന വിലക്കു ലംഘിച്ചവര്‍, പഠിച്ചവര്‍, പഠിക്കുന്നവര്‍ ഇവരൊക്കെ മാര്‍ക്‌സിസത്തെയല്ല, അതിന്റെ നടത്തിപ്പുകാരെ എന്തെ തെറി പറയുന്നു?

കെ.വി. അടക്കമുള്ളവര്‍ ഇതുപോലെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലുടെ യുവജനതയെ സംഘടിപ്പിച്ച് പാര്‍ട്ടിയുടെ വിലമതിക്കാനാവാത്ത ആസ്തിയായ നേതാവാണ്. അവരുടെയൊക്കെ യുവത്വത്തെ രാഷ്ട്രീയം പഠിപ്പിച്ചു വിട്ട മുന്‍ തലമുറ പറഞ്ഞതല്ലെ ഇവര്‍ പ്രവര്‍ത്തിച്ചതും പഠിപ്പിച്ചതും. പുതിയ തലമുറയെ കമ്മ്യൂണിസ്റ്റുകാരായി വളര്‍ത്തി വലുതാക്കാന്‍ ഉത്തരവാദപ്പെട്ട, ബഹുമാന്യനായ ജില്ലാസെക്രട്ടറി സതീഷ് ചന്ദ്രന്‍ മുന്‍.എം.എല്‍.എ, വി.പി.പി. മുസ്തഫ, എം. രാജഗോപാല്‍ തുടങ്ങിയവര്‍ തങ്ങളുടെ തലമുറയെ കമ്മ്യൂണിസ്റ്റുകാരായി വളര്‍ത്തി വലുതാക്കുക എന്ന ഉത്തരവാദിത്വത്തില്‍ നിന്നും പുറകോട്ടു പോയതിന്റെ തിക്താനുഭവങ്ങളാണോ പുതുതലമുറയെ വഴിതെറ്റിച്ചത്?

പാര്‍ട്ടിക്കു വേണ്ടി ജീവന്‍ നല്‍കുന്നവരെയല്ല, പാര്‍ട്ടിയില്‍ ജോലിക്കാരനാകാനാണ് ഇന്ന് നേതൃത്വത്തിലേക്കു സഖാക്കളല്ല, ജനക്കുട്ടം വരുന്നത്. പാര്‍ട്ടി ആഫിസീലെ മൂട്ട കടിക്കുന്ന ബെഞ്ചും ദേശാഭിമാനി വിരിച്ചു കിടന്നു നേരം വെളുപ്പിക്കുന്ന അന്നത്തെ ത്യാഗം ഇന്ന് നമുക്ക് ഏ.സി. കാറിലും മണിമാളികയില്‍ കിടക്കാനവസരമുണ്ടായിട്ടു പോലും അപ്രാപ്യമാണ്.

കടിച്ചു കീറുന്ന, മാനവികതയെ മതം തിന്നു നശിപ്പിക്കുന്ന ഒരു ജനതയുടെ മുന്നില്‍ നിന്നും മനുഷ്യന്റെ ശബ്ദം സംഗീതം പോലെ ആസ്വദിക്കാന്‍ കഴിയുന്ന തലത്തിലേക്ക് നമുക്കുയരേണ്ടതുണ്ട്. അതിനുള്ള മണ്ണ് പ്രാപ്യമാകണം. ആകാശം പ്രശാന്തമാകണം. കടലെടുക്കാന്‍ അനുവദിക്കരുത് ഈ മഹാ പ്രസ്ഥാനത്തെ.
-പ്രതിഭാരാജന്‍




No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.