Latest News

ഡല്‍ഹിയില്‍ ബീഫ് വില്‍പ്പന നിരോധിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ന്യൂഡല്‍ഹി:[www.malabarflash.com] ഡല്‍ഹിയിലും ദേശീയ തലസ്ഥാന മേഖലയിലും പശുവിനെ കൊല്ലുന്നതും ബീഫ് വില്‍പ്പനയും നിരോധിക്കണമെന്ന ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. സ്വാമി സത്യാനന്ദ ചക്രധാരി എന്നയാളാണ് ഹര്‍ജി നല്‍കിയത്. കൂടാതെ, ഗോകുല്‍ ഗ്രാമം എന്ന പേരില്‍ വയസ്സുചെന്ന പശുക്കള്‍, കാളകള്‍ തുടങ്ങിയവയെ പുനരധിവസിപ്പിക്കാന്‍ ഒരു സംവിധാനം ഉണ്ടാക്കണമെന്നു സര്‍ക്കാരിനു നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയിലുണ്ട്.

ജമ്മു കശ്മീരില്‍ നിലവിലുള്ള 1932ലെ രണ്‍ബീര്‍ പീനല്‍ കോഡില്‍ (ആര്‍ബിസി) ഉള്ളതുപോലെ ഒരു നിയമം രൂപീകരിക്കാന്‍ ഡല്‍ഹി സര്‍ക്കാരിനോട് ഉത്തരവിടണം എന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. 10 വര്‍ഷം തടവും പിഴയുമാണ് ഉത്തരവു ലംഘിക്കുന്നവര്‍ക്ക് ആര്‍ബിസി അനുസരിച്ചു ശിക്ഷ. പശുവിനെ കൊല്ലുന്നതും ബിഫ്, ബീഫ് ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയുടെ കയറ്റുമതിയും മൂന്നു മാസത്തിനുള്ളില്‍ നിരോധിക്കണമെന്നും കാട്ടി ഹിമാചല്‍പ്രദേശ് ഹൈക്കോടതി അടുത്തിടെ കേന്ദ്രസര്‍ക്കാരിനു നിര്‍ദേശം നല്‍കിയിരുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു.

പശുക്കള്‍ക്കുവേണ്ടി താമസസ്ഥലവും ഭക്ഷണവും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ നല്‍കുന്നതിനും അവയുടെ പരിപാലനത്തിനായി പ്രത്യേക പദ്ധതികള്‍ രൂപീകരിക്കുന്നതിനും സംസ്ഥാന സര്‍ക്കാരിനു കേന്ദ്രം ഫണ്ട് അനുവദിക്കണമെന്നും ഹിമാചല്‍ പ്രദേശ് ഹൈക്കോടതി നിര്‍ദേശിച്ചതായും ഹര്‍ജിക്കാരന്‍ അവകാശപ്പെട്ടു.




Keywords:National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.