Latest News

കണ്ണൂരില്‍ രാഗേഷിന്റെ പിന്തുണ എല്‍.ഡി.എഫിന്

കണ്ണൂര്‍:[www.malabarflash.com] പുതിയതായി രൂപവത്കരിച്ച കണ്ണൂര്‍ കോര്‍പ്പറേഷന്‍ എല്‍.ഡി.എഫ് ഭരിക്കുമെന്ന് ഉറപ്പായി. കോണ്‍ഗ്രസ് വിമതനായി വിജയിച്ച പി.കെ.രാഗേഷ് എല്‍.ഡി.എഫിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചു. ബുധനാഴ്ച രാവിലെ ഒന്‍പതര വരെ, മന്ത്രി കെ.സി. ജോസഫ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ നടന്ന അനുരഞ്ജന ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് രാഗേഷ് വാര്‍ത്താസമ്മേളനം വിളിച്ച് എല്‍.ഡി.എഫിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചത്.

താന്‍ ഉന്നയിച്ച ആവശ്യങ്ങള്‍ കെ.പി.സി.സി.യും ഡി.സി.സി.യും അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് എല്‍.ഡി.എഫിനെ പിന്തുണയ്ക്കുന്നതെന്ന് രാഗേഷ് പറഞ്ഞു. പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരാതെ തിരഞ്ഞെടുത്ത സുമ ബാലകൃഷ്ണനെ മേയര്‍ സ്ഥാനാര്‍ഥിയുടെ സ്ഥാനത്ത് നിന്ന് മാറ്റുക, പള്ളിക്കുന്ന് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട സംഭവത്തില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ച പള്ളിക്കുന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ എന്നിവര്‍ക്കെതിരെ നടപടി കൈക്കൊള്ളുക, തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട് പള്ളിക്കുന്ന് പഞ്ചായത്ത് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ്, ചിറക്കല്‍ ബ്ലോക്ക് സ്ഥാനാര്‍ഥി എന്നിവരെ മാറ്റുക, ഉറപ്പുള്ള സീറ്റിലെ ഇവരുടെ പരാജയത്തിന്റെ ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കുക, പാര്‍ട്ടി നേതൃത്വം കൊടുക്കുന്ന ചാലാട് ക്ഷേത്രക്കമ്മിറ്റി പുന:സംഘടിപ്പിക്കുക, തന്നെ ഡെപ്യൂട്ടി മേയര്‍ ആക്കുക, ഡി.സി.സി.യില്‍ നിന്ന് പുറത്താക്കിയ ഒന്‍പത് പേരെ തിരിച്ചെടുക്കുക തുടങ്ങിയ ആവശ്യങ്ങളാണ് രാഗേഷ് മുന്നോട്ട് വച്ചത്.

എന്നാല്‍, ഈ ആവശ്യങ്ങള്‍ കെ.പി.സി.സി, ഡി.സി.സി. നേതൃത്വങ്ങള്‍ നിഷ്‌കരുണം തള്ളുകയായിരുന്നുവെന്ന് രാഗേഷ് വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. കണ്ണൂര്‍ ഡി.സി.സി.യില്‍ ഏകാധിപത്യമാണ് നടക്കുന്നതെന്ന് രാഗേഷ് ആരോപിച്ചു. ഇതിനെതിരെയുള്ള ജനവികാരത്തിന്റെ പ്രതിഫലനമാണ് തന്റെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

ആവശ്യങ്ങള്‍ പരിഗണിക്കാന്‍ രാവിലെ എട്ടര മണിവരെ സമയം അനുവദിക്കണമെന്ന് കെ.സി.ജോസഫ്, സതീശന്‍ പാച്ചേനി, സണ്ണി ജോസഫ് എന്നിവര്‍ അടങ്ങുന്ന കെ.പി.സി.സി. നിയോഗിച്ച പ്രത്യേക സമിതി രാഗേഷിനോട് അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍, ഇതില്‍ തീരുമാനമൊന്നുമാകാതിരുന്നതിനെ തുടര്‍ന്നാണ് രാഗേഷ് എല്‍.ഡി.എഫിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചത്.

രാഗേഷ് ഉന്നയിച്ച ആവശ്യങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് മന്ത്രി കെ.സി. ജോസഫ് പറഞ്ഞു. നേരത്തെ സുമ ബാലകൃഷ്ണനെ അംഗീകരിക്കില്ലെന്ന് പറഞ്ഞിരുന്ന രാഗേഷ് പിന്നീട് ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേയ്ക്ക് മുസ്ലിംലീഗ് സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കില്ലെന്നാണ് പറയുന്നത്. സ്റ്റാന്‍ഡിങ് കമ്മിറ്റി സ്ഥാനം നല്‍കാമെന്ന് രാഗേഷിന് വാഗ്ദാനം ചെയ്തിരുന്നുവെന്നും കെ.സി.ജോസഫ് പറഞ്ഞു.

കോര്‍പ്പറേഷനിലെ പഞ്ഞിക്കീല്‍ വാര്‍ഡില്‍ കോണ്‍ഗ്രസ് വിമതനായി മത്സരിച്ച രാഗേഷ് 21 വോട്ടിനാണ് വിജയിച്ചത്.




Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.