Latest News

കാസര്‍കോട് നഗരത്തില്‍ ഓട്ടോഡ്രൈവര്‍ക്ക് കുത്തേറ്റു ഗുരുതരം

കാസര്‍കോട്: [www.malabarflash.com] കെ.എസ്.ആര്‍.ടി.സി ഓട്ടോ റിക്ഷാ സ്റ്റാന്റില്‍ ഡ്രൈവര്‍ക്ക് അജ്ഞാതരുടെ കുത്തേറ്റു. ചൂരി ബട്ടംപാറയിലെ ഐത്തപ്പ പൂജാരിയുടെ മകന്‍ സന്ദീപി (34)നാണ് കുത്തേറ്റത്. സന്ദീപിനെ അതീവ ഗുരുതര നിലയില്‍ മംഗളുരുവിലെ ആശുപത്രിയല്‍ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം. കുത്തേറ്റ് പ്രാണനും കൊണ്ടോടിയ യുവാവ് കെഎസ്ആര്‍ടി ബസ് സ്റ്റാന്‍ഡില്‍ ചെന്ന് വീഴുകയായിരുന്നു. ബസ് സ്റ്റാന്‍ഡിലെ സെക്യൂരിറ്റി ജീവനക്കാരന്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് എത്തിയാണ് സന്ദീപിനെ ആദ്യം കാസര്‍കോട്ടെ ആശുപത്രിയിലും തുടര്‍ന്ന് മംഗളുരുവിലേക്കും കൊണ്ടുപോയത്. സംഭവം നടക്കുമ്പോള്‍ സ്റ്റാന്റില്‍ സന്ദീപിന്റെ കെ.എല്‍ 14 എന്‍ 7201 നമ്പര്‍ ഓട്ടോ മാത്രമായിരുന്നു ഉണ്ടായിരുന്നത്. കാലിനും വയറ്റിലും കഴുത്തിലുമാണ് കുത്തേറ്റത്. കഴുത്തിലെ ഞരമ്പിന് മാരകമായ മുറിവുണ്ട്.

കൊല്ലൂരില്‍ നിന്ന് കൊട്ടാരക്കരയിലേക്കുള്ള ദീര്‍ഘദൂര ബസ് പോയതിന് ശേഷമാണ് സംഭവം. ഈ ബസില്‍ നിന്നിറങ്ങിയ യാത്രക്കാര്‍ മറ്റു രണ്ടു ഓട്ടോയില്‍ പോയിരുന്നു. സന്ദീപ് തന്റെ ഓട്ടോയില്‍ കിടന്നുറങ്ങുമ്പോഴാണ് ആക്രമണമുണ്ടായത്.

സന്ദീപിന്റെ പിതാവ് ഐത്തപ്പ പൂജാരി കറന്തക്കാട് അശ്വിനി നഗറിലെ ബാങ്കില്‍ സെക്യൂരിറ്റി ജീവനക്കാരനാണ്. ബട്ടംപാറയിലെ വീട് പൊളിച്ചതിനാല്‍ സന്ദീപും കുടുംബവും ഇപ്പോള്‍ ചൂരിയിലെ വാടക വീട്ടിലാണ് താമസം. വിവാഹിതനായ സന്ദീപിന് ഭാര്യയും മൂന്ന് മക്കളുമുണ്ട്. സന്ദീപിനെ കുത്തിയതിന് പിന്നിലെ കാരണങ്ങള്‍ വ്യക്തമല്ല.

വിവരമറിഞ്ഞ് ജില്ലാ പോലീസ് മേധാവി ഡോ. എ ശ്രീനിവാസ്, കാസര്‍കോട് ഡി.വൈ.എസ്.പി സുകുമാരന്‍, കാസര്‍കോട് സി.ഐ പി.കെ സുധാകരന്‍ എന്നിവരുടെ നേതൃത്വത്തില്‍ പുലര്‍ച്ചെ തന്നെ സംഭവ സ്ഥലം സന്ദര്‍ശിച്ചു. പ്രതികള്‍ക്ക് വേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.