Latest News

പ്രവാസിവ്യവസായിയുടെ വീട് കുത്തിപ്പൊളിച്ച് 500 പവന്‍ കവര്‍ന്ന പ്രതികള്‍ നേപ്പാളില്‍ പിടിയില്‍

തൃശൂര്‍:[www.malabarflash.com] വടക്കേക്കാട് പ്രവാസിവ്യവസായി തടാകം കുഞ്ഞുമുഹമ്മദ് ഹാജിയുടെ വീട്ടില്‍നിന്ന് വീട് കുത്തിപ്പൊളിച്ച് 500 പവന്‍ സ്വര്‍ണവും പണവും കവര്‍ച്ചചെയ്ത സംഭവത്തില്‍ നേപ്പാളികളായ രണ്ടുപേരെ കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം നേപ്പാളില്‍വച്ച് അറസ്റ്റ്‌ചെയ്തു. മൂന്നുപേരെ പിടികൂടാനുണ്ട്.

നേപ്പാള്‍ കഞ്ചന്‍പൂര്‍ ജില്ലയിലെ ഗുലേറിയ മൊവ്വാപ്പട്ടട ശാന്തി ടോളില്‍ ലീലാധര്‍ ഓജെ(32), കൃഷ്ണപൂര്‍ മൂന്നാംവാര്‍ഡില്‍ ദീപക് ഭണ്ഡാരി(37) എന്നിവരാണ് അറസ്റ്റിലായത്. കേസിലെ നാല്, അഞ്ച് പ്രതികളാണിവര്‍.

നേപ്പാള്‍ സ്വദേശികളായ കൊയിലാളി ജില്ലയില്‍ അഠാരിയില്‍ ഷൈല എന്നും ഗംഗം എന്നും വിളിക്കുന്ന ഗോബന്ദ് ഖത്രി(28), നേപ്പാള്‍ മസൂറിയ സ്വദേശി ചുഡ്കി എന്ന ഭണ്ഡാരി(35), നേപ്പാള്‍ കൊയിലാളി അഠാരി സ്വദേശി ബഹദൂര്‍ എന്നും രാഹുല്‍ എന്നും വിളിക്കുന്ന രാംബഹദൂര്‍ ഖത്രി (25) എന്നിവരെയാണ് ഇനി പിടികൂടാനുള്ളത്.

അറസ്റ്റിലായ ലളിത് കുന്നംകുളം ചിറയ്ക്കല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ സെക്യൂരിറ്റി ജീവനക്കാരനാണ്. ദീപക് കഴിഞ്ഞ രണ്ടുവര്‍ഷമായി ടി.എം.കെ ഓഡിറ്റോറിയത്തില്‍ ക്ലീനര്‍ കം സെക്യൂരിറ്റി ജീവനക്കാരനായി ജോലി നോക്കുകയാണ്.അഡ്മിനിസ്‌ട്രേഷന്‍ ഡിവൈഎസ്പി കെ.കെ.സുദര്‍ശന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം നേപ്പാളിലെത്തിയാണ് ഇവരെ കണെ്ടത്തിയത്. അറസ്റ്റിലായവര്‍ ഇപ്പോള്‍ നേപ്പാള്‍ പോലീസിന്റെ കസ്റ്റഡിയിലാണ്. കുറ്റകൃത്യം നടത്തിയ കേസില്‍ പ്രതികളെ പരസ്പരം കൈമാറുന്നതിന് ഇന്ത്യ-നേപ്പാള്‍ നിയമം അനുവദിക്കാത്തതിനാല്‍ നേപ്പാളില്‍ എത്തിയ കേരള പോലീസിനു പ്രതികളെ ഇന്ത്യയിലേക്കു കൂട്ടിക്കൊണ്ടുവരാന്‍ സാധിച്ചിട്ടില്ല.

ഒരുമാസം മുമ്പാണ് വടക്കേക്കാട് പൂട്ടിക്കിടന്ന വീട്ടില്‍ കവര്‍ച്ച നടന്നത്. അകത്തു ലോക്കറില്‍ സൂക്ഷിച്ചിരുന്ന പഴയകാല സ്വര്‍ണാഭരണങ്ങള്‍ ഉള്‍പ്പടെ അഞ്ഞൂറു പവനാണ് മോഷണം പോയത്. വീട്ടുകാരെല്ലാവരും വിദേശത്തായിരുന്നു.

ഔട്ട് ഹൗസില്‍ താമസിച്ചിരുന്ന ജോലിക്കാര്‍ പിറ്റേദിവസം എത്തിയപ്പോഴാണ് വിവരമറിഞ്ഞത്. മേഖല കേന്ദ്രീകരിച്ച് വിശദമായി അന്വേഷണം നടത്തിയെങ്കിലും തുടക്കത്തില്‍ തുമ്പൊന്നുംതന്നെ ലഭിച്ചിരുന്നില്ല. പിന്നീടാണ് അന്വേഷണം അന്യസംസ്ഥാന തൊഴിലാളികളിലേക്കു നീണ്ടത്.

ഈ മേഖലയില്‍ മുമ്പ് ജോലിചെയ്തിരുന്ന നേപ്പാളികളായ രണ്ടുപേരുടെ നേതൃത്വത്തിലാണ് മോഷണത്തിന്റെ ആസൂത്രണം നടന്നത്.

പോലീസ് അന്വേഷണസംഘം നേപ്പാളിലെത്തി ഒരാഴ്ച ഇവിടെ തങ്ങിയാണ് പ്രതികളെ വലയിലാക്കിയത്. പിന്നീട് നേപ്പാള്‍ പോലീസിന്റെ സഹകരണത്തോടെ അറസ്റ്റുചെയ്യുകയായിരുന്നു.

ചാവക്കാട് സിഐ കെ.ജെ.ജോണ്‍സണ്‍, എസ്‌ഐമാരായ എം.കെ.രമേഷ്, റെനീഷ്, എം.പി.മുഹമ്മദ് റാഫി, എഎസ്‌ഐമാരായ കെ.എ.മുഹമ്മദ് അഷ്‌റഫ്, സിപിഒമാരായ സുനില്‍, എം.സുരേന്ദ്രന്‍, ഹബീബ്, സുദേവ്, ലിജു, സൂരജ് വി ദേവ്, കെ.മനോജ് കുമാര്‍, എ.കെ.ജിജോ, മനോജ് സരിന്‍ എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് കേസന്വേഷിച്ചത്.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.